Thursday, December 20, 2012

ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും

രാജ്യത്തെ പൊതുമേഖല-സ്വകാര്യബാങ്കുകളെ ബഹുരാഷ്ട്ര ഭീമന്മാര്‍ക്ക് തീറെഴുതുന്ന ബാങ്കിങ് നിയമ ഭേദഗതിക്കെതിരെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ദേശവ്യാപകമായി വ്യാഴാഴ്ച പണിമുടക്കും. ജീവനക്കാരുടെ സംഘടനകളായ ബെഫി, എഐബിഇഎ, എന്‍യുബിഇ, ഓഫീസര്‍മാരുടെ സംഘടനയായ എഐബിഒഎ എന്നിവയാണ് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുഇബിയു പണിമുടക്കിന് ധാര്‍മികപിന്തുണ പ്രഖ്യാപിച്ചു. പണിമുടക്കിന്റെ ഭാഗമായി വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭപരിപാടികളില്‍ ഐക്യവേദിയുടെ ഭാഗമായ എല്ലാ യൂണിയനുകളും സജീവമായി പങ്കെടുക്കുമെന്ന് യുഇബിയു അറിയിച്ചു.

ഇടതുപക്ഷ കക്ഷികളുടെയും ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ശക്തമായ പ്രതിഷേധം അവഗണിച്ച് നിയമഭേദഗതി നടപ്പുസമ്മേളനത്തില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഭേദഗതിബില്‍ ലോക്സഭയില്‍ കഴിഞ്ഞ ദിവസം പാസാക്കി. ബിജെപിയുടെ പിന്തുണ കിട്ടിയ സാഹചര്യത്തില്‍ രാജ്യസഭയില്‍ വ്യാഴാഴ്ച ബില്‍ അവതരിപ്പിക്കും. രാജ്യസഭ ബുധനാഴ്ച അവസാനിപ്പിക്കാന്‍ നേരത്തെ കാര്യോപദേശക സമിതിയില്‍ ധാരണയായിരുന്നു. കക്ഷിനേതാക്കളുടെ യോഗം വിളിച്ചാണ് വ്യാഴാഴ്ചകൂടി സഭ ചേരണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചത്. ഇടതുപക്ഷ പാര്‍ടികള്‍ വിയോജിച്ചെങ്കിലും ബിജെപി പിന്തുണയോടെ സമ്മേളനം ഒരു ദിവസം നീട്ടാന്‍ തീരുമാനിച്ചു.

deshabhimani 201212

No comments:

Post a Comment