Thursday, December 20, 2012

പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം


കണ്ണൂര്‍ ജില്ലയില്‍ 1992-93 വര്‍ഷങ്ങളില്‍ കെ സുധാകരന്റെ ഗുണ്ടാസംഘം നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും വധശ്രമങ്ങളെക്കുറിച്ചും പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിവേദനം. കൊലചെയ്യപ്പെട്ട നാല്‍പ്പാടി വാസുവിന്റെ സഹോദരന്‍ നാല്‍പ്പാടി രാജന്‍, സേവറി ഹോട്ടല്‍ തൊഴിലാളി നാണുവിന്റെ ഭാര്യ എ എം ഭാര്‍ഗവി, അക്രമത്തില്‍ പരിക്കേറ്റ വി പ്രശാന്തന്‍, സി വിനോദ്, ടി കെ ബാലന്റെ മകന്‍ ടി കെ അരുണ്‍ എന്നിവരാണ് നിവേദനം നല്‍കിയത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍, എംഎല്‍എമാരായ ടി വി രാജേഷ്, ജയിംസ് മാത്യു, കെ കെ നാരായണന്‍, സി കൃഷ്ണന്‍ എന്നിവരോടൊപ്പമാണ് കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കളും പരിക്കേറ്റവരും ആഭ്യന്തരമന്ത്രിയെ ചേമ്പറില്‍വച്ച് കണ്ടത്.

സുധാകരന്റെ ഗുണ്ടാസംഘം നടത്തിയ കൊലകളെക്കുറിച്ച് ഗൂഢാലോചനയില്‍ പങ്കാളിയായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രശാന്തബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ പുനരന്വേഷണം നടത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശാന്തബാബുവിന്റെ വെളിപ്പെടുത്തലോടെ പുതിയ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. അക്കാലത്ത് യഥാര്‍ഥ പ്രതികളെ കണ്ടെത്താനോ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനോ യുഡിഎഫ് സര്‍ക്കാര്‍ സന്നദ്ധമായിരുന്നില്ല. അതിന്റെ ഫലമായി പല കേസിലും യഥാര്‍ഥ പ്രതികള്‍ ഒഴിവാക്കപ്പെടുകയും കേസ് തേച്ചുമാച്ചുകളയുകയും ചെയ്തു. പ്രശാന്തബാബുവിന്റെ വെളിപ്പെടുത്തലോടെ ഒരു അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നെങ്കിലും അവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകപോലുമുണ്ടായില്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നിയമം നിയമത്തിന്റെ വഴിയേ പോകുമെന്നും നാല്‍പ്പാടി വാസുവിന്റെ ബന്ധുക്കളടക്കമുള്ളവര്‍ നിവേദനം നല്‍കിയാല്‍ പുനരന്വേഷണം നടത്തുമെന്നും ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കള്‍ വീണ്ടും നിവേദനം നല്‍കിയത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും നിവേദനം നല്‍കി. സുധാകരനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളെപ്പറ്റി പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാമെന്ന് തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

deshabhimani

No comments:

Post a Comment