Friday, December 21, 2012

സമഗ്ര കേന്ദ്രനിയമം ഉണ്ടാവില്ല; നേഴ്സിങ് പ്രശ്നങ്ങള്‍ നീളും


 കേന്ദ്രനിയമം ഉണ്ടാവില്ലെന്ന് ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് വ്യക്തമാക്കിയതോടെ, നേഴ്സിങ്രംഗത്തെ പ്രശ്നങ്ങള്‍ അനന്തമായി നീളുമെന്ന് ഉറപ്പായി. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര കേന്ദ്രനിയമം വേണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എന്നാല്‍, നിയമം രൂപീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടെന്നാണ് കേന്ദ്രമന്ത്രി കഴിഞ്ഞദിവസം രാജ്യസഭയില്‍ പറഞ്ഞത്.

ഒരുവര്‍ഷത്തിനിടെ കേരളത്തിലെ നിരവധി സ്വകാര്യ ആശുപത്രികളില്‍ മിനിമം വേതനം ആവശ്യപ്പെട്ട് നേഴ്സുമാര്‍ സമരം നടത്തിയിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാതെ മാറിനിന്ന സര്‍ക്കാര്‍, കേന്ദ്രനിയമം കൊണ്ടുവരാതെ വഴിയില്ലെന്നാണ് പറഞ്ഞിരുന്നത്. നേഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ. എസ് ബലരാമന്‍ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഡ്യൂട്ടി എട്ടുമണിക്കൂര്‍ വീതമുള്ള മൂന്നു ഷിഫ്റ്റാക്കുക, സ്റ്റാഫ് നേഴ്സിന് 12,900 രൂപയും സീനിയര്‍ സ്റ്റാഫ് നേഴ്സിന് 13,650 രൂപയും ഹെഡ് നേഴ്സിന് 15,150 രൂപയും ഡെപ്യൂട്ടി നേഴ്സിങ് സൂപ്രണ്ടിന് 17,740 രൂപയും നേഴ്സിങ് ഓഫീസര്‍ക്ക് 21,360 രൂപയും മിനിമം വേതനം നല്‍കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

ഇതംഗീകരിക്കില്ലെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍. ഇവരുടെ സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ കണ്ണടച്ചു. കമീഷന്‍ ശുപാര്‍ശകള്‍ അതേപടി നടപ്പാക്കിയാല്‍ മാനേജ്മെന്റുകള്‍ നിയമനടപടി സ്വീകരിക്കുമെന്നും ഇത് നേഴ്സുമാര്‍ക്ക് ദോഷമാകുമെന്നുമുള്ള ന്യായം നിരത്തി സര്‍ക്കാര്‍ വ്യവസായ അനുബന്ധ സമിതി രൂപീകരിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. അതിനുപിന്നാലെയാണ് സമഗ്ര കേന്ദ്ര നിയമം നടപ്പാക്കാതെ നേഴ്സുമാരുടെ പ്രശ്നങ്ങള്‍ തീരില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞത്. സര്‍ക്കാര്‍ അനാസ്ഥയാണ് ഇതിനെല്ലാം കാരണമെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞു. കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വിശദീകരിക്കണം.
(അഞ്ജുനാഥ്)

deshabhimani

No comments:

Post a Comment