Thursday, December 20, 2012

മാണിക്കും ഉറപ്പില്ല; പെന്‍ഷന്‍ കിട്ടുമോ?


പങ്കാളിത്തപെന്‍ഷനില്‍ കുടുംബപെന്‍ഷന് വ്യവസ്ഥയുണ്ടോയെന്ന ചോദ്യത്തിന് "ഇല്ല...ഉണ്ട്...ഉണ്ടി...ല്ല" എന്ന് ധനമന്ത്രി കെ എം മാണിയുടെ മറുപടി. മിനിമം പെന്‍ഷനോ? ""അതോ... ഗ്യാരന്റിയില്ല.... അല്ലെങ്കില്‍ വേണ്ട, അടച്ചത് കിട്ടും.... ""പ്രതിപക്ഷത്തുനിന്ന് തുരുതുരെ ചോദ്യങ്ങളും മാണിയുടെ അഴകൊഴമ്പന്‍ മറുപടിയും നീണ്ടപ്പോള്‍ പങ്കാളിത്തപെന്‍ഷനെ കുറിച്ച് സര്‍ക്കാരിനുള്ള ജ്ഞാനം എത്രയെന്ന് തെളിഞ്ഞു. കേന്ദ്രത്തില്‍നിന്ന് നിര്‍ദേശം വരുമെന്ന പ്രതീക്ഷയിലാണ് മാണി. ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ്. സ്റ്റാറ്റ്യുട്ടറി പെന്‍ഷനെ തകര്‍ക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങേണ്ടിവന്നു.

പങ്കാളിത്തപെന്‍ഷനെ കുറിച്ച് ചട്ടം 49 പ്രകാരം സി ദിവാകരന്‍ നോട്ടീസ് നല്‍കിയ ചര്‍ച്ച ഇങ്ങനെ കലാശിച്ചപ്പോള്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന് നൈരാശ്യം. 12 വര്‍ഷത്തിനിടെ രണ്ടാംവട്ടമാണ് ചട്ടം 49 പ്രകാരം ചര്‍ച്ച നടന്നത്. തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റം നിരോധിക്കല്‍ ഭേദഗതി, പഞ്ചായത്തീരാജ് ഭേദഗതി എന്നീ ബില്ലുകളിന്മേലുള്ള ചര്‍ച്ചയെ സജീവമാക്കിയത് ഇതര വിഷയങ്ങളാണ്. രണ്ട് ബില്ലുകളും സഭ പാസാക്കി. കൂറുമാറ്റത്തിന് വേരോട്ടമുള്ള ദേശീയ രാഷ്ട്രീയസാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റം നിരോധിക്കുന്നതിലെ അപ്രായോഗികത വിയോജനക്കുറിപ്പിലൂടെ പി ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ബില്‍ അവതരിപ്പിച്ച പഞ്ചായത്ത് മന്ത്രി എം കെ മുനീറിന്റെ സങ്കല്‍പ്പം കൊള്ളാമെങ്കിലും സാഹചര്യം അനുകൂലമല്ലെന്നാണ് ശ്രീരാമകൃഷ്ണന്റെ പക്ഷം. കാരണങ്ങള്‍ പലതാണ്്. ഒന്ന്: രാഷ്ട്രീയമായ ഇച്ഛാശക്തിയില്ല. രണ്ട്: ചില്ലറ വില്‍പ്പന മേഖലയില്‍പോലും കോര്‍പറേറ്റുകള്‍ കടന്നുവരുന്നു. മൂന്ന്: കേന്ദ്ര സര്‍ക്കാര്‍ പോലും കൂറുമാറ്റത്തിലൂടെയാണ് നിലകൊള്ളുന്നത്. കോണ്‍ഗ്രസില്‍ എ, ഐ, സുധാകരന്‍, വയലാര്‍ രവി, ചെന്നിത്തല... ഇങ്ങനെ എത്ര ഗ്രൂപ്പാണ്.

മാണി ഗ്രൂപ്പില്‍ ജോസഫ്, ജോര്‍ജ് ഗ്രൂപ്പുകളും. പോരാത്തതിന് മാണിയില്‍ കയറിപ്പറ്റാന്‍ അനൂപിന്റെ കേരള കോണ്‍ഗ്രസും. ലീഗിലുമുണ്ട് ഗ്രൂപ്പും ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പും. പുതിയ നിയമം അനുസരിച്ച് ആര് ആരുടെ വിപ്പ് അനുസരിക്കണം? ശ്രീരാമകൃഷ്ണന്റെ സംശയം. തദ്ദേശ സ്വയംഭരണ വകുപ്പിന് ഒന്നല്ല, മൂന്ന് മന്ത്രിമാരാണെന്ന് പി ടി എ റഹീം. എംഎല്‍എമാരുടെ അഞ്ചുകോടിയുടെ ആസ്തി വികസന ഫണ്ടിനെ കുറിച്ചായി പിന്നീട് സംവാദം. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, എസ് രാജേന്ദ്രന്‍, പാലോട് രവി തുടങ്ങിയവരൊക്കെ അണിനിരന്നപ്പോള്‍ കൂറുമാറ്റബില്‍ വഴിമാറി. ഇ കെ വിജയന്റെ ഊഴമെത്തിയപ്പോള്‍ വീണ്ടും ബില്ലിലേക്ക് കടന്നു. ഒരു പാര്‍ടിയില്‍നിന്ന് മാറി മറ്റൊരു പാര്‍ടിയുടെ ചിഹ്നത്തില്‍ മത്സരിക്കുന്നത് അഞ്ചുവര്‍ഷത്തേക്ക് വിലക്കാന്‍ നിയമം വേണ്ടേയെന്നായി പി അയിഷാപോറ്റി. ജനപ്രതിനിധികളെ വിലയ്ക്ക് വാങ്ങുന്ന സാഹചര്യത്തില്‍ അത്തരമൊരു നിയമത്തിന് പ്രസക്തിയുണ്ടെന്നായി വിജയന്‍. ജനങ്ങളുടെ അംഗീകാരമാണ് വലുതെന്നും മറിച്ചെല്ലാം ജനാധിപത്യവിരുദ്ധമാണെന്നും പി സി വിഷ്ണുനാഥ്. കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചശേഷം ജനിച്ചയാളാണ് വിഷ്ണുനാഥെന്ന് ഇ കെ വിജയന്‍ വാദിച്ചെങ്കിലും വിഷ്ണുനാഥ് അംഗീകരിച്ചില്ല.

സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി കണ്ണൂരില്‍നിന്നാണെന്ന പോരായ്മയാണ് ജോസഫ് വാഴക്കന്‍ നിരീക്ഷിച്ചത്. ഇറ്റലിയില്‍നിന്നുള്ള സോണിയ ഗാന്ധിയെ പ്രസിഡന്റ് ആക്കിയിട്ടാണ് വാഴക്കന്‍ മേനിനടിക്കുന്നതെന്ന് സാജുപോള്‍. 1973 ഏപ്രില്‍ ഒന്നിന് എ കെ ആന്റണി പ്രസിഡന്റായശേഷം കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് ജോസ് തെറ്റയില്‍. ആശയപരിവേഷം നല്‍കിയാലും കാലുമാറ്റം കാലുമാറ്റം തന്നെയാണെന്ന് വി ഡി സതീശന്‍. അധികാരവികേന്ദ്രീകരണ ശ്രമം ശക്തമാക്കണമെന്നായിരുന്നു സി രവീന്ദ്രനാഥിന്റെ വാദം. തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മന്ത്രി എം കെ മുനീര്‍ വ്യക്തമാക്കി. മദ്യനിരോധന കാര്യത്തില്‍ മുസ്ലിംലീഗിന് ഇരട്ടത്താപ്പാണെന്ന പി ടി എ റഹീമിന്റെ കുറ്റപ്പെടുത്തല്‍ പഞ്ചായത്തീരാജ് ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്ക് ചൂടുപകര്‍ന്നു. അഞ്ചാംമന്ത്രിക്ക് വേണ്ടി കാണിച്ച ഉശിരും വാശിയും മദ്യനിരോധന കാര്യത്തില്‍ ലീഗിന് ഇല്ലെന്ന് റഹീം.

ഇതിനിടെ യൂത്ത് ലീഗ് കാസര്‍കോട് സമ്മേളന ദിവസം മദ്യഷാപ്പ് അടയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടെന്ന കെ കുഞ്ഞിരാമന്റെ വെളിപ്പെടുത്തല്‍ എരിതീയില്‍ എണ്ണയായി. യൂത്ത്ലീഗ് സമ്മേളന നാളില്‍ കാസര്‍കോട്ട് ബാര്‍ അടച്ചിട്ടില്ലെന്നും കലക്ടര്‍ മദ്യം നിരോധിച്ചില്ലെന്നും ലീഗുകാര്‍ വാദിച്ചു. ബാറുകള്‍ അടച്ചെന്നും ഇല്ലെന്നും തര്‍ക്കം മുറുകിയപ്പോള്‍ അങ്ങനെ ഒരു വാര്‍ത്ത വന്നത് ശരിയോ തെറ്റോ എന്ന് നോക്കണമെന്ന് പി ടി എ റഹീം ഉപദേശിച്ചു. കള്ള് ചെത്ത് നിരോധിക്കണമെന്ന് പറയുന്ന ലീഗിന് ബാറിന്റെ കാര്യത്തില്‍ മറിച്ചാണ് നിലപാടെന്നായി റഹീം. എക്സൈസ് മന്ത്രിയും ലീഗും തമ്മിലുള്ള ഉരുണ്ടുകളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. പഞ്ചായത്തുകളുടെ പദ്ധതിപ്രവര്‍ത്തനം താളംതെറ്റിയത് ബി സത്യന്‍ വിശദീകരിച്ചു. ജില്ലാ ആസൂത്രണ സമിതികള്‍ യഥാസമയം കൂടുകയോ പദ്ധതിക്ക് അംഗീകാരം നല്‍കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കെ ശ്രീകണ്ഠന്‍ deshabhimani 201212

No comments:

Post a Comment