Tuesday, December 18, 2012

ബൈലോ ഭേദഗതി അംഗീകരിച്ചത് ചട്ടലംഘനം


തൃശൂര്‍ ജില്ലാ സഹ. ബാങ്കുകളുടെ ഭരണം യുഡിഎഫ് പിടിച്ചെടുക്കാനായി നടത്തിയ ബൈലോ ഭേദഗതി സഹകരണ രജിസ്ട്രാര്‍ അംഗീകരിച്ചത് ചട്ടലംഘനം. ജില്ലാ ബാങ്ക് ജനറല്‍ ബോഡികള്‍ അംഗികരിച്ചുവെന്ന വ്യാജ റിപ്പോര്‍ട്ടുകളുമായി ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ സമര്‍പ്പിച്ച ബൈലോഭേദഗതി നിര്‍ദേശങ്ങളാണ് രജിസ്ട്രാര്‍ ഡിസംബര്‍ 11ന് രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. എന്നാല്‍ രജിസ്ട്രേഷനു മുമ്പ് സംസ്ഥാന സഹകരണ യൂണിയന്‍, സംസ്ഥാന സഹകരണ ബാങ്ക് എന്നിവയുടെ അംഗീകാരം വേണമെന്നാണ് നിയമം. ഇതു ലഭിക്കുംമുമ്പേ ഭേദഗതികള്‍ അംഗീകരിക്കുകയായിരുന്നു. 2002ല്‍ ചിറ്റൂര്‍ പട്ടഞ്ചേരി സഹകരണ ബാങ്കിന്റെ കേസില്‍ ബൈലോ ഭേദഗതികള്‍ക്ക് സംസ്ഥാന സഹകരണ യൂണിയന്‍, സംസ്ഥാന സഹ. ബാങ്ക് എന്നിവയുടെ അംഗീകാരം വേണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവായിട്ടുണ്ട്. 2007ല്‍ സഹകരണ നിയമഭേദഗതിയിലെ ചട്ടങ്ങളില്‍ ഇത് ഉള്‍പ്പെടുത്തി. സംസ്ഥാന സഹകരണ ബാങ്കിന്റെയും സഹകരണ യൂണിയന്റെയും അംഗീകാരമില്ലാത്ത ബൈലോ ഭേദഗതികള്‍ പലപ്പോഴും റദ്ദാക്കിയിട്ടുണ്ട്. പൊതുയോഗങ്ങള്‍ പാസ്സാക്കിയ ബൈലോ ഭേദഗതി നിര്‍ദേശം സംസ്ഥാന സഹകരണ ബാങ്കിനും യൂണിയനും രജിസ്ട്രാര്‍ അയച്ചുകൊടുക്കണം. 30 ദിവസത്തിനകം മറുപടി ലഭിക്കാതിരിക്കുകയോ വിയോജിപ്പ് രേഖപ്പെടുത്താതിരിക്കുകയോ ചെയ്താലേ ഭേദഗതികള്‍ അംഗീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് അധികാരമുള്ളൂ. അസാധാരണ സാഹചര്യങ്ങളിലും രജിസ്ട്രാര്‍ക്ക് ഭേദഗതി അംഗീകരിക്കാം.

എന്നാല്‍ ഡിസംബര്‍ ഒമ്പതിന് സംസ്ഥാന സഹകരണ യൂണിയന് രജിസ്ട്രാര്‍ അയച്ച കത്തില്‍ രണ്ടു ദിവസത്തിനകം അംഗീകരിച്ചു നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. പത്തുദിവസം സമയം വേണമെന്ന് യൂണിയന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല. ഡിസംബര്‍ 7, 9 തീയതികളില്‍ നടന്ന ജില്ലാ ബാങ്ക് ജനറല്‍ ബോഡികള്‍ പലതും തര്‍ക്കത്തിലും സംഘര്‍ഷത്തിലുമാണ് അവസാനിച്ചത്. തൃശൂരിലടക്കം പലയിടത്തും ബൈലോ ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളി. എന്നിട്ടും പൊതുയോഗങ്ങള്‍ പാസാക്കിയെന്നു പറഞ്ഞ് ജോയിന്റ് രജിസ്ട്രാര്‍മാരായ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍മാര്‍ ബൈലോ ഭേദഗതികള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഇതില്‍ നിയമപ്രകാരമുള്ള നടപടികളിലേക്ക് കടക്കാതെ രജിസ്ട്രാര്‍ ഏകപക്ഷീയമായി അംഗീകരിക്കുകയായിരുന്നു. യുഡിഎഫ് തട്ടിക്കൂട്ടിയ കടലാസ് സംഘങ്ങള്‍ക്കെല്ലാം വോട്ടവകാശം ലഭ്യമാക്കി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സഹകരണ തെരഞ്ഞടുപ്പ് കമീഷണറോടും ആവശ്യപ്പെട്ടിരിക്കയാണ്. ഫെബ്രവുരി 10, 11, 12 തീയതികളില്‍ ജില്ലാ ബാങ്കുകളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദേശമാണ് സമര്‍പ്പിച്ചിട്ടുള്ളത്.

deshabhimani 181212

No comments:

Post a Comment