Tuesday, April 24, 2012

സെന്‍ട്രല്‍ ജയിലിലെ ഫോട്ടോയെടുപ്പ്: അന്വേഷണമില്ലെന്ന് സര്‍ക്കാര്‍



പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ സൈനികരെ സന്ദര്‍ശിക്കാനെത്തിയ ബന്ധുക്കള്‍ക്കൊപ്പം വിദേശമാധ്യമ പ്രവര്‍ത്തകരെ ഫോട്ടോയെടുക്കാന്‍ അനുവദിച്ച സംഭവത്തെപ്പറ്റി അന്വേഷിക്കേണ്ടെന്ന് സര്‍ക്കാര്‍. ഗുരുതരമായ ചട്ടലംഘനമായിട്ടും സംഭവത്തെ ന്യായീകരിക്കുന്ന നിലപാടുമായി ജയില്‍ വകുപ്പ് ഉന്നതര്‍തന്നെ രംഗത്തു വന്നു. സംഭവത്തെപ്പറ്റി ഒരു തരത്തിലുള്ള അന്വേഷണമോ ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെടലോ ഉണ്ടാകരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ജയില്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നാവികരെ ബന്ധുക്കള്‍ ജയിലില്‍ കെട്ടിപ്പിടിക്കുന്ന ചിത്രമടക്കമുള്ളവ വിദേശ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയിരുന്നു. ഇവ ഇറ്റലിയിലെയും ഇന്ത്യയിലേയും പ്രമുഖ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മാധ്യമഫോട്ടോഗ്രാഫറെ തങ്ങള്‍ കടത്തിവിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്. നാവികരുടെ ബന്ധുക്കള്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രമാകാം പുറത്തുവന്നതെന്നും അതിന് തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. ജയില്‍ സൂപ്രണ്ടിന്റെ സമീപത്തുള്ള മുറിയിലുള്ള രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രമെടുത്തതിനെപ്പറ്റി അന്വേഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറ്റാലിയന്‍ സംഘം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വിദേശ മാധ്യമഫോട്ടോഗ്രാഫറെ ജയില്‍ അധികൃതര്‍ കടത്തിവിടുകയായിരുന്നെന്ന സത്യം മറച്ചുവച്ചാണ് എഡിജിപിയുടെ വിശദീകരണം. മറ്റ് മാധ്യമപ്രവര്‍ത്തകരെയെല്ലാം തടഞ്ഞശേഷം വിദേശ ഫോട്ടോഗ്രാഫറെ കടത്തിവിടുകയാരുന്നു. ഇറ്റലിയുടെ ക്ഷണപ്രകാരം എത്തിയ വിദേശഫോട്ടോഗ്രാഫറെ കടത്തിവിടണമെന്ന് സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശവുമുണ്ടായിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ ഓഫീസടക്കമുള്ള പ്രദേശങ്ങള്‍ ഫോട്ടോഗ്രാഫി നിരോധിത മേഖലയാണ്. ഇവിടെ ചട്ടലംഘനം നടത്താന്‍ ഇറ്റാലിയന്‍ സംഘത്തിനും വിദേശ മാധ്യമഫോട്ടോഗ്രാഫര്‍ക്കും അവസരം നല്‍കിയത് കുറ്റകരമായ നിയമലംഘനവുമാണ്. ജയിലിന്റെയും ജയില്‍ പരിസരങ്ങളുടെയും ചിത്രങ്ങളും പകര്‍ത്തിയിട്ടുണ്ട്. ഇതിനെല്ലാം ജയില്‍ ഉദ്യോഗസ്ഥര്‍ സാക്ഷികളായി നില്‍ക്കുകയായിരുന്നു.

deshabhimani 240412

1 comment:

  1. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ സൈനികരെ സന്ദര്‍ശിക്കാനെത്തിയ ബന്ധുക്കള്‍ക്കൊപ്പം വിദേശമാധ്യമ പ്രവര്‍ത്തകരെ ഫോട്ടോയെടുക്കാന്‍ അനുവദിച്ച സംഭവത്തെപ്പറ്റി അന്വേഷിക്കേണ്ടെന്ന് സര്‍ക്കാര്‍. ഗുരുതരമായ ചട്ടലംഘനമായിട്ടും സംഭവത്തെ ന്യായീകരിക്കുന്ന നിലപാടുമായി ജയില്‍ വകുപ്പ് ഉന്നതര്‍തന്നെ രംഗത്തു വന്നു. സംഭവത്തെപ്പറ്റി ഒരു തരത്തിലുള്ള അന്വേഷണമോ ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെടലോ ഉണ്ടാകരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ജയില്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    ReplyDelete