Tuesday, December 18, 2012
5.08 രൂപയ്ക്ക് വാങ്ങാതെ 11.36ന് വൈദ്യുതിയുണ്ടാക്കുന്നു
ഊര്‍ജ എക്സ്ചേഞ്ചുകളില്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാകുമ്പോഴും ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വൈദ്യുതിബോര്‍ഡ് ജനങ്ങളുടെമേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുന്നു. കെടുകാര്യസ്ഥതമൂലം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം 4.05 കോടി രൂപമുതല്‍ 4.71 കോടി രൂപവരെ അധികബാധ്യതയാണ് സംസ്ഥാനത്തിനുണ്ടായതെന്ന് ഇതുസംബന്ധിച്ച കണക്ക് വ്യക്തമാക്കുന്നു. വരുംമാസങ്ങളില്‍ ഇന്ധന സര്‍ചാര്‍ജ് എന്ന നിലയില്‍ ഈ തുക ജനങ്ങളില്‍നിന്ന് ഈടാക്കും.
ഊര്‍ജ എക്സ്ചേഞ്ചുകളില്‍ യൂണിറ്റിന് 5.08 രൂപമുതല്‍ 6.17 രൂപവരെ നിരക്കില്‍ വൈദ്യുതി ലഭ്യമാണ്. ഇതു വാങ്ങാതെ കായംകുളം താപവൈദ്യുതിനിലയത്തില്‍ യൂണിറ്റിന് 11.36 രൂപ ചെലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. ഉയര്‍ന്ന വിലയായതിനാല്‍ ഉല്‍പ്പാദനം നിര്‍ത്തിയിരുന്ന ബ്രഹ്മപുരം ഡീസല്‍ പ്ലാന്റിലും പരമാവധി ഉല്‍പ്പാദനം പുനരാരംഭിച്ചു. കോഴിക്കോട് ഡീസല്‍ പ്ലാന്റിലും ഉയര്‍ന്ന ശേഷിയില്‍ ഉല്‍പ്പാദനം നടത്തുകയാണ്. ബ്രഹ്മപുരത്ത് യൂണിറ്റൊന്നിന് 10.39 രൂപയും കോഴിക്കോട് 10.44 രൂപയുമാണ് ഉല്‍പ്പാദനച്ചെലവ്. ബ്രഹ്മപുരത്ത് അഞ്ചുലക്ഷം യൂണിറ്റും കോഴിക്കോട്ട് 11.7 ലക്ഷം യൂണിറ്റുമാണ് ഉല്‍പ്പാദനം. ഇവിടങ്ങളിലെ പരമാവധി ശേഷിയാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നതെന്ന് സംസ്ഥാന ലോഡ് ഡെസ്പാച്ച് സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. കായംകുളത്താകട്ടെ 76.7 ലക്ഷം യൂണിറ്റാണ് ശരാശരി ഉല്‍പ്പാദനം. കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താല്‍ 8, 10 തീയതികളില്‍ മാത്രമാണ് സംസ്ഥാനം ഊര്‍ജ എക്സ്ചേഞ്ചിനെ ആശ്രയിച്ചത്. മറ്റു ദിവസങ്ങളിലെയും കണക്കുകള്‍ താരതമ്യംചെയ്താല്‍ ഒട്ടാകെ 29.02 കോടി രൂപയുടെ അധികബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടായത്. പ്രതിദിന ശരാശരി 4.15 കോടി രൂപയും. ഈ ദിവസത്തിലെ കേരളത്തിന്റെ പ്രതിദിന ശരാശരി ഉപഭോഗം 544.1 ലക്ഷം യൂണിറ്റാണ്. ഇതുപ്രകാരം ഇപ്പോഴത്തെ സകല നിയന്ത്രണങ്ങള്‍ക്കും അമിതനിരക്കിനുമപ്പുറം യൂണിറ്റിന് 85 പൈസമുതല്‍ ഒരുരൂപയുടെവരെ അധികബാധ്യതയാണ് ഉണ്ടാകുക. വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അംഗീകാരത്തോടെ ഇന്ധന സര്‍ചാര്‍ജ് എന്ന നിലയില്‍ ഇത് ഉപയോക്താക്കളില്‍നിന്ന് ഈടാക്കും.
ഇന്നു വേണ്ട വൈദ്യുതിക്ക് ബിഡ് നിശ്ചയിച്ച് തലേന്നാള്‍ തന്നെ ഊര്‍ജ എക്സ്ചേഞ്ചില്‍ പണം അടയ്ക്കണം. ഇത്തരത്തില്‍ രൊക്കം പണം മുടക്കാന്‍ തയ്യാറാകാത്തതാണ് എക്സ്ചേഞ്ചില്‍നിന്നു വൈദ്യുതി ലഭിക്കുന്നതിന് തടസ്സമാകുന്നത്. സര്‍ക്കാരില്‍നിന്ന് ആത്മാര്‍ഥമായ അഭ്യര്‍ഥന ഉണ്ടായാല്‍ മുന്‍കൂറായിപ്പോലും പണമടയ്ക്കാന്‍ തയ്യാറാണെന്ന് വ്യവസായ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, ഇതുപയോഗപ്പെടുത്താന്‍ അധികൃതര്‍ക്ക് താല്‍പ്പര്യമില്ല. കഴിഞ്ഞ 10 ദിവസത്തെ എക്സ്ചേഞ്ച് വൈദ്യുതിയുടെ ശരാശരി വില ഉപയോഗം കുറഞ്ഞ സമയങ്ങളില്‍ യൂണിറ്റിന് 6.13 രൂപയും കൂടിയ വേളയില്‍ 5.36 രൂപയുമാണ്. കേരളം വൈദ്യുതി വാങ്ങാത്തപ്പോള്‍ ഉപയോഗം കൂടിയ വേളയില്‍പ്പോലും 2.5 രൂപമുതല്‍ 4.6 രൂപ വരെയായി നിരക്ക് ഇടിഞ്ഞിട്ടുമുണ്ട്. എന്നാല്‍, കേരളം വൈദ്യുതി വാങ്ങുമ്പോള്‍ ഇത് ഏഴുമുതല്‍ ഒമ്പതു രൂപവരെയായി ഉയരുന്നതും ദുരൂഹമാണ്.
(ഷഫീഖ് അമരാവതി)
deshabhimani 181212
Labels:
വലതു സര്‍ക്കാര്‍,
വൈദ്യുതി
Subscribe to:
Post Comments (Atom)
No comments:
Post a Comment