Friday, December 21, 2012

ശമ്പളപരിഷ്കരണം 10 വര്‍ഷത്തിലൊരിക്കല്‍


ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണം പത്തുവര്‍ഷത്തിലൊരിക്കല്‍മാത്രം മതിയെന്നും സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാന്‍ താഴെത്തട്ടിലുള്ള എല്ലാ ജോലികളും പുറംകരാര്‍ നല്‍കണമെന്നും സര്‍ക്കാര്‍ നിയോഗിച്ച പൊതുചെലവ് അവലോകന കമ്മിറ്റി നിര്‍ദേശിച്ചു. പുതിയ കോഴ്സുകളും കോളേജുകളും ഇനി അണ്‍എയ്ഡഡ് സമ്പ്രദായത്തില്‍മാത്രം തുടങ്ങിയാല്‍ മതിയെന്നും നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കെപിസിസിയുടെ പഠന-ഗവേഷണസ്ഥാപനമായ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്മെന്റ്് സ്റ്റഡീസ് ഡയറക്ടര്‍ ബോര്‍ഡംഗം ഡോ. ബി എ പ്രകാശ് ചെയര്‍മാനായ കമ്മിറ്റിയുടേതാണ് സ്വകാര്യവല്‍ക്കരണനയങ്ങള്‍ക്ക് ആക്കം കൂട്ടുന്ന അങ്ങേയറ്റം പ്രതിലോമകരമായ റിപ്പോര്‍ട്ട്.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യുക്തിഭദ്രവും സ്വാഗതാര്‍ഹവുമാണെന്നും ഇതു നടപ്പാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശമ്പളച്ചെലവിലെ വര്‍ധന, എയ്ഡഡ് വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ടീച്ചിങ് ഗ്രാന്റ്, പെന്‍ഷന്‍, പലിശ എന്നിവ സര്‍ക്കാരിന്റെ ധനസ്ഥിതി മോശമാക്കുന്നതായി കമ്മിറ്റി വിലയിരുത്തി. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പളവും പെന്‍ഷനും പരിഷ്കരിക്കുന്നത് അവസാനിപ്പിക്കണം. ടീച്ചിങ് ഗ്രാന്റ് സംവിധാനം സമൂലം പരിഷ്കരിക്കണം. എയ്ഡഡ് മേഖലയില്‍ പുതുതായി സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കരുത്. മൊത്തം ശമ്പളച്ചെലവില്‍ പകുതിയിലധികവും വിദ്യാഭ്യാസമേഖലയിലാണെന്നും ഈ നിലയില്‍ മാറ്റം വരുത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ബാങ്ക് വഴിയോ ഇ-പേമെന്റ് വഴിയോ മാത്രമേ നല്‍കാവൂ. സര്‍ക്കാരിന്റെ ചില പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കുന്നതിനുപകരം പുറംകരാര്‍ നല്‍കണം. വാച്ച് ആന്‍ഡ് വാര്‍ഡ്, ഓഫീസ് വൃത്തിയാക്കല്‍, ഉദ്യാനപരിപാലനം, ഉദ്യോഗസ്ഥരുടെ ഡ്രൈവര്‍മാര്‍, ശുചീകരണം, പൊതുനിരത്ത് വൃത്തിയാക്കല്‍, യൂസര്‍ ചാര്‍ജുകളുടെ സമാഹരണം തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുപകരം പുറംകരാര്‍ നടപ്പാക്കണം. മെച്ചപ്പെട്ട പ്രോജക്ടുകളും സ്കീമുകളും തയ്യാറാക്കാനുള്ള വൈദഗ്ധ്യം സര്‍ക്കാര്‍ വകുപ്പുകള്‍ക്കില്ലെന്ന് കുറ്റപ്പെടുത്തിയ കമ്മിറ്റി ഇതിനായി പുറത്തുനിന്നുള്ള സഹായം തേടണമെന്ന് ശുപാര്‍ശ ചെയ്തു. പെന്‍ഷന്‍ പറ്റിയവരെയും മറ്റ് ഏജന്‍സികളെയും ഇതിന് പരിഗണിക്കാം. ഭൂനികുതി, യൂസര്‍ ചാര്‍ജ്, ഫീസുകള്‍ തുടങ്ങിയവയില്‍നിന്നുളള വരുമാനം വര്‍ധിപ്പിക്കണം. ഈ മേഖലയിലെ സാധ്യതകള്‍ തിട്ടപ്പെടുത്താന്‍ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും ശുപാര്‍ശയുണ്ട്.

വില്‍പ്പന നികുതി, എക്സൈസ് നികുതി, മോട്ടോര്‍ വാഹന നികുതി എന്നിവയില്‍നിന്നുള്ള റവന്യൂവരവ് കൂട്ടണം. പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ കടം കൊടുക്കുന്നത് നിര്‍ത്തണം. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന കേരള കാര്‍ഷിക സര്‍വകലാശാല സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വെറ്ററിനറി, ഫിഷറീസ് സര്‍വകലാശാലകള്‍കൂടി തുടങ്ങിയത് വന്‍ ധനപ്രതിസന്ധി സൃഷ്ടിച്ചതായി കുറ്റപ്പെടുത്തി. ഈ മൂന്ന് സര്‍വകലാശാലകളുടെയും ധനസ്ഥിതി മെച്ചമാക്കാനുള്ള റിപ്പോര്‍ട്ടിന് വിദഗ്ധസമിതിയെ നിയോഗിക്കണം. ധനസ്ഥിതി മെച്ചമാക്കാന്‍ 13-ാം ധനകമീഷന്റെ മറ്റു ശുപാര്‍ശകളും നടപ്പാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഡോ. കെ പുഷ്പാംഗദന്‍, ഡോ. കെ വി ജോസഫ്, ഡോ. വി നാഗരാജ നായിഡു, ജോ. മേരി ജോര്‍ജ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

deshabhimani 211212

No comments:

Post a Comment