Tuesday, December 18, 2012
രാജ്യത്ത് സാമ്പത്തികമാന്ദ്യം തുടരുന്നുവെന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് സാമ്പത്തികമാന്ദ്യം തുടരുന്നുവെന്ന് ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 5.4 ശതമാനം വളര്‍ച്ചനിരക്കു മാത്രമേ കൈവരിക്കാന്‍ കഴിഞ്ഞുള്ളൂ. 2011-12 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 7.3 ശതമാനം വളര്‍ച്ചനിരക്ക് നേടിയിരുന്നു. 2011-12ലെ അവസാനപാദംമുതല്‍ 2012-13 വര്‍ഷത്തെ രണ്ടാംപാദംവരെ 5.3-5.5 ശതമാനം സാമ്പത്തികവളര്‍ച്ചമാത്രമേ കൈവരിക്കാന്‍ കഴിഞ്ഞുള്ളൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2005 മുതല്‍ 2008 വരെയുള്ള സമയത്ത് ഒന്‍പത് ശതമാനത്തിലധികമായിരുന്നു വളര്‍ച്ചനിരക്ക്. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. കൃഷിയും അനുബന്ധ മേഖലകളും, വ്യവസായം, നിര്‍മിതോല്‍പ്പന്ന മേഖല, വൈദ്യുതി, വാതകം, ജലവിതരണം, സേവന മേഖല എന്നിവയില്‍ വളര്‍ച്ചനിരക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയിലുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞു. ഖനം, നിര്‍മാണമേഖല എന്നിവയില്‍മാത്രമാണ് വളര്‍ച്ചനിരക്ക് ഉയര്‍ന്നത്. കാര്‍ഷികമേഖലയില്‍ 3.4 ശതമാനത്തില്‍നിന്ന് 2.1 ശതമാനമായും വ്യവസായത്തില്‍ 4.7ല്‍നിന്ന് 3.2 ശതമാനമായും നിര്‍മിതോല്‍പ്പന്നമേഖലയില്‍ 5.1ല്‍നിന്ന് 0.5 ശതമാനമായും സേവനമേഖലയില്‍ 9.5 ശതമാനത്തില്‍നിന്ന് ഏഴ് ശതമാനമായും വളര്‍ച്ചനിരക്ക് കുറഞ്ഞു. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തില്‍ കൃഷി, വ്യവസായം, നിര്‍മിതോല്‍പ്പന്ന മേഖല, സേവനമേഖല എന്നിവയുടെ പങ്ക് കുറഞ്ഞു.
കാര്‍ഷികമേഖലയില്‍ വളര്‍ച്ച കുറഞ്ഞത് ഗൗരവമായ പ്രശ്നമാണ്. ഖാരിഫ് കൃഷിയിറക്കല്‍ കാലത്ത് ഭക്ഷ്യധാന്യങ്ങള്‍, പരുക്കന്‍ ധാന്യങ്ങള്‍ എന്നിവ കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി കുറഞ്ഞു. കാലവര്‍ഷം കുറഞ്ഞതാണ് കാരണം. വ്യവസായമേഖലയിലെ വളര്‍ച്ചനിരക്കിലുണ്ടായ തളര്‍ച്ചയാണ് ഏറെ ആശങ്കാജനകം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആദ്യപകുതിയില്‍ 5.1 ശതമാനം വളര്‍ച്ചനിരക്ക് നേടിയ വ്യവസായമേഖല 2012-13ലെ ആദ്യപകുതിയില്‍ 0.1 ശതമാനംമാത്രം വളര്‍ച്ചയാണ് നേടിയത്. നിര്‍മിതോല്‍പ്പന്ന മേഖലയില്‍ കഴിഞ്ഞ 15 മാസത്തെ ശരാശരി വളര്‍ച്ചനിരക്ക് ഒരു ശതമാനത്തില്‍ താഴെയാണ്. വ്യവസായനിക്ഷേപവും കയറ്റുമതിയും കുറയുന്നതാണ് വ്യവസായരംഗത്തെ, പ്രത്യേകിച്ച് നിര്‍മിതോല്‍പ്പന്ന മേഖലയിലെ വളര്‍ച്ച കുറയാന്‍ കാരണമായത്. കല്‍ക്കരിയുടെ ലഭ്യത കുറഞ്ഞത് വൈദ്യുതോല്‍പ്പാദനം കുറയാനുമിടയാക്കി. ആഗോള സാമ്പത്തികസ്ഥിതി മെച്ചമാകാത്തത് ഇന്ത്യയുടെ കയറ്റുമതിയിലും വലിയ കുറവുണ്ടാക്കി. 2012 ഏപ്രില്‍ മുതല്‍ സെപ്തംബര്‍വരെയുള്ള കാലയളവില്‍ കയറ്റുമതിയില്‍ ഏഴ് ശതമാനം കുറവുണ്ടായി. ആദ്യപാദത്തില്‍ 4.5 ശതമാനത്തിന്റെയും രണ്ടാം പാദത്തില്‍ പത്ത് ശതമാനത്തിന്റെയും കുറവാണുണ്ടായത്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ അഞ്ചിലൊരു ഭാഗം യൂറോപ്യന്‍ യൂണിയനിലേക്കാണ്. അവിടെ സാമ്പത്തികമാന്ദ്യം തുടരുന്നതിനാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യം കുറയുകയാണ്. യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതിയില്‍ 2012-13 വര്‍ഷത്തെ ആദ്യപകുതിയില്‍ 11.1 ശതമാനത്തിന്റെ കുറവുണ്ടായി. 2013 മാര്‍ച്ച് വരെ കയറ്റുമതിയിലെ കുറവ് തുടരുമെന്നാണ് സൂചന.
(വി ജയിന്‍) deshabhimani 181212
Labels:
രാഷ്ട്രീയം,
സാമ്പത്തികം
Subscribe to:
Post Comments (Atom)
No comments:
Post a Comment