Thursday, December 20, 2012
ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ നട്ടെല്ലൊടിച്ചു
സ്വകാര്യ ബാങ്കുകളുടെ ചൂഷണം അവസാനിപ്പിക്കാനാണ് 1969ല്‍ രാജ്യത്ത് ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. എന്നാല്‍,ഇപ്പോള്‍ ബാങ്കിങ് നിയമ ഭേദഗതിയിലൂടെ രണ്ടാം യുപിഎ സര്‍ക്കാര്‍ ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ നട്ടെല്ല് അടിച്ചൊടിച്ചു. ഇന്ത്യന്‍ ബാങ്കുകളെയും നിക്ഷേപത്തെയും ആഗോള സാമ്പത്തികചാഞ്ചാട്ടങ്ങള്‍ക്ക് വിട്ടുകൊടുത്ത് അരക്ഷിതമാക്കുന്നതാണ് ഭേദഗതി. പൊതുമേഖല-സ്വകാര്യ ബാങ്കുകളെ ബഹുരാഷ്ട്ര കുത്തക സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വിഴുങ്ങാന്‍ വിട്ടുനല്‍കി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്കയോടും സാമ്രാജ്യത്വസ്ഥാപനങ്ങളോടുമുള്ള വാക്കുപാലിച്ചു. ബാങ്കിങ് റഗുലേഷന്‍ ആക്ടിലെ സെക്ഷന്‍-5എ ഭേദഗതി കോര്‍പറേറ്റുകള്‍ക്ക് വന്‍ നേട്ടമാകും. ഇടപാടുകാര്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുകയുടെ 23 ശതമാനം സര്‍ക്കാര്‍ ബോണ്ടുകളിലോ സെക്യൂരിറ്റികളിലോ നിക്ഷേപിക്കണമെന്നുണ്ട്. സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ എന്നാണ് ഈ 23 ശതമാനത്തെ വിശേഷിപ്പിക്കുന്നത്. ഈ തുക കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ബോണ്ടുകളിലും സെക്യൂരിറ്റികളിലും നിക്ഷേപിക്കാന്‍ പുതിയ ഭേദഗതിയിലൂടെ വഴിതുറന്നു. 12.50 ലക്ഷം കോടി രൂപയാണ് ഇത്തരം സെക്യൂരിറ്റികളിലും ബോണ്ടുകളിലുമായി ഉള്ളത്. ഈ തുക ഊഹക്കച്ചവടത്തിനായിരിക്കും കോര്‍പറേറ്റുകള്‍ വിനിയോഗിക്കുക.
രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ കൈയടക്കാനുള്ള വിദേശ കുത്തകകളുടെ നീക്കത്തിന് ഇതുവരെ തടയിട്ടത് ബാങ്കിങ് നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 12 (2) ആണ്. സ്വകാര്യ ബാങ്കുകളില്‍ എത്ര ശതമാനം ഓഹരികളുണ്ടെങ്കിലും അവരുടെ വോട്ടവകാശം 10 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. പുതിയ ഭേദഗതിയിലൂടെ വോട്ടവകാശം പത്തില്‍നിന്ന് 26 ശതമാനമാക്കി ഉയര്‍ത്തി. ഇതുമൂലം രണ്ട് സംഘം കുത്തക ഓഹരി ഉടമകള്‍ വിചാരിച്ചാല്‍ സ്വകാര്യ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയും. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇതുമൂലം കഴിയുമെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. കൂടുതല്‍ നിക്ഷേപം വരികയെന്നതിനര്‍ഥം കൂടുതല്‍ ഓഹരികളിലൂടെ കൂടുതല്‍ വോട്ടവകാശം കോര്‍പറേറ്റുകളുടെ കൈയിലെത്തുമെന്നാണ്. ഇന്ത്യന്‍ സ്വകാര്യ ബാങ്കുകളുടെ നിയന്ത്രണം അങ്ങനെ വിദേശ മൂലധനശക്തികളുടെ കൈയിലെത്തും. 4549 കോടി രൂപ മൂലധനമുള്ള സ്വകാര്യ ബാങ്കുകളില്‍ 8.25 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. സ്വകാര്യ ബാങ്കുകളിലെ മൂലധനത്തിന്റെ 51 ശതമാനമായ 2300 കോടിയുടെ ഓഹരികള്‍ നേടിയാല്‍ എട്ടേകാല്‍ ലക്ഷം കോടി രൂപയുടെ നിക്ഷേപം നിയന്ത്രിക്കാനുള്ള അധികാരമാണ് വിദേശ കമ്പനികള്‍ക്ക് ലഭിക്കുക. ഇപ്പോള്‍ത്തന്നെ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐഎന്‍ജി വൈശ്യ ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ പകുതിയിലധികം ഓഹരി വിദേശനിക്ഷേപകര്‍ക്കാണ്. ഫെഡറല്‍ ബാങ്കില്‍ 43 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 40 ശതമാനവും വിദേശ ഓഹരികളുണ്ട്.
ദേശസാല്‍കൃത ബാങ്കുകളിലെ അംഗീകൃത മൂലധനപരിധി 1500 കോടിയില്‍നിന്ന് 3000 കോടിയായി ഉയര്‍ത്തുന്നത് ക്രമേണ ദേശസാല്‍കൃത ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിന് വഴിവയ്ക്കും. ദേശസാല്‍കൃത ബാങ്കുകളിലെ ഓഹരിയുടമകളുടെ വോട്ടവകാശം നിലവില്‍ ഒരു ശതമാനമാണ്. ഇത് പത്ത് ശതമാനമായി ഉയര്‍ത്തിയത് ദേശസാല്‍കൃത ബാങ്കുകളുടെ മുന്‍ഗണനാക്രമം മാറ്റും. ബാങ്കുകളുടെ ലയനം, ഏറ്റെടുക്കല്‍, കൈമാറ്റം എന്നിവയുടെ ചുമതല കോമ്പറ്റീഷന്‍ കമീഷന്റെ പരിധിയില്‍നിന്ന് മാറ്റാനുള്ള വ്യവസ്ഥ ബില്ലില്‍നിന്ന് അവസാന നിമിഷം ഒഴിവാക്കി. റിസര്‍വ് ബാങ്കിനായിരിക്കും ഈ കാര്യങ്ങളില്‍ പ്രധാന ചുമതല.
(വി ജയിന്‍
deshabhimani 201212
Labels:
ബാങ്കിംഗ്
Subscribe to:
Post Comments (Atom)
No comments:
Post a Comment