Saturday, December 22, 2012

സ്ത്രീരോഷം അഗ്നിയായി: ഡല്‍ഹി സ്തംഭിച്ചു


സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത ഭരണകര്‍ത്താക്കള്‍ക്കെതിരെ അതിശക്തമായ രോഷപ്രകടനത്തിന് വെള്ളിയാഴ്ച രാജ്യതലസ്ഥാനം സാക്ഷ്യംവഹിച്ചു. വിവിധ വനിതാസംഘടനകള്‍ നടത്തിയ പ്രകടനം പ്രതിരോധങ്ങളെ തട്ടിനീക്കി രാഷ്ട്രപതിഭവന്റെ മുന്നിലെത്തി, ഇന്ത്യാഗേറ്റിലെത്തി അവസാനിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമെന്‍, വൈഡബ്ലിയുസിഎ, ജെഡബ്ലിയുപി, സിഡബ്ലിയുഡിഎസ്, ഗില്‍ഡ് ഓഫ് സര്‍വീസ്, സിപിഎ, എസ്എംഎസ്, എംഡബ്ല്യുഎഫ്, ജാഗൊരി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രകടനം. "സ്ത്രീകള്‍ക്ക് സുരക്ഷവേണം, നീതിവേണം" എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ആയിരക്കണക്കിന് സ്ത്രീകള്‍ റെയില്‍ഭവനുമുന്നില്‍നിന്നും പാര്‍ലമെന്റ് മന്ദിരം കടന്ന് സൗത്ത് ബ്ലോക്കിലേക്ക് നീങ്ങി. വിജയ്പഥിലൂടെ സൗത്ത്ബ്ലോക്കിനു മുന്നിലേക്കു നീങ്ങിയ പ്രകടനത്തെ പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറി. രാഷ്ട്രപതിഭവന്‍ ഗേറ്റിനടുത്തേക്ക് നീങ്ങിയ സ്ത്രീകളെ തടയാനുള്ള പൊലീസ് ശ്രമം വീണ്ടും പരാജയപ്പെട്ടു. പ്രധാന ഗേറ്റിനു മുന്നില്‍നിന്ന് സ്ത്രീകള്‍ മുദ്രാവാക്യം മുഴക്കി. അതിനിടെ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്റെ വാഹനം തടഞ്ഞു.

ഡല്‍ഹിയില്‍ പ്രകടനങ്ങളെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനപ്പുറത്തേക്ക് കടക്കാന്‍ അനുവദിക്കാറില്ല. സ്ത്രീകളുടെ പ്രകടനം രാഷ്ട്രപതിഭവന്റെയും പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സൗത്ത് ബ്ലോക്കിന്റെയും മുന്നിലെത്തിയപ്പോള്‍ ഭരണസംവിധാനമാകെ ഞെട്ടി. പ്രകടനക്കാര്‍ രാഷ്ട്രപതിഭവനു മുന്നില്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ചശേഷം പത്ത് മിനിറ്റോളം മുദ്രാവാക്യം മുഴക്കി. സ്ഥലത്തെത്തിയ വനിതാപൊലീസ് പടയ്ക്കും സമരക്കാരെ നീക്കാനായില്ല. തുടര്‍ന്ന് വിജയ്പഥിലൂടെ ഇന്ത്യാഗേറ്റിലേക്ക്. അവിടെ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുക എന്ന മുദ്രാവാക്യമുള്ള വലിയ ക്യാന്‍വാസില്‍ നിരവധി പേര്‍ ചിത്രം വരച്ചു. ഡിവൈഎഫ്ഐ, വിവിധ സാംസ്കാരിക സംഘടനകള്‍ എന്നിവരുടെ പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യവുമായി ഇന്ത്യാ ഗേറ്റിലെത്തി. പ്രകടനത്തിന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധാ സുന്ദരരാമന്‍, എന്‍എഫ്ഐഡബ്ല്യു ജനറല്‍ സെക്രട്ടറി ആനി രാജ, മോഹിനി ഗിരി, ജ്യോത്സ്ന ചാറ്റര്‍ജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ വീടിനു മുന്നിലേക്കും ജന്ദര്‍മന്തറിലും വന്‍ പ്രകടനങ്ങള്‍ നടന്നു.
(വി ജയിന്‍)

പൊലീസ് റിപ്പോര്‍ട്ടില്‍ കോടതിക്ക് അതൃപ്തി

ബസില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡല്‍ഹി ഹൈക്കോടതി കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചു. സംഭവം നടന്ന സ്ഥലത്ത് പൊലീസ് പട്രോളിങ് നടത്തിയ ഉദ്യോഗസ്ഥരെക്കുറിച്ച് കോടതി ആരാഞ്ഞിരുന്നു. പക്ഷേ, പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥരെക്കുറിച്ച് പരാമര്‍ശമില്ല. എല്ലാ കാര്യങ്ങളും വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടതെന്നും സമര്‍പ്പിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും ചീഫ് ജസ്റ്റിസ് ഡി മുരുകേശന്‍ പറഞ്ഞു. ഡല്‍ഹിയിലെ പ്രധാന റോഡിലൂടെ 40 മിനിറ്റ് ഒരു പെണ്‍കുട്ടി ബസില്‍ പീഡിപ്പിക്കപ്പെട്ടു. നിരവധി ചെക് പോയിന്റുകളില്‍കൂടി കര്‍ട്ടനിട്ടു മറച്ച ബസ് കടന്നുപോയിട്ടും തടഞ്ഞുനിര്‍ത്തി പരിശോധിക്കാത്തത് അത്ഭുതകരമാണ്-കോടതി പറഞ്ഞു. കേസ് ജനുവരി ഒന്‍പതിന് വീണ്ടും കേള്‍ക്കും. അന്വേഷണത്തിന് ഫോറന്‍സിക് ലാബ് അടക്കമുള്ള സംവിധാനങ്ങളില്ലാത്തത് ശ്രദ്ധയില്‍പെട്ട കോടതി ഇക്കാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹി ഗവണ്‍മെന്റിനോട് നിര്‍ദേശിച്ചു.

പെണ്‍കുട്ടിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റി തനിയേ ശ്വസിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ആരോഗ്യനില ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തത്തില്‍ പ്ലേറ്റ്ലെറ്റ്സ് കുറഞ്ഞിട്ടുണ്ട്. കരളില്‍ അണുബാധയ്ക്കും സാധ്യതയുണ്ട്. നിരവധി ശസ്ത്രക്രിയകള്‍ നടത്തി. ചെറുകുടലിന്റെയും ആമാശയത്തിന്റെയും ഭാഗങ്ങള്‍ നീക്കം ചെയ്തുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സയുടെ മേല്‍നോട്ടത്തിനായി സര്‍ക്കാര്‍ അഞ്ചംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സമിതി രൂപീകരിച്ചു. ചികിത്സയ്ക്കുവേണ്ടി എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുടല്‍മാറ്റ ശസ്ത്രക്രിയക്ക് ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകുന്നതിന്റെ സാധ്യതകളും പരിശോധിക്കുമെന്നും ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. സൗജന്യമായി കുടല്‍മാറ്റ ശസ്ത്രക്രിയ നടത്താമെന്ന് ഗംഗാറാം ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുക്കാന്‍ പൊലീസിനെ അനുവദിച്ചു. ചോദ്യാവലി തയ്യാറാക്കി നല്‍കാനാണ് നിര്‍ദേശം. മറുപടി എഴുതി നല്‍കുകയോ ആംഗ്യംകൊണ്ട് വ്യക്തമാക്കുകയോ ചെയ്യാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കാന്‍ ആവശ്യമായ തെളിവു ലഭിച്ചുവെന്ന് ഡല്‍ഹി സിറ്റി പൊലീസ് കമീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബദായൂന്‍, ബറേലി എന്നിവിടങ്ങളില്‍നിന്നാണ് കേസിലുള്‍പ്പെട്ട രണ്ടുപേരെക്കൂടി വ്യാഴാഴ്ച രാത്രി പിടികൂടി. ഇവരെ ചോദ്യംചെയ്യുന്നുണ്ട്. നേരത്തെ നാലുപേര്‍ പിടിയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ കൂട്ട ബലാത്സംഗംചെയ്ത് വലിച്ചെറിഞ്ഞത്. സംഭവത്തെപ്പറ്റി കേന്ദ്രആഭ്യന്തര സെക്രട്ടറിയോടും ഡല്‍ഹി പൊലീസ് കമീഷണറോടും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി വിശദീകരണം തേടി. 27ന് ചേരുന്ന ആഭ്യന്തരം സംബന്ധിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഇരുവര്‍ക്കും നോട്ടീസ് നല്‍കി. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളിലെ പ്രതികള്‍ക്ക് കൂടുതല്‍ ശിക്ഷ കിട്ടുന്നതിനായി നിയമം ഭേദഗതിചെയ്യാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചു. ഭരണം അടിമുടി തകര്‍ന്നതിന്റെ തെളിവാണ് ഡല്‍ഹിയിലെ കൂട്ട ബലാല്‍സംഗമെന്ന് കരസേന മുന്‍ തലവന്‍ റിട്ട. ജനറല്‍ വി കെ സിങ് പറഞ്ഞു.

ബലാത്സംഗം നടത്തുന്നവരെ ഷണ്ഡന്മാരാക്കണം: ദേശീയ വനിതാ കമീഷന്‍

ന്യൂഡല്‍ഹി: ബലാത്സംഗംപോലെയുള്ള ഹീനകൃത്യം ചെയ്യുന്നവര്‍ക്ക് പരമാവധി ശിക്ഷയ്ക്കു പുറമെ അവരെ ഷണ്ഡന്മാരാക്കുകയും വേണമെന്ന് ദേശീയ വനിതാ കമീഷന്‍. ചെയ്ത കുറ്റത്തെപ്പറ്റി നിത്യവും പശ്ചാത്തപിക്കാന്‍ ഇത് വളരെ അത്യാവശ്യമാണെന്ന് ന്യൂഡല്‍ഹിയില്‍ ദേശീയ സെമിനാറില്‍ സംസാരിക്കവെ ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ മമ്ത ശര്‍മ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷ വേഗത്തില്‍ നല്‍കിയില്ലെങ്കില്‍ സ്ത്രീകള്‍ക്ക് അരക്ഷിതബോധമുണ്ടാകും. ഡല്‍ഹിയില്‍ ഇരുപത്തിമൂന്നുകാരിയെ ബസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സാഹചര്യത്തിലാണ് ഈ പ്രതികരണം.

deshabhimani

No comments:

Post a Comment