Friday, December 21, 2012

സര്‍ക്കാര്‍ നടപടി ഫാസിസ്റ്റ് രുചിയറിഞ്ഞവരുടേത്: പിണറായി


സര്‍ക്കാര്‍ നടപടി ഫാസിസ്റ്റ് രുചിയറിഞ്ഞവരുടേതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇതിന് നീതിപീഠത്തിന്റെ ഭാഗമായ ചില ഉന്നത സ്ഥാനീയര്‍ കൂട്ടുനില്‍ക്കുന്നത് ഉചിതമാണോയെന്ന് പരിശോധിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വലതുപക്ഷ മാധ്യമങ്ങള്‍ എഴുതുന്ന പ്രചാരണങ്ങള്‍ വിഴുങ്ങി ഛര്‍ദ്ദിക്കേണ്ടവരല്ല ഉന്നത സ്ഥാനത്തിരിക്കുന്നവര്‍. എം എം മണിയെ പീരുമേട് സബ്ജയിലില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.

അടുത്തകാലത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി കണ്ടാല്‍ ഫാസിസ്റ്റ് രുചിയറിഞ്ഞവരാണോ ഭരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫാസിസത്തിലേക്ക് പൂര്‍ണമായി എത്തിയെന്നല്ല കരുതുന്നത്. ഇതിന്റെ ഭാഗമായാണ് മണിയുടെ പേരില്‍ രാഷ്ട്രീയ പകപോക്കല്‍. മേല്‍ക്കോടതി തീര്‍പ്പ് കല്‍പ്പിച്ച കേസാണിത്. ഒരു തെളിവുമില്ലാതെ പ്രസംഗത്തിന്റെ പേരില്‍ നിര്‍ബന്ധപൂര്‍വം കുത്തിപ്പൊക്കി ചമച്ച കേസില്‍ മണിക്കെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല. തെളിവില്ലാത്ത കേസുകളില്‍ പോലും ജാമ്യം അനുവദിക്കാതെ നീതി നിഷേധിക്കുന്ന നിലപാട് നീതിന്യായ വ്യവസ്ഥയുടെ തകര്‍ച്ചക്കിടയാക്കും.

രാഷ്ട്രീയ കാരണങ്ങളാല്‍ നിരപരാധികളെ പീഡിപ്പിക്കുന്ന സ്ഥിതി സംസ്ഥാനത്തുണ്ട്. അന്തിമവിധി വരുന്നതുവരെ നിരപരാധിയായാണ് കോടതി കാണേണ്ടത്. എന്നാല്‍, ഇവിടെ അതല്ല. ഉന്നത സ്ഥാനത്തിരിക്കുന്ന ചിലര്‍ കസേരയ്ക്ക് അനുയോജ്യമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി പ്രഖ്യാപിക്കണം. മുന്‍ധാരണ പ്രകാരം നീതിന്യായ സംവിധാനം പോകുന്നത് ഫാസിസ്റ്റ് രുചിയറിഞ്ഞവര്‍ക്ക് കരുത്തുപകരും. തങ്ങള്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം ഉള്ളവരാണെന്നും പിണറായി പറഞ്ഞു.

deshabhimani 211212

No comments:

Post a Comment