Tuesday, April 24, 2012

സര്‍വകലാശാല ഭൂമി തങ്ങള്‍ക്കും ലീഗ് മന്ത്രിബന്ധുക്കള്‍ക്കും


കലിക്കറ്റ് സര്‍വകലാശാലയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി കടലാസുസംഘങ്ങള്‍ക്ക് ദാനം ചെയ്യുന്നതിലെ വന്‍ തട്ടിപ്പ് പുറത്തായി. വിവിധ ട്രസ്റ്റുകളുടെ മറവില്‍ മുസ്ലിംലീഗ് നേതാക്കള്‍ക്കും കച്ചവടക്കാര്‍ക്കും ധൃതിപിടിച്ച് ഭൂമി കൈമാറുന്നതിന് പിന്നില്‍ വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാമിന്റെ ഒത്താശയോടെ വന്‍ ഗൂഢാലോചനയാണ് നടന്നത്. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളും മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയുടെയും എം കെ മുനീറിന്റെയും അടുത്ത ബന്ധുക്കളും നേതൃത്വം നല്‍കുന്ന ട്രസ്റ്റുകള്‍ക്കാണ് ദേശീയ പാതയോരത്തെ ഏക്കര്‍ കണക്കിന് ഭൂമി സൗജന്യമായി നല്‍കാന്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ച് തടിയൂരാനുള്ള ശ്രമത്തിലാണ് സിന്‍ഡിക്കേറ്റ്.

ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് മന്ത്രിമാരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകള്‍ നല്‍കിയ അപേക്ഷയിലാണ് സിന്‍ഡിക്കേറ്റിന്റെ വിവാദ തീരുമാനം. ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് പത്ത് ഏക്കര്‍, മന്ത്രി മുനീറിന്റെ സഹോദരീഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കേരള ഒളിമ്പിക് അസോസിയേഷന്‍ കോഴിക്കോട് ഘടകത്തിന് 25 ഏക്കര്‍, മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കെ കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കര്‍ എന്നിങ്ങനെയാണ് കൈമാറുന്നത്. സി എച്ച് മുഹമ്മദ്കോയ ചെയറിനുവേണ്ടി 10 ഏക്കര്‍ ഭൂമി കൈമാറാന്‍ നേരത്തെ നീക്കമുണ്ടായിരുന്നു. എന്നാല്‍ ചെയറുകള്‍ക്ക് 20 സെന്റില്‍ കൂടുതല്‍ ഭൂമി നല്‍കാനാവാത്തതിനാല്‍ മറ്റൊരു കടലാസ് സംഘടനയുണ്ടാക്കി. തുടര്‍ന്ന് സി എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റി എന്ന സ്ഥാപനത്തിന് ഭൂമി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി മൂന്നിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രേസ് എഡ്യൂക്കേഷണല്‍ അസോസിയേഷനാണ് അപേക്ഷ നല്‍കിയത്. ഇതിന്റെ ഭാരവാഹികളെല്ലാം ലീഗിന്റെ പ്രാദേശിക നേതാക്കളാണ്. ഈ സംഘടനക്ക് ഭൂമി അനുവദിക്കാന്‍ ലീഗ് മന്ത്രി നേരിട്ട് ഇടപെട്ടതായാണ് വിവരം. ചെയറിന് ഭൂമി നല്‍കുന്നത് കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ശക്തമായി എതിര്‍ത്തിട്ടും അവരുടെ വിയോജനക്കുറിപ്പോടെ ഭൂമി നല്‍കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.

കോണ്‍ഗ്രസ് അംഗങ്ങളായ ആര്‍ എസ് പണിക്കര്‍, ജി സി പ്രശാന്ത്കുമാര്‍ എന്നിവരാണ് തീരുമാനത്തെ എതിര്‍ത്തത്. കലിക്കറ്റ് സര്‍വകലാശാലയില്‍ കായിക സമുച്ചയം പണിയാന്‍ 50 ഏക്കര്‍ ആവശ്യപ്പെട്ടാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ കോഴിക്കോട് ഘടകം സര്‍വകലാശാലയ്ക്ക് കത്ത് നല്‍കിയത്. അപേക്ഷ പരിഗണിച്ച് 25 ഏക്കര്‍ ഭൂമി അനുവദിക്കാനായിരുന്നു നീക്കം. സ്വന്തമായി ഓഫീസോ ഫണ്ടോ ഇല്ലാത്ത അസോസിയേഷനെയാണ് 92.5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ പങ്കാളിയാക്കിയത്. കോഴിക്കോട് ആസ്ഥാനമായുള്ള കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കര്‍ ഭൂമിയാണ് കൈമാറുന്നത്. കഴിഞ്ഞ 31ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്. സര്‍വകലാശാലയില്‍ ആരംഭിക്കുന്ന കായിക സമുച്ചയ പദ്ധതിയില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് ഉണ്ടെന്നിരിക്കെയാണ് മറ്റൊരു കോര്‍ട്ട് നിര്‍മിക്കാന്‍ ഭൂമി നല്‍കുന്നത്. ലീഗ് ഭരിക്കുന്ന പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയും, സര്‍വകലാശാലയുടെ ഒരേക്കര്‍ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതും പരിഗണനയിലാണ്. സര്‍വകലാശാലയിലെ ലീഗ് അനുകൂല സര്‍വീസ് സംഘടനയുടെ കീഴിലുള്ള സഹകരണ സൊസൈറ്റിക്ക് 20 സെന്റ് ഭൂമി നല്‍കാനും സിന്‍ഡിക്കേറ്റ് അടുത്തിടെ തീരുമാനിച്ചിരുന്നു.
(സി പ്രജോഷ്കുമാര്‍)

കലിക്കറ്റ് സര്‍വകലാശാല ഭൂമിദാനം റദ്ദാക്കണം: വി എസ്

കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി സ്വകാര്യ ട്രസ്റ്റുകള്‍ക്കും സമുദായ സംഘടനകള്‍ക്കും പതിച്ചുനല്‍കിയ നടപടി ചാന്‍സലറായ ഗവര്‍ണര്‍ ഇടപെട്ട് ഉടന്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലയുടെ സ്വത്ത് അന്യാധീനപ്പെടുത്തുകയും യൂണിവേഴ്സിറ്റിയില്‍ സ്വകാര്യവല്‍ക്കരണത്തിന് ശ്രമിക്കുകയുംചെയ്യുന്ന വൈസ് ചാന്‍സലറെയും സിന്‍ഡിക്കറ്റിനെയും പുറത്താക്കണം. വിസിയുടെയും നോമിനേറ്റഡ് സിന്‍ഡിക്കറ്റിന്റെയും ചെയ്തികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ വി എസ് പറഞ്ഞു. വാഴ്സിറ്റിയുടെ പത്തേക്കര്‍ ഭൂമി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന് നല്‍കി. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവായ ഡോ. കെ കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള സംഘടനയ്ക്ക് ബാഡ്മിന്റണ്‍ കോര്‍ട്ടുണ്ടാക്കാന്‍ ദേശീയപാതയോരത്ത് മൂന്നേക്കര്‍ നല്‍കി. മന്ത്രി എം കെ മുനീറിന്റെ ബന്ധുവായ പി എ ഹംസ ഭാരവാഹിയായ ഒളിമ്പിക് അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് മുപ്പതേക്കറാണ് നല്‍കുന്നത്. സര്‍വകലാശാലാ സ്ഥലം ആര്‍ക്കും കൈമാറരുതെന്ന മുന്‍ സിന്‍ഡിക്കറ്റിന്റെ തീരുമാനം ലംഘിച്ചാണ് ഈ നടപടികള്‍.

ഇതിനെ ചോദ്യംചെയ്യുന്നവരെ കടുത്ത ശിക്ഷാനടപടിക്ക് ഇരയാക്കുന്നു. തനിക്ക് വധഭീഷണിയുണ്ടെന്നു പറഞ്ഞ് വൈസ് ചാന്‍സലര്‍ ഹൈക്കോടതിയില്‍നിന്ന് യൂണിവേഴ്സിറ്റി പരിസരത്ത് സമരങ്ങള്‍ തടയുന്നതിനുള്ള ഉത്തരവ് സമ്പാദിച്ചു. ആ ഇടക്കാല ഉത്തരവിന്റെ മറവില്‍ യൂണിവേഴ്സിറ്റിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പോസ്റ്റര്‍ പ്രചാരണവും ജാഥയും സാംസ്കാരിക പരിപാടിയും നിരോധിച്ചു. പ്രതിഷേധിക്കുന്നവരെ സസ്പെന്‍ഡ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്യുന്നു. ക്യാമ്പസില്‍ സാംസ്കാരിക പ്രഭാഷണം നടത്താന്‍ ഡോ. കെ എന്‍ പണിക്കര്‍ക്ക് അനുമതി നിഷേധിച്ചു. ഫെബ്രുവരി 28ന്റെ അഖിലേന്ത്യാ പണിമുടക്ക് പ്രചാരണയോഗം നടത്തിയതിന് 138 പേരെ വിസി താക്കീത് ചെയ്തു. അധ്യാപകനായ ഡോ. കെ എം അനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇക്കാര്യത്തിലെല്ലാം ഫാസിസ്റ്റ് സമീപനമാണ് വിസി സ്വീകരിക്കുന്നത്.

മാര്‍ച്ച് 27ന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം 36 സ്വാശ്രയ കോളേജുകള്‍ക്ക് അനുമതി നല്‍കി. ഒരു വിഭാഗത്തില്‍പ്പെട്ട ട്രസ്റ്റുകളോ സൊസൈറ്റികളോ ആണ് ഇതില്‍ 28 എണ്ണത്തിന്റെയും പിന്നിലെന്ന്ആരോപണമുയര്‍ന്നിട്ടുണ്ട്. ജനാധിപത്യപരമായി സെനറ്റും സിന്‍ഡിക്കറ്റും തെരഞ്ഞെടുക്കാന്‍ ചാന്‍സലര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വി എസ് കത്തില്‍ അഭ്യര്‍ഥിച്ചു.

ഭൂമിദാനം: പ്രതിഷേധം കത്തുന്നു

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലാ ഭരണകാര്യാലത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറുടെ കോലം കത്തിച്ചു. സമരത്തെ തുടര്‍ന്ന് സംസ്ഥാന നേതാക്കളുള്‍പ്പെടെ 14 എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍വകലാശാലാഭൂമി സ്വകാര്യ ട്രസ്റ്റുകള്‍ക്ക് വെട്ടിമുറിച്ച് നല്‍കുന്നത് അവസാനിപ്പിക്കുക, അനധികൃതമായി സര്‍ക്കാര്‍ ഭൂമി വിതരണം ചെയ്യുന്ന വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും രാജിവയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.

തിങ്കളാഴ്ച പകല്‍ 12.30-ഓടെ സര്‍വകലാശാലാ സ്റ്റുഡന്റ്സ് ട്രാപ്പില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ കനത്ത പൊലീസ് കാവലിന്റെ കണ്ണുവെട്ടിച്ച് വൈസ് ചാന്‍സലറുടെ കോലവുമേന്തി ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. തുടര്‍ന്ന് മുദ്രാവാക്യം വിളികളോടെ വൈസ് ചാന്‍സലറുടെ കോലം കത്തിച്ചു. ഇതേതുടര്‍ന്ന് തിരൂരങ്ങാടി സിഐ എ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം സ്ഥലത്തെത്തി വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 14 എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് മര്‍ദിച്ചു. വിദ്യാര്‍ഥിനികളെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് കെ സജീഷ്, സംസ്ഥാന സെക്രട്ടറിയറ്റംഗവും യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ കെ റഫീഖ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ വി സജ്നേഷ്, വി കെ കിരണ്‍രാജ്, പി ജിജി, യൂണിവേഴ്സിറ്റി യൂണിയന്‍ ജോ. സെക്രട്ടറി കെ ആതിര, എം എം ജിജേഷ്, സുഗേഷ് രാജ്, ടി പി സര്‍ജില്‍, എന്‍ സിജിന്‍, ലിന്റോ ജോസഫ്, എം കെ മുഹമ്മദ് ഇജാസ്, സി അഞ്ജുമോന്‍, പി ഷഫീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് തടയാന്‍ തിങ്കളാഴ്ച രാവിലെതന്നെ തിരൂരങ്ങാടി സിഐ എ ഉമേഷ്, തിരൂരങ്ങാടി എസ്ഐ വി ശിവദാസന്‍, തേഞ്ഞിപ്പലം എസ്ഐ കെ നടരാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം ക്യാമ്പസിലെത്തിയിരുന്നു. പൊലീസിന്റെ നീക്കം മനസ്സിലാക്കിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളില്‍ സംഘടിച്ചാണ് മാര്‍ച്ച് നടത്തി വൈസ് ചാന്‍സലറുടെ കോലം കത്തിച്ചത്.

deshabhimani 240412

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി കടലാസുസംഘങ്ങള്‍ക്ക് ദാനം ചെയ്യുന്നതിലെ വന്‍ തട്ടിപ്പ് പുറത്തായി. വിവിധ ട്രസ്റ്റുകളുടെ മറവില്‍ മുസ്ലിംലീഗ് നേതാക്കള്‍ക്കും കച്ചവടക്കാര്‍ക്കും ധൃതിപിടിച്ച് ഭൂമി കൈമാറുന്നതിന് പിന്നില്‍ വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാമിന്റെ ഒത്താശയോടെ വന്‍ ഗൂഢാലോചനയാണ് നടന്നത്.

    ReplyDelete