Thursday, December 20, 2012

പൊലീസിന്റെ നിയമവിരുദ്ധ നടപടിയെ നിയമപരമായി നേരിടും: സിപിഐ എം


കണ്ണൂര്‍: സിപിഐ എമ്മിനെതിരെ നിയമവിരുദ്ധ നടപടി സ്വീകരിക്കുന്ന പൊലീസുകാരെ നിയമവഴിയിലൂടെ നേരിടുമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നാംമുറ സ്വീകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയമത്തിന്റെമുന്നില്‍ കൊണ്ടുവരണമെന്ന സമീപനമാണ് പാര്‍ടി സ്വീകരിച്ചിട്ടുള്ളത്. നിയമത്തിന്റെ വഴി സിപിഐ എം സ്വീകരിച്ചപ്പോള്‍ ശരിയാണെന്ന് ബോധ്യപ്പെട്ട മൂന്നാംമുറ നടത്തിയ ഡിവൈഎസ്പിക്കെതിരെ കേസെടുക്കാന്‍ കോടതി ഇടപെട്ടു. കെ സുധാകരന്‍ ഡിസിസി പ്രസിഡന്റായതിനുശേഷം കണ്ണൂര്‍ ജില്ലയില്‍ നടന്ന അക്രമസംഭവങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്തുന്നതിനെ സിപിഐ എം സ്വാഗതം ചെയ്യുകയാണ്. പഴയ കേസുകളില്‍ വിട്ടയക്കപ്പെട്ടതും ശിക്ഷിക്കപ്പെട്ടതും യഥാര്‍ഥ പ്രതികളാണോയെന്ന് അന്വേഷിക്കട്ടെ. സിപിഐ എം ഉള്‍പ്പെട്ട കേസുകള്‍ തെരഞ്ഞുപിടിച്ച് അന്വേഷിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പാര്‍ടിയെ അടിക്കുന്നതിനുള്ള വടിയായി ചില കേസുകളെ ഉപയോഗിക്കുകയാണ്. സന്തതസഹചാരി വെളിപ്പെടുത്തിയിട്ടും കെ സുധാകരന്റെ അതിക്രമത്തിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ രണ്ടുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ കേസിന്റെ അടിത്തറ ദുര്‍ബലമാണെന്ന് തെളിഞ്ഞു. പൊലീസ് കെട്ടിപ്പൊക്കിയ കേസാണിതെന്ന് ബോധ്യപ്പെടുകയാണെന്നും ജയരാജന്‍ പറഞ്ഞു.

2 പേരെ ഒഴിവാക്കിയത് പൊലീസിനേറ്റ തിരിച്ചടി

കോഴിക്കോട്: വിചാരണ തുടങ്ങുംമുമ്പേ രണ്ടുപേരെ കേസില്‍നിന്ന് ഒഴിവാക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വം. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്ന ആരോപണം നിലനില്‍ക്കെ, ഏകപക്ഷീയ അന്വേഷണം നടത്തിയ പൊലീസിനെതിരെയുള്ള താക്കീതുകൂടിയായി രണ്ടുപേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ കോടതിവിധി. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയില്‍ സിപിഐ എം നേതാക്കളെ പ്രതിചേര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു എന്നുംവിധി വ്യക്തമാക്കുന്നു. സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ കയറ്റാനാണ് അന്വേഷണസംഘം തുടക്കം മുതല്‍ ശ്രമിച്ചത്. ഉയര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ മൂന്നുമാസത്തോളം ഒന്നിച്ചിരുന്നാണ് കുറ്റപത്രം തയാറാക്കിയത്. കേസിന്റെ വിചാരണവേളയിലാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുക പതിവെങ്കിലും ഇതിന് വിരുദ്ധമായി കുറ്റപത്രം തയാറാക്കുന്ന വേളയില്‍തന്നെ സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരം രണ്ടുപേരെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചു. പ്രോസിക്യൂട്ടര്‍മാരുടെകൂടി അഭിപ്രായം തേടിയാണ് "ശാസ്ത്രീയ"മെന്നു പറയുന്ന കുറ്റപത്രം തയാറാക്കിയത്. അതില്‍ നിന്നാണിപ്പോള്‍ രണ്ട് പേരെ കോടതി ഒഴിവാക്കിയത്. പ്രതിചേര്‍ത്ത സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ് അടക്കം 18 പേര്‍ക്കെതിരെ തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലെന്നായിരുന്നു ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം. ഇതില്‍ രണ്ടുപേരെയാണ് പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയത്. ബാക്കി 16 പേര്‍ക്കെതിരെ കേസുമായി മുന്നോട്ടുപോകാനുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കുമെന്ന് അഭിഭാഷകര്‍ പറഞ്ഞു.

ഗണ്‍മാന്റെ തോക്ക് വെടിവയ്ക്കാന്‍ത്തന്നെ: കെ സുധാകരന്‍

ന്യൂഡല്‍ഹി: ഗണ്‍മാന് തോക്ക് കൊടുത്തത് വെടിവയ്ക്കാന്‍തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. ഇത് സംബന്ധിച്ച് നേരത്തെ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നതിന് സാക്ഷിയാണെന്ന് പ്രസംഗിച്ചതില്‍ തെറ്റില്ല. കണ്ട കാര്യം പറയുകയാണ് ചെയ്തത്- സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൈക്കൂലി മേടിക്കുന്നത് കണ്ടാല്‍ അപ്പോള്‍ത്തന്നെ ഉത്തരവാദപ്പെട്ടവരെ അറിയിക്കണമെന്ന് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ പറഞ്ഞിട്ടില്ല. ഒരാള്‍ കള്ള് കുടിക്കുന്നത് കണ്ടാല്‍ അയാളെ നന്നാക്കിയെടുക്കാന്‍ നിങ്ങള്‍ ശ്രമിക്കില്ലല്ലോ. കൈക്കൂലി കൊടുക്കുന്നത് കണ്ടിട്ടും പരാതി നല്‍കാത്തത് അതുപോലെ കണ്ടാല്‍ മതി- സുധാകരന്‍ പറഞ്ഞു. സംരക്ഷണം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാനാണ് ഗണ്‍മാനെ നിയോഗിക്കുന്നത്. നാല്‍പ്പാടി വാസുവിനെ വെടിവച്ചത് തനിക്ക് സംരക്ഷണം നല്‍കാനാണ്. നാല്‍പ്പാടി വാസുവധത്തെക്കുറിച്ച് പുനരന്വേഷണം വേണമെന്ന ആവശ്യത്തില്‍ ആഭ്യന്തരവകുപ്പ് നിലപാട് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടാണ് പ്രതിപക്ഷം ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചത്. നിയമപരമായി സാധ്യമാണെങ്കില്‍ തനിക്കെതിരെ അന്വേഷണമാകാം. ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന് അലോസരം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ആഭ്യന്തരവകുപ്പുമായി അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. കണ്ണൂരില്‍ തന്റെ അനുയായികള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പ്രകടനം നടത്തിയതിനെക്കുറിച്ചും മറ്റും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.


ചോദ്യം ചെയ്തത് ചട്ടവിരുദ്ധമായി

കണ്ണൂര്‍: കെ ടി ജയകൃഷ്ണന്‍ വധക്കേസുമായി ബന്ധപ്പെട്ട് ടി കെ രജീഷിനെ ചോദ്യംചെയ്തത് ജയില്‍ചട്ടങ്ങള്‍ക്ക് വിരുദ്ധമായി. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന കോടതിയുടെ പ്രത്യേക ഉത്തരവിനെ മറികടന്നാണ് ചോദ്യംചെയ്യല്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സാം കെ തങ്കയ്യന്‍ ബുധനാഴ്ചമുതല്‍ ഒരാഴ്ചത്തേക്ക് അവധിയില്‍ പ്രവേശിച്ചിരിക്കയാണ്. ഇതോടെ ചോദ്യംചെയ്യല്‍ ആസൂത്രിതമാണെന്ന് വ്യക്തമായി. സൂപ്രണ്ട് അവധിയില്‍പോയത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്നും സൂചനയുണ്ട്.

 ചോദ്യംചെയ്യലിനുള്ള മുന്നൊരുക്കം ദിവസങ്ങള്‍ക്കുമുമ്പേ ആരംഭിച്ചിരുന്നു. കെ സുധാകരന്റെ സില്‍ബന്ധികളായ ഉദ്യോഗസ്ഥരും ചില കോണ്‍ഗ്രസ് നേതാക്കളും ഒരു ജയിലറുടെ ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞദിവസം ഒത്തുചേര്‍ന്നിരുന്നു. രജീഷിനെ കോടതിയില്‍ കൊണ്ടുപോയതിന്റെ രേഖകള്‍ ജയിലര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയതായും വിവരമുണ്ട്. സെന്‍ട്രല്‍ ജയിലിലെ മറ്റൊരു ജയിലറായ അനില്‍കുമാര്‍, ഡപ്യൂട്ടി ജയിലര്‍ ജയകുമാര്‍, വെല്‍ഫെയര്‍ ഓഫീസര്‍ കെ വി മുകേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സൂപ്രണ്ടല്ലാതെ മറ്റുള്ളവരുടെ സാന്നിധ്യം അനുവദനീയമല്ല. പത്രമാധ്യമങ്ങള്‍ക്ക് ജയില്‍നടപടികള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നവരാണ് താഴേക്കിടയിലുള്ള ചില ഉദ്യോഗസ്ഥര്‍. ഇവരുടെ സാന്നിധ്യത്തിലുള്ള ചോദ്യംചെയ്യലും നിയമവിരുദ്ധമാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍ കസ്റ്റഡിയിലെടുത്ത രജീഷിനെ ആഴ്ചകളോളം പൊലീസ് ലോക്കപ്പില്‍ മര്‍ദിച്ച് കള്ളമൊഴി ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്നെ ജയകൃഷ്ണന്‍ വധക്കേസില്‍ പ്രതിചേര്‍ത്തതെന്ന് രജീഷ് വടകര കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതുമാണ്. രജീഷിനെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കോടതിയില്‍ ഹാജരാക്കണം. 21ന് ചോദ്യംചെയ്യല്‍ സംബന്ധിച്ച റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കണം.


deshabhimani

No comments:

Post a Comment