ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്: അപ്രായോഗിക ശുപാര്‍ശകള്‍ നടപ്പാക്കരുത്-നിയമസഭ
മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ അപ്രായോഗിക ശുപാര്‍ശകള്‍ അംഗീകരിക്കരുതെന്ന് നിയമസഭ ഐകകണ്ഠ്യേന കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരിസ്ഥിതി വനമേഖലകളിലെ സംരക്ഷണത്തിനുള്ള നിര്‍ദേശങ്ങള്‍ സമഗ്രചര്‍ച്ചകള്‍ക്കുശേഷം ജനപങ്കാളിത്തത്തോടെയേ നടപ്പാക്കാവൂ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. പരിസ്ഥിതി വനം സംരക്ഷണത്തിന്റെ പ്രസക്തി പൂര്‍ണമായി അംഗീകരിക്കുന്നതിനൊപ്പം ജനജീവിതവും നാടിന്റെ വികസന ആവശ്യങ്ങളും കൂടി സമന്വയിപ്പിച്ച് പ്രായോഗികസമീപനം സ്വീകരിക്കണം. പ്രകൃതിസംരക്ഷണവും നാടിന്റെ വികസന ആവശ്യങ്ങളും പരസ്പരപൂരകമായി പോകണമെന്നും നിയമസഭ അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ശുപാര്‍ശകളെ പറ്റി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റ ഉപക്ഷേപത്തില്‍ മൂന്നു മണിക്കൂറാണ് നിയമസഭയില്‍ ചര്‍ച്ച നടന്നത്. വ്യാഴാഴ്ച വൈകിട്ട് ആറരയ്ക്ക് തുടങ്ങിയ ചര്‍ച്ച രാത്രി 9.30നാണ് അവസാനിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. ജനങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നും സംസ്ഥാനത്തിന്റെ വികാരം കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ ആവശ്യപ്പെട്ടു. ശാസ്ത്രീയ മാനദണ്ഡങ്ങളില്ലാത്ത ശുപാര്‍ശകളാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലുള്ളതെന്ന് എ കെ ബാലന്‍ പറഞ്ഞു. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പശ്ചിമഘട്ടസംരക്ഷണത്തിന് ആരും എതിരല്ല. പരിസ്ഥിതി സംരക്ഷണത്തിനും ആരും എതിരല്ല. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ കാര്‍ഷിക, വ്യവസായ, ഊര്‍ജമേഖലകളാകെ സ്തംഭിക്കും. നിലവിലുള്ള ഡാമുകളാകെ പൊളിക്കേണ്ടിവരും. സംസ്ഥാനത്തിന് ദോഷകരമായ ശുപാര്‍ശകള്‍ ഒഴിവാക്കിയേ റിപ്പോര്‍ട്ട് അംഗീകരിക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട് കാര്‍ഷികമേഖലയുടെ അടിത്തറ തകര്‍ക്കുമെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു. പരിസ്ഥിതി സംഘടനകള്‍ പലതും കടലാസ് സംഘടനകളാണെന്നും വിദേശ ഫണ്ടുകൊണ്ടാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചസാരയില്‍ പൊതിഞ്ഞ സ്റ്റീല്‍ബോംബാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ മിക്ക ശുപാര്‍ശകളുമെന്ന് രാജു എബ്രഹാം പറഞ്ഞു. ശബരിമലയുടെ വികസനത്തെയും നിര്‍ദേശങ്ങള്‍ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി എല്ലാ നടപടിയും സ്വീകരിക്കുന്നതിനൊപ്പം കര്‍ഷകരടക്കമുള്ള ജനവിഭാഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും നടപടി എടുക്കുമെന്ന് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കും. ഇതുസംബന്ധിച്ച് സര്‍വകക്ഷി യോഗം വിളിക്കാനും തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ജനവാസകേന്ദ്രങ്ങളെ അവഗണിച്ചുള്ള നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് മുല്ലക്കര രത്നാകരനും ജോസ് തെറ്റയിലും പറഞ്ഞു. എ എ അസീസ്, ടി എന്‍ പ്രതാപന്‍, റോഷി അഗസ്റ്റിന്‍, ടി എ അഹമ്മദ് കബീര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഹരിത എംഎല്‍എമാരും ഭരണകക്ഷി എംഎല്‍എമാരും ഏറ്റുമുട്ടി
നിയമസഭയില്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസിലെ ഹരിത എംഎല്‍എമാരും ഭരണകക്ഷിയിലെ മറ്റ് എംഎല്‍എമാരും ഏറ്റുമുട്ടി. ഭരണകക്ഷിയിലെ ഭിന്നത പലപ്പോഴും വാക്കേറ്റത്തിന് കാരണമായി. ടി എന്‍ പ്രതാപനടക്കമുള്ള ഹരിത എംഎല്‍എമാര്‍ റിപ്പോര്‍ട്ടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നതിനെ കോണ്‍ഗ്രസിലെ ജോസഫ് വാഴക്കനടക്കമുള്ളവര്‍ വിമര്‍ശിച്ചതോടെയാണ് തുടക്കം. പരിസ്ഥിതി തീവ്രവാദികളാണ് റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കുന്നതെന്നും വാഴക്കന്‍ തുറന്നടിച്ചു. റിപ്പോര്‍ട്ടിനെപ്പറ്റി കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് മാഫിയകളാണെന്ന് ടി എന്‍ പ്രതാപന്‍ തിരിച്ചടിച്ചു. വി ഡി സതീശനും പ്രതാപന് പിന്തുണയുമായി എത്തിയതോടെ ഇടുക്കി, എറണാകുളം ജില്ലകളില്‍നിന്നുള്ള യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. റിപ്പോര്‍ട്ടിന്റെ ആമുഖംമാത്രം വായിച്ചിട്ടുള്ള പ്രതാപന്‍ ഉള്‍പ്പേജുകള്‍കൂടി വായിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിനിടെ ചീഫ് വിപ്പ് പി സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളും ഹരിത പ്രതാപനെയും കൂട്ടരെയും ചൊടിപ്പിച്ചു. ജോര്‍ജിന്റെ പ്രകോപനപരമായ ചില പരാമര്‍ശങ്ങള്‍ രേഖയില്‍നിന്ന് നീക്കണമെന്നുള്ള വി ഡി സതീശന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിക്കുകയും ചെയ്തു.
deshabhimani 211212
No comments:
Post a Comment