Saturday, December 22, 2012
അടുക്കാനാകാതെ ക്രിസ്മസ് വിപണി
ക്രിസ്മസിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്ക്രിയം. കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് ചന്തകളില്‍ പലയിടത്തും വെള്ളിയാഴ്ച അരിവിതരണം പൂര്‍ണമായും നിലച്ചു. അരി വാഗണ്‍ ഇനിയും എത്തിയിട്ടില്ലെന്നാണ് കണ്‍സ്യൂമര്‍ഫെഡ് നല്‍കുന്ന വിശദീകരണം. അരിവില പിടിച്ചുനിര്‍ത്താന്‍ സപ്ലൈകോ വിപണനകേന്ദ്രങ്ങള്‍വഴിയും റേഷന്‍കടകള്‍വഴിയും വിതരണംചെയ്യുമെന്ന് സര്‍ക്കാര്‍ ദിവസങ്ങളായി പ്രഖ്യാപിച്ച കേന്ദ്രവിഹിതം അരിയും എങ്ങുമെത്തിയില്ല. പഴം, പച്ചക്കറിവിപണിയിലും വിലക്കയറ്റം നിയന്ത്രണാതീതമായി തുടരുകയാണ്. കണ്‍സ്യൂമര്‍ഫെഡിനും സിവില്‍ സപ്ലൈസ് കോര്‍പറേഷനും നല്‍കുമെന്നു പറഞ്ഞ സാമ്പത്തികസഹായം നല്‍കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പ്രഹസനമായി തുടരുന്ന റെയ്ഡുകള്‍ക്കൊപ്പം കരിഞ്ചന്തയും പൂഴ്ത്തിവയ്പും തുടരുന്നതും വിലക്കയറ്റം തുടരാന്‍ ഇടയാക്കി.
തുറന്ന വിപണി വില്‍പ്പന പദ്ധതിയില്‍ സപ്ലൈകോ ഔട്ട്ലെറ്റുകള്‍വഴി നല്‍കുമെന്നു പറഞ്ഞ അധികം അരി എഫ്സിഐയില്‍നിന്ന് ഏറ്റെടുക്കാന്‍ റേഷന്‍ മൊത്തവിതരണക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കമീഷന്‍ വര്‍ധിപ്പിച്ചു നല്‍കണമെന്ന ഇവരുടെ ആവശ്യം ചര്‍ച്ചചെയ്യാന്‍പോലും സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. ബുധനാഴ്ചമുതല്‍ 19.50 രൂപ നിരക്കില്‍ 10 കിലോ അരി അധികമായി റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുമെന്നാണ് ഭക്ഷ്യമന്ത്രി അവസാനം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പൊതുവിതരണമേഖല പൂര്‍ണമായും സ്തംഭിച്ചതോടെ അരിവില വരുംദിവസം അമ്പതുകടക്കാനിടയുണ്ട്. എഫ്സിഐയില്‍ കെട്ടിക്കിടക്കുന്ന പുഴുത്തുനാറിയ അരിയാണ് കരിഞ്ചന്ത വിലയ്ക്ക് സര്‍ക്കാര്‍ നല്‍കാനിരിക്കുന്നത്. ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും നല്‍കുന്ന അതേ അരിയാണ് 19.50 രൂപ നിരക്കില്‍ വിതരണംചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടത്. എന്നാല്‍, ഇതും നടന്നില്ല. റേഷന്‍കടയുടമകളും സമരത്തിലാണ്. റേഷന്‍കടവഴി വിതരണംചെയ്യേണ്ട ക്രിസ്മസ് സ്പെഷ്യല്‍ പഞ്ചസാരയും ഒരിടത്തും നല്‍കിയിട്ടില്ല. അതേമസയം, പഞ്ചസാര വില പൊതുവിപണിയില്‍ 42 രൂപവരെയായി ഉയര്‍ന്നിട്ടുണ്ട്.
പൊള്ളുന്ന വിലക്കയറ്റത്തില്‍നിന്ന് ആശ്വാസം പ്രതീക്ഷിച്ച് സര്‍ക്കാരിന്റെ ക്രിസ്മസ് ചന്തകളില്‍ എത്തുന്ന ജനം നിരാശരായി മടങ്ങുകയാണ്. ആവശ്യത്തിന് സാധനങ്ങള്‍ ഇല്ലെന്നതിനു പുറമെ ഉള്ള സാധനങ്ങള്‍ വാങ്ങാന്‍ പകലന്തിയോളം ക്യൂനില്‍ക്കേണ്ട അവസ്ഥയുമാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിലുള്ള സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരെ കക്ഷി രാഷ്ട്രീയഭേദമെന്യേ രൂക്ഷവിമര്‍ശം ഉന്നയിക്കുമ്പോള്‍ സര്‍ക്കാര്‍ തരംതാണ രാഷ്ട്രീയക്കളിയും കളിക്കുന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതിവിതരണ കേന്ദ്രങ്ങളില്‍നിന്ന് സാധനങ്ങള്‍ വിതരണംചെയ്യുന്നതില്‍ രാഷ്ട്രീയപക്ഷപാതം കാണിക്കുകയാണ്. എല്‍ഡിഎഫ് ഭരിക്കുന്ന സംഘങ്ങള്‍ക്ക് സബ്സിഡി സാധനങ്ങളും നല്‍കുന്നില്ല. യുഡിഎഫ് നേതാക്കളുടെയും ഭരണപക്ഷ എംഎല്‍എമാരുടെയും ശുപാര്‍ശയിലാണ് ഇപ്പോള്‍ സാധനങ്ങള്‍ നല്‍കുന്നത്.
(വി ഡി ശ്യാംകുമാര്‍)
deshabhimani 221212
Labels:
പൊതുവിതരണം,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment