Saturday, December 22, 2012

മറക്കില്ല ആ സമരതീക്ഷ്ണത


വാര്‍ധക്യത്തില്‍ മറവി പിടികൂടുമ്പോഴും എഴുപതുകളിലെ മിച്ചഭൂമിസമരത്തിന്റെ ഓര്‍മകള്‍ കൈവിടാന്‍ തയ്യാറല്ല അന്ത്യാളന്‍. ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ മറ്റൊരു ഭൂസമരത്തിന് പടയൊരുക്കം നടക്കുന്നതറിഞ്ഞപ്പോള്‍ പിന്നെ അടങ്ങിയിരിക്കാനായില്ല ഈ എണ്‍പതുകാരന്. ഭൂസമരത്തിന്റെ പ്രചാരണാര്‍ഥമുള്ള വടക്കന്‍ മേഖലാ ജാഥക്ക് ചേലക്കരയില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കാനാണ് എഴുപതുകളിലെ മിച്ചഭൂമിസമരത്തില്‍ ജയില്‍വാസമനുഭവിച്ച കുറുമല പൂക്കുളങ്ങര കോളനിയില്‍ അന്ത്യാളനെത്തിയത്. നേതാക്കളുടെ പ്രസംഗം കേട്ടപ്പോള്‍ മിച്ചഭൂമിസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ച ഓര്‍മകള്‍ അയവിറക്കുകയായിരുന്നു അന്ത്യാളനും പാഞ്ഞാളില്‍നിന്നെത്തിയ കുഞ്ചുവും(72) സിപിഐ എം പാഞ്ഞാള്‍ ലോക്കല്‍ സെക്രട്ടറി ടി ചന്ദ്രശേഖരനും ദേശമംഗലം കളരിപ്പടിക്കല്‍ അയ്യപ്പനു(63)മെല്ലാം.

വടക്കാഞ്ചേരി കോടതിപ്പടിക്കല്‍ സമരം നടത്തിയപ്പോഴായിരുന്നു കുറുമല അയ്യപ്പനെ പൊലീസ് അറസ്റ്റ് ചെയ്ത് 14 ദിവസം ജയിലിലടച്ചത്. കന്നുപൂട്ടുകാരനായ അയ്യപ്പന്‍ അന്ന് ജന്മിയുടെ കൃഷിഭൂമിയില്‍ നടത്തിയ സമരത്തിലും പങ്കെടുത്തു. സിപിഐ എമ്മിന്റെ ആദ്യകാലനേതാക്കളായിരുന്ന എന്‍ എന്‍ മണ്ണഴിയുടെയും ബി പി മണിയുടെയും നേതൃത്വത്തില്‍ പാഞ്ഞാള്‍-ചെറുതുരുത്തി മേഖലകളില്‍ നടത്തിയ മിച്ചഭൂമിസമരത്തിന്റെ ആവേശമാണ് പാഞ്ഞാള്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി ചന്ദ്രശേഖരന് പറയാനുള്ളത്. ചെറുതുരുത്തി കുളമ്പുമുക്കിലുള്ള ആറ്റൂര്‍ വാധ്യാര്‍മനയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കൃഷിഭൂമി,പാഞ്ഞാള്‍ കോടിയിലുള്ള പൈനാപ്പിള്‍തോട്ടം,പൈങ്കുളം പാറത്തോപ്പിലുള്ള കൂടലാറ്റൂര്‍ മന ഭാസ്കരന്‍ നമ്പൂതിരിയുടെയും അയ്യപ്പനെഴുത്തശ്ശന്‍പടിയിലെയും തെങ്ങിന്‍തോപ്പ് എന്നിവിടങ്ങളില്‍ അന്ന് സമരം നടത്തി. തെങ്ങുകള്‍ക്കു മുകളില്‍ കയറി കൊടികെട്ടിയായിരുന്നു സമരം. വാധ്യാര്‍മനയിലെ കൃഷിഭൂമിയില്‍ കന്നു പൂട്ടിയ സമരക്കാരെ നേരിടാന്‍ പൊലീസെത്തി. സമരക്കാര്‍ ചെളിയില്‍ കുളിച്ചുനില്‍ക്കുകയായിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ പൊലീസ് മടങ്ങിയതുമെല്ലാം ആവേശം ഒട്ടും ചോരാതെ ചന്ദ്രശേഖരന്‍ വിവരിക്കുന്നു.
(കെ എം നൗഷാദ്)

deshabhimani 221212

No comments:

Post a Comment