Friday, April 20, 2012

മനുഷ്യസാഗരം ചരിത്രസംഭവമാക്കണം


കേരള ഫിഷറീസ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28ന് വൈകിട്ട് നടക്കാനിരിക്കുന്ന മനുഷ്യസാഗരം പരിപാടി ചരിത്രസംഭവമായി മാറേണ്ടതുണ്ട്. കേരളത്തിലെ എല്ലാ മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും അവരെ സ്നേഹിക്കുന്ന മറ്റു ജനവിഭാഗങ്ങളും മനുഷ്യസാഗരത്തില്‍ അണിനിരക്കാനുള്ള തയ്യാറെടുപ്പിലാണ്. തിരമാലകളോട് മല്ലിട്ട് ജീവന്‍ പണയംവച്ച് കഠിനാധ്വാനംചെയ്ത് മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്നവരാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ അതിപ്രധാനമായ ഒന്നാണ് മത്സ്യബന്ധനവും അതില്‍നിന്നുള്ള വരുമാനവും. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണത്.

നിര്‍ഭാഗ്യവശാല്‍ മനുഷ്യനിര്‍മിതമായ പല പ്രതിബന്ധങ്ങളും അവര്‍ നേരിടാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. കാറ്റിലും കോളിലുംപെട്ട് വള്ളം മറിഞ്ഞും മറ്റുതരത്തിലും മരണം സംഭവിക്കാറുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ ചില ആശ്വാസനടപടികളൊക്കെ സര്‍ക്കാര്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍, അതുകൊണ്ടൊന്നും അവരുടെ വേദന അകറ്റാന്‍ കഴിയുന്നതല്ല. ബോട്ടില്‍ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികള്‍ക്കുനേരെ ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയുതിര്‍ത്ത് രണ്ടു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടാനിടയായി. ഒരു രക്ഷാപ്രവര്‍ത്തനവും നടത്താതെ മനുഷ്യത്വപരമായ ഒരു പെരുമാറ്റവും ഇല്ലാതെ കപ്പലിലുള്ളവര്‍ രക്ഷപ്പെടുകയാണുണ്ടായത്. തുടര്‍ന്നും മറ്റൊരു കപ്പലില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ വെടിവയ്ക്കുകയുണ്ടായി. അതിവിചിത്രമായ ഒരു കാര്യം ഇറ്റാലിയന്‍ കപ്പലിലുള്ളവരെ രക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറായതെന്നതാണ്. വെടിയേറ്റ് മരിച്ചവരുടെ ഭാഗത്തല്ല, വെടിവച്ചുകൊന്നവരുടെ ഭാഗത്താണ് കേന്ദ്രസര്‍ക്കാരെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.

ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലിനും രക്ഷ വേണമെന്ന ആവശ്യമാണ് തൊഴിലാളിസംഘടനകള്‍ ഉന്നയിച്ചിരിക്കുന്നത്. മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ തൊഴിലാളിസംഘടനകളും തികഞ്ഞ യോജിപ്പോടെയാണ് മനുഷ്യസാഗരം തീര്‍ക്കുന്ന സമരത്തിന് ആഹ്വാനം ചെയ്തത്. മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബഹുജനങ്ങള്‍ക്കുമൊപ്പം രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ട്രേഡ്യൂണിയന്‍ നേതാക്കളും മതമേലധ്യക്ഷരും അണിചേരും. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് തികഞ്ഞ ഐക്യത്തോടെ നടക്കുന്ന ഈ പരിപാടി വിജയിപ്പിക്കാന്‍ നല്ലവരായ എല്ലാ മനുഷ്യസ്നേഹികളും അണിനിരക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

deshabhimani editorial 210412

1 comment:

  1. കേരള ഫിഷറീസ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28ന് വൈകിട്ട് നടക്കാനിരിക്കുന്ന മനുഷ്യസാഗരം പരിപാടി ചരിത്രസംഭവമായി മാറേണ്ടതുണ്ട്. കേരളത്തിലെ എല്ലാ മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും അവരെ സ്നേഹിക്കുന്ന മറ്റു ജനവിഭാഗങ്ങളും മനുഷ്യസാഗരത്തില്‍ അണിനിരക്കാനുള്ള തയ്യാറെടുപ്പിലാണ്. തിരമാലകളോട് മല്ലിട്ട് ജീവന്‍ പണയംവച്ച് കഠിനാധ്വാനംചെയ്ത് മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്നവരാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ അതിപ്രധാനമായ ഒന്നാണ് മത്സ്യബന്ധനവും അതില്‍നിന്നുള്ള വരുമാനവും. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണത്.

    ReplyDelete