Tuesday, December 18, 2012

സാമ്പത്തികപ്രതിസന്ധി: ബിനാലെക്ക് ടിക്കറ്റ് ഏര്‍പ്പെടുത്താന്‍ നീക്കം


ബിനാലെ നടത്തിപ്പിലെ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ പ്രദര്‍ശനവേദികളില്‍ പ്രവേശനത്തിന് ടിക്കറ്റ് ഏര്‍പ്പെടുത്താന്‍ ആലോചന. ബിനാലെക്ക് സാമ്പത്തികസഹായം നല്‍കണമെന്ന അഭ്യര്‍ഥന സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് വ്യാപകമായ എതിര്‍പ്പിന് വഴിവച്ചേക്കാവുന്ന നടപടിക്ക് ബിനാലെ ഫൗണ്ടേഷന്‍ ആലോചിക്കുന്നത്. സംസ്ഥാന സര്‍ക്കാരും അക്കാദമികളും എതിര്‍ത്ത് പരസ്യമായി രംഗത്തുവന്നതാണ് രാജ്യത്തെ ആദ്യ ബിനാലെയെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാക്കിയത്. 25 കോടിയോളം രൂപ ചെലവുവരുന്ന ബിനാലെക്ക് ഇതുവരെ 12.75 കോടി ചെലവായതായി സംഘാടകര്‍ പറഞ്ഞു. ഇതില്‍ അഞ്ചുകോടി സര്‍ക്കാര്‍ സഹായവും ബാക്കി അഞ്ചുകോടി സ്വകാര്യ സ്പോണ്‍സഷര്‍ഷിപ്പില്‍നിന്ന് കണ്ടെത്തിയതുമാണ്. 2.75 കോടി രൂപ ബിനാലെ ട്രസ്റ്റികളുടെ സ്വകാര്യ അക്കൗണ്ടില്‍നിന്ന് ചെലവഴിച്ചുകഴിഞ്ഞു. മൂന്നുമാസത്തെ ചെലവിന് 10 കോടിയോളം രൂപ ഇനിയും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

എണ്‍പതോളം രാജ്യാന്തര പ്രശസ്തിയുള്ള കലാകാരന്മാരുടെ കൊച്ചിയിലെ താമസത്തിനുപുറമെ കലാസൃഷ്ടികള്‍ ഒരുക്കാനും ദൈനംദിനപരിചരണത്തിനും യാത്രകള്‍ക്കും പണം നല്‍കണം. പ്രദര്‍ശനവേദികള്‍ക്ക് വാടക നല്‍കേണ്ടെങ്കിലും വൈദ്യുതിക്കും വെള്ളത്തിനും പണം വേണം. മാസങ്ങളായി സംഘാടനത്തിന് പ്രവര്‍ത്തിക്കുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള നൂറിലേറെപ്പേരുടെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. 53 ലക്ഷത്തോളം വരുമിത്. സംഘാടകര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണമുള്‍പ്പെടെ നിയമനടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സ്വകാര്യ സ്പോണ്‍സര്‍ഷിപ്പുകാര്‍ പലരും പിന്‍മാറി. ഈ സാഹചര്യത്തിലാണ് പ്രവേശനടിക്കറ്റ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

വേദികളില്‍ ഉണ്ടായ വന്‍ സന്ദര്‍ശകതിരക്ക് ബിനാലെക്കെതിരായ ആക്ഷേപങ്ങള്‍ക്ക് ഒരുപരിധിവരെ മറുപടിയായിരുന്നു. ഈ സാഹചര്യത്തില്‍ ടിക്കറ്റ് ഏര്‍പ്പെടുത്തുന്നത് പ്രതിഷേധത്തിന് കാരണമായേക്കും. ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ത്തന്നെ പതിനായിരത്തിലേറെപ്പേരാണ് വേദികള്‍ സന്ദര്‍ശിച്ചത്. ടിക്കറ്റ് ഏര്‍പ്പെടുത്തുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് സംഘാടകര്‍ കരുതുന്നു. ബിനാലെക്ക് മുന്‍ സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ആ പണം ഇടയ്ക്ക് തടഞ്ഞുവച്ചു. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നായിരുന്നു ഇത്. അഞ്ചുകോടി രൂപകൂടി അനുവദിക്കാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും എതിര്‍പ്പു ശക്തമായപ്പോള്‍ പിന്മാറി. സര്‍ക്കാര്‍ പരസ്യനിലപാടെടുത്തതിനു പിന്നാലെ ലളിതകലാ അക്കാദമിയും സാഹിത്യ അക്കാദമിയുമൊക്കെ ബിനാലെക്കെതിരെ രംഗത്തുവന്നതും പ്രതിസന്ധിയായി. സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കണമെന്ന് മുന്‍നിര സാംസ്കാരികപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

deshabhimani 181212

No comments:

Post a Comment