Thursday, December 20, 2012
മന്ത്രിമാര്‍ക്ക് കാര്‍ വാങ്ങാന്‍ 2.68 കോടി; വിദേശയാത്ര ഇഷ്ടംപോലെ
ചെലവുചുരുക്കാനെന്ന പേരില്‍ ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കുകയും ജീവനക്കാരുടേതടക്കമുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന യുഡിഎഫ് സര്‍ക്കാരിന് ആര്‍ഭാടത്തിന് ഒരു കുറവുമില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമാര്‍ക്ക് പുതിയ കാര്‍ വാങ്ങിയ ഇനത്തില്‍മാത്രം 2.68 കോടി രൂപ ചെലവിട്ടു. മന്ത്രിമാര്‍ക്കായി 20 പുതിയ കാറുകളാണ് വാങ്ങിയത്. മന്ത്രിമാരില്‍ ഭൂരിപക്ഷവും കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ വിദേശയാത്ര നടത്തി. ഇവരില്‍ മിക്കവരും പോയത് സ്വകാര്യ ആവശ്യത്തിനുമാണ്. നിയമസഭയില്‍ കെ എസ് സലീഖ, എസ് രാജേന്ദ്രന്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചതാണിക്കാര്യം.
ഏറ്റവും വിലകൂടിയ കാര്‍ വാങ്ങിയത് വനംമന്ത്രി കെ ബി ഗണേശ്കുമാറാണ്. വില 14.33 ലക്ഷം. തൊട്ടടുത്ത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കാറിന്റെ വില 13.94 ലക്ഷം. കെ എം മാണിക്ക് കാര്‍ വാങ്ങാന്‍ 13.75 ലക്ഷവും മുഖ്യമന്ത്രിക്ക് കാര്‍ വാങ്ങാന്‍ 12.85 ലക്ഷവും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവിട്ടു. മറ്റു മന്ത്രിമാര്‍ക്കായി ചെലവിട്ട തുക. ആര്യാടന്‍ മുഹമ്മദ് 13.50 ലക്ഷം, കെ പി മോഹനന്‍ 12.85 ലക്ഷം, കെ ബാബു 13.55, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 13.50 ലക്ഷം, സി എന്‍ ബാലകൃഷ്ണന്‍ 12.85 ലക്ഷം, പി ജെ ജോസഫ് 13.94 ലക്ഷം, എം കെ മുനീര്‍ 13.13 ലക്ഷം, വി കെ ഇബ്രാഹിംകുഞ്ഞ് 13.94 ലക്ഷം, അടൂര്‍ പ്രകാശ് 12.85 ലക്ഷം, വി എസ് ശിവകുമാര്‍ 12.85 ലക്ഷം, പി കെ അബ്ദുറബ്ബ് 13.94, പി കെ ജയലക്ഷ്മി 13.03 ലക്ഷം, ഷിബു ബേബിജോണ്‍ 13.50 ലക്ഷം, കെ സി ജോസഫ് 13.03 ലക്ഷം, അനൂപ് ജേക്കബ് 13.55 ലക്ഷം, മഞ്ഞളാംകുഴി അലി 13.55 ലക്ഷം.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ വിദേശയാത്ര നടത്തി. മന്ത്രി കെ ബി ഗണേശ്കുമാറാണ് വിദേശയാത്രയില്‍ മുമ്പില്‍. ഇദ്ദേഹം കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 24 ദിവസം വിവിധ വിദേശരാജ്യങ്ങളില്‍ ചെലവഴിച്ചു. ഇദ്ദേഹത്തിന്റെ ആറ് യാത്രകള്‍ അനൗദ്യോഗികമായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി 13 ദിവസവും മഞ്ഞളാംകുഴി അലി ആറു ദിവസവും കെ പി മോഹനന്‍ അഞ്ചു ദിവസവും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അനൂപ് ജേക്കബും മൂന്നു ദിവസംവീതവും ആര്യാടന്‍ മുഹമ്മദ് നാലു ദിവസവും വിദേശത്ത് ചെലവിട്ടു. കുഞ്ഞാലിക്കുട്ടിയുടെ ഏഴ് യാത്രകള്‍ അനൗദ്യോഗികമായിരുന്നു. തിരുവഞ്ചൂരും ആര്യാടന്‍ മുഹമ്മദും കെ പി മോഹനും രണ്ടുതവണവീതവും നടത്തിയ വിദേശയാത്രകള്‍ അനൗദ്യോഗികമാണ്. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് മൂന്നുതവണ വിദേശത്ത് പോയി. അനൗദ്യോഗികമായിരുന്നു യാത്ര. മന്ത്രിമാരുടെ വിദേശയാത്രയ്ക്കായി ചെലവിട്ട തുകയെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചുനല്‍കാമെന്ന് ഡോ. കെ ടി ജലീല്‍, കെ കെ ജയചന്ദ്രന്‍ എന്നിവര്‍ക്ക് മറുപടി ലഭിച്ചു. മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് ഇനത്തില്‍ മന്ത്രിമാര്‍ 22,74,608 രൂപ കൈപ്പറ്റി.
deshabhimani 201212
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment