Tuesday, April 24, 2012

ഭൂമിദാനം: സര്‍ക്കാരിന് വിജിലന്‍സ് കോടതി നോട്ടീസയച്ചു


കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി സ്വകാര്യട്രസ്റ്റിന് കൈമാറിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസയക്കാന്‍ കോടതി ഉത്തരവിട്ടു. അടുത്ത മാസം അഞ്ചിന് പരിഗണിക്കും. തൃശൂര്‍ സ്വദേശി പി ഡി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി കുഞ്ഞാലിക്കുട്ടി, വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാം എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് മന്ത്രിമാരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകള്‍ നല്‍കിയ അപേക്ഷയിലാണ് സിന്‍ഡിക്കേറ്റിന്റെ വിവാദ തീരുമാനം. ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് പത്ത് ഏക്കര്‍, മന്ത്രി മുനീറിന്റെ സഹോദരീഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കേരള ഒളിമ്പിക് അസോസിയേഷന്‍ കോഴിക്കോട് ഘടകത്തിന് 25 ഏക്കര്‍, മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കെ കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കര്‍ എന്നിങ്ങനെയാണ് കൈമാറുന്നത്.

സി എച്ച് മുഹമ്മദ്കോയ ചെയറിനുവേണ്ടി 10 ഏക്കര്‍ ഭൂമി കൈമാറാന്‍ നേരത്തെ നീക്കമുണ്ടായിരുന്നു. എന്നാല്‍ ചെയറുകള്‍ക്ക് 20 സെന്റില്‍ കൂടുതല്‍ ഭൂമി നല്‍കാനാവാത്തതിനാല്‍ മറ്റൊരു കടലാസ് സംഘടനയുണ്ടാക്കി. തുടര്‍ന്ന് സി എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റി എന്ന സ്ഥാപനത്തിന് ഭൂമി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി മൂന്നിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രേസ് എഡ്യൂക്കേഷണല്‍ അസോസിയേഷനാണ് അപേക്ഷ നല്‍കിയത്. ഇതിന്റെ ഭാരവാഹികളെല്ലാം ലീഗിന്റെ പ്രാദേശിക നേതാക്കളാണ്. ഈ സംഘടനക്ക് ഭൂമി അനുവദിക്കാന്‍ ലീഗ് മന്ത്രി നേരിട്ട് ഇടപെട്ടതായാണ് വിവരം. ചെയറിന് ഭൂമി നല്‍കുന്നത് കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ശക്തമായി എതിര്‍ത്തിട്ടും അവരുടെ വിയോജനക്കുറിപ്പോടെ ഭൂമി നല്‍കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.

deshabhimani news

2 comments:

  1. കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി സ്വകാര്യട്രസ്റ്റിന് കൈമാറിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസയക്കാന്‍ കോടതി ഉത്തരവിട്ടു. അടുത്ത മാസം അഞ്ചിന് പരിഗണിക്കും. തൃശൂര്‍ സ്വദേശി പി ഡി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി കുഞ്ഞാലിക്കുട്ടി, വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാം എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

    ReplyDelete
  2. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭൂമി സ്വകാര്യ ട്രസ്റ്റുകള്‍ക്ക് നല്‍കാനുള്ള തീരുമാനം റദ്ദാക്കി. സര്‍വ്വകലാശാല സിന്റിക്കേറ്റാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സര്‍വ്വകലാശാല ഭൂമി സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കൈമാറാനുള്ള സിന്റിക്കേറ്റ് തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേര്‍ന്ന് സിന്റിക്കേറ്റ് വിവാദ തീരുമാനം റദ്ദാക്കിയത്. മുസ്ലീംലീഗ് നേതാക്കളുടെ ബന്ധുക്കള്‍ തലപ്പത്തുള്ള ട്രസ്റ്റുകള്‍ക്ക് സര്‍വ്വകലാശാലയുടെ 40 ഏക്കറോളം ഭൂമി നല്‍കാനുള്ള തീരുമാനമാണ് വിവാദമായത്.

    ReplyDelete