Tuesday, December 18, 2012

പട്ടണക്കാട് മില്‍മ കാലിത്തീറ്റ ഫാക്ടറി അടച്ചു


ആലപ്പുഴയിലെ പൊതുമേഖലാ സ്ഥാപനമായ പട്ടണക്കാട് മില്‍മ കാലിത്തീറ്റ ഫാക്ടറി ഉല്‍പാദനം നിര്‍ത്തി. അതോടൊപ്പം ആന്ധ്രയിലെ കുംഭം, തമിഴ്നാട്ടിലെ നാമക്കല്‍, ഈറോഡ് എന്നിവിടങ്ങളില്‍ മൂന്നു കമ്പനികള്‍ പാട്ടത്തിനെടുത്ത് മില്‍മ കാലിത്തീറ്റ ഉല്‍പാദനം ആരംഭിച്ചു. മാസം 7000 ടണ്‍ കാലിത്തീറ്റ ഉല്‍പാദിപ്പിക്കാനാണ് കരാര്‍. പട്ടണക്കാട് ഫാക്ടറിയില്‍ കയറ്റിറക്ക് കരാറിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കയറ്റിറക്കു തൊഴിലാളികള്‍ കുറച്ചു ദിവസമായി നടത്തുന്ന മെല്ലെപ്പോക്ക് സമരത്തിന്റെ മറവിലാണ് ഉല്‍പ്പാദനം അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റിയത്. എന്നാല്‍ ഉല്‍പാദനം നിര്‍ത്തുന്നതിന് മുന്നോടിയായി വാങ്ങുന്ന അസംസ്കൃത സാധനങ്ങളുടെ അളവ് മാസങ്ങള്‍ക്ക് മുമ്പേ കുറച്ചതായി തൊഴിലാളികള്‍ പറഞ്ഞു. പട്ടണക്കാട്ടെ ഫാക്ടറി അടച്ചിട്ട് ഇവിടത്തെ ജീവനക്കാരെയും തൊഴിലാളികളെയും ത്രിശങ്കുവിലാക്കി, കാലിത്തീറ്റ ഉല്‍പാദനം മാറ്റിയത് സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്കും തിരിച്ചടിയാകും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കാലിത്തീറ്റയ്ക്ക് ഗുണമേന്മ പരിശോധന വേണ്ടാത്തതിനാലാണിത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കാലിത്തീറ്റ കേരളത്തിലെത്തിക്കുന്നതിനുള്ള ചരക്ക് കടത്ത് കരാര്‍ ടെന്‍ഡറില്ലാതെയാണ് നല്‍കിയത്. ഇത് മില്‍മയ്ക്ക് വന്‍ നഷ്ടമുണ്ടാക്കുമെന്നും മില്‍മ വൃത്തങ്ങള്‍ പറഞ്ഞു.

എല്‍ഡിഎഫ് ഭരണത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനം ഇന്ന് നഷ്ടത്തിലാണ്. കമ്പനിയുടെ സ്ഥാപിതശേഷി ഉപയോഗിച്ച് കാലിത്തീറ്റയുണ്ടാക്കാത്തതും അസംസ്കൃത സാധനങ്ങളുടെ വില കൂടിയതുമാണ് നഷ്ടമുണ്ടാക്കിയത്. 300 ടണ്‍ സ്ഥാപിതശേഷിയുള്ള ഇവിടെ പ്രതിദിനം 200 ടണ്‍ മാത്രമാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഉല്‍പാദിപ്പിച്ചിരുന്നത്. മലമ്പുഴയില്‍ ഇത് 280 ടണ്ണാണ്. മില്‍മ കാലിത്തീറ്റ ഫാക്ടറിയിലെ കയറ്റിറക്ക് തൊഴിലാളികളുടെ കരാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അവസാനിച്ചു. ഇതുവരെ കൂലി പുതുക്കി നിശ്ചയിച്ചില്ല. ഇരുപതിലേറെ തവണ പല തലത്തിലും ചര്‍ച്ച നടത്തിയെങ്കിലും കരാറിലെത്താന്‍ കഴിഞ്ഞില്ല. പട്ടണക്കാട്ടെ മാനേജ്മെന്റിന്റെ പിടിവാശിയാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് യൂണിയന്‍ നേതാക്കള്‍ പറയുന്നു. എന്നാല്‍ പാലക്കാട്ടെ കാലിത്തീറ്റ ഫാക്ടറിയില്‍ ഉണ്ടാക്കിയ കരാറിനേക്കാള്‍ വലിയ വര്‍ധന പട്ടണക്കാട്ടെ തൊഴിലാളികള്‍ ആവശ്യപ്പെട്ടതാണ് ചര്‍ച്ച സ്തംഭിക്കാന്‍ ഇടയാക്കിയതെന്ന് മാനേജ്മെന്റ് വൃത്തങ്ങള്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് കാലിത്തീറ്റ നല്‍കാന്‍ ബാധ്യതയുള്ളതിനാലാണ് അന്യസംസ്ഥാനങ്ങളിലെ കമ്പനി പാട്ടത്തിനെടുത്തതെന്നും മാനേജ്മെന്റ് വൃത്തങ്ങള്‍ പറഞ്ഞു.

deshabhimani 181212

No comments:

Post a Comment