Saturday, December 22, 2012

കെ കരുണാകരനെ മരണശേഷവും കോണ്‍ഗ്രസ് ഒതുക്കുന്നു: മുരളീധരന്‍


മരണശേഷവും കെ കരുണാകരനെ കോണ്‍ഗ്രസ് നേതൃത്വം ഒതുക്കുകയാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഞായറാഴ്ച കെ കരുണാകരന്റെ രണ്ടാം ചരമവാര്‍ഷികദിനം ആയിട്ടും അദ്ദേഹത്തിന് ഉചിതമായ ഒരു സ്മാരകം പണിയാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ കുടുംബത്തിന് അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം ശബരിമലയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് പാര്‍ടി മുന്‍കൈയെടുത്ത് പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തറക്കല്ലിടലും നടന്നു.എന്നാല്‍,വര്‍ഷം രണ്ടു പിന്നിട്ടിട്ടും ഒരു നടപടിയുമായില്ല. സംസ്ഥാനത്തിന് ഇത്രയേറെ സംഭാവന ചെയ്ത ഒരു രാഷ്ട്രീയനേതാവിനെ ഇങ്ങനെ അവഗണിക്കുന്നതില്‍ അതിയായ വിഷമമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കെ കരുണാകകരന്‍ അടക്കമുള്ളവരെ ദ്രോഹിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് താന്‍ നല്‍കിയ കത്തിന് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതിന്റെ കാരണമെന്താണെന്ന് അറിയില്ല. കേസുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ നടത്തുന്ന കേസില്‍ കക്ഷി ചേരുന്ന കാര്യം ആവശ്യമാണെങ്കില്‍ ആ സമയത്ത് പരിശോധിക്കും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യത്തില്‍ മാറ്റമില്ല. കേസിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റി തല്‍ക്കാലം വെളിപ്പെടുത്തലുകള്‍ നടത്തുന്നില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടന്ന സര്‍ക്കാര്‍ നിലപാട് എന്തുകൊണ്ടണെന്ന് അറിയില്ല. സംഭവത്തെപ്പറ്റി അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി സഭയില്‍ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

deshabhimani 221212

No comments:

Post a Comment