Friday, December 21, 2012
കൈത്തറിയെന്ന പേരില്‍ പവര്‍ലൂം തുണികള്‍ വാങ്ങിക്കൂട്ടി
സംസ്ഥാന കൈത്തറി നെയ്ത്ത് സഹകരണ സംഘം(ഹാന്‍ടെക്സ്) കൈത്തറിയുടെ പേരില്‍ വാങ്ങിക്കൂട്ടിയത് തമിഴ്നാട്ടിലെ സ്വകാര്യ സ്ഥാപനങ്ങളിലെ പവര്‍ലൂമുകളില്‍ ഉല്‍പ്പാദിപ്പിച്ച തുണിത്തരങ്ങള്‍. ഈറോഡ്, സേലം, കോയമ്പത്തൂര്‍ മേഖലയിലെ പവര്‍ലൂമുകളില്‍ ഉല്‍പ്പാദിപ്പിച്ച ഏഴുകോടിയിലധികം രൂപയുടെ തുണിത്തരങ്ങളാണ് ഹാന്‍ടെക്സ് വാങ്ങിയത്. കേരളത്തിന്റെ അതിര്‍ത്തിജില്ലകളിലെ വില്‍പ്പനകേന്ദ്രങ്ങളിലാണ് ഈ തുണി എത്തിച്ചത്. മുണ്ടും സാരിയുമാണ് ഏറെയും. കാസര്‍കോട്, മലപ്പുറം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലെ വില്‍പ്പനകേന്ദ്രങ്ങളില്‍ ഈ തുണിത്തരങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ജനങ്ങളുടെ അജ്ഞത മുതലെടുത്ത് പവര്‍ലൂം തുണി വിറ്റഴിക്കാമെന്നാണ് ഹാന്‍ടെക്സിന്റെ തലപ്പത്തുള്ളവരുടെ കണക്കുകൂട്ടല്‍.
മൂന്നുവര്‍ഷത്തിനിടെ ഹാന്‍ടെക്സ് ആകെ വിറ്റഴിച്ചത് 1,70,41,554 രൂപയുടെ തുണിത്തരങ്ങള്‍മാത്രമാണ്. ഇതിന്റെ പ്രധാന ഭാഗവും യൂണിഫോം തുണിത്തരങ്ങളാണ്. ഈ സാഹചര്യത്തില്‍ ഏഴുകോടിയില്‍പരം രൂപയുടെ പവര്‍ലൂം തുണിത്തരങ്ങള്‍ വാങ്ങിക്കൂട്ടിയത് കൊടിയ അഴിമതിക്കാണെന്ന് വ്യക്തം. ഹാന്‍ടെക്സിന് പുതിയ ഭരണസമിതി വന്നശേഷം തിരുവനന്തപുരം ജില്ലയില്‍ അംഗീകാരം ലഭിച്ച 60ല്‍പരം സംഘങ്ങളില്‍ പകുതിയും പ്രസിഡന്റിന്റെ ബിനാമിസംഘങ്ങളാണെന്ന് ആക്ഷേപമുണ്ട്. പെരിങ്ങമ്മല, പള്ളിച്ചല്‍, താന്നിവിള, ബാലരാമപുരം തുടങ്ങിയ മേഖലയില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 30 കടലാസ് സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായാണ് ആരോപണം. ബന്ധുക്കളും അടുപ്പക്കാരുമാണ് അംഗങ്ങള്‍. ഒരാള്‍ക്കുതന്നെ പല സംഘത്തിലും അംഗത്വം. കുട്ടികളുടെ പേരില്‍പോലും അംഗത്വം വിതരണംചെയ്തു. ചട്ടവിരുദ്ധമായി പല സംഘങ്ങളും നിലവിലുള്ള സംഘങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍തന്നെ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇതിന്റെ മറവിലാണ് തുണിത്തരങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. കമീഷന്‍ ഇനത്തിലും വ്യാജ ഇന്‍വോയിസിലൂടെ വില കൂട്ടിക്കാണിച്ചും കോടികള്‍ തട്ടുന്നതിനൊപ്പം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന മാര്‍ക്കറ്റിങ്് ഇന്‍സെന്റീവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റിബേറ്റുമടക്കം കടലാസ് സംഘങ്ങളുടെ പേരില്‍ തട്ടിയെടുക്കുന്നു. പ്രസിഡന്റ് ഹാന്‍ടെക്സ് ഭരണസമിതിയിലെത്തിയതിനെക്കുറിച്ചും ആരോപണമുണ്ട്. പട്ടികവിഭാഗക്കാരനല്ലാത്ത പ്രസിഡന്റ്, നിലവിലുണ്ടായിരുന്ന പട്ടികവിഭാഗ കൈത്തറി സംഘത്തിന്റെ സ്വഭാവം മാറ്റി പൊതുവിഭാഗത്തിലാക്കിയാണ് ഭരണസമിതിയിലേക്ക് മത്സരിച്ചതെന്നാണ് ആക്ഷേപം. സഹകരണനിയമവും ചട്ടവും പ്രകാരം ഇങ്ങനെ സംഘത്തിന്റെ സ്വഭാവം മാറ്റാന്‍ കഴിയില്ല. വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ മുമ്പ് ഈ സംഘം പട്ടികവിഭാഗത്തില്‍പ്പെട്ടവരുടേതായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
deshabhimani 211212
Subscribe to:
Post Comments (Atom)
No comments:
Post a Comment