Wednesday, December 19, 2012

വല്ലാര്‍പാടം: നഷ്ടപരിഹാരപാക്കേജ് നടപ്പാക്കാനായില്ലെന്ന് മന്ത്രി


വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊച്ചി അഴിമുഖത്തും പരിസരത്തും മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരപാക്കേജ് നടപ്പാക്കാനായില്ലെന്ന് മന്ത്രി കെ ബാബു എസ് ശര്‍മയെ അറിയിച്ചു. തൊഴിലും തൊഴിലുപകരണങ്ങളും നഷ്ടമായവര്‍ക്ക് 2.05 കോടിയുടെ നഷ്ടപരിഹാരപദ്ധതി രണ്ടുഘട്ടമായി നടപ്പാക്കാനായിരുന്നു തീരുമാനം. ആദ്യഘട്ടം 96,19,110 രൂപയാണ് നീക്കിവച്ചത്. ഇതില്‍ റോഡ് കണക്ടിവിറ്റി നഷ്ടപരിഹാരമായി 68,76,610 രൂപ ദേശീയപാത അതോറിറ്റി നല്‍കണം. ഇതു നല്‍കാത്തതിനാലാണ് തുക വിതരണംചെയ്യാത്തത്. റെയില്‍കണക്ടിവിറ്റിക്കായി കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റില്‍നിന്ന് 27,42,500 രൂപ കിട്ടി. എന്നാല്‍, രണ്ടാംഘട്ടത്തിലേക്കുള്ള നഷ്ടപരിഹാരത്തിനായുള്ള 1.09കോടി പോര്‍ട്ട്ട്രസ്റ്റ് നല്‍കാനുണ്ട്.

എല്‍എന്‍ജി ടെര്‍മിനലിന് 2 നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ മത്സ്യബന്ധനം നിരോധിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. എന്നാല്‍, ബന്ധപ്പെട്ടവരുടെ ആശങ്ക പരിഹരിക്കാന്‍ വീണ്ടും യോഗം വിളിക്കും. സുരക്ഷാകാരണത്താല്‍ എല്‍എന്‍ജിക്ക് ചുറ്റുമുള്ള പ്രദേശം നിയന്ത്രണമേഖലയായി പരിഗണിച്ച് സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് നാവികസേന അറിയിച്ചിട്ടുണ്ട്. ഈ മേഖലയില്‍ സിഐഎസ്എഫിനും നേവിക്കും തിരിച്ചറിയാനായി മത്സ്യത്തൊഴിലാളികള്‍ക്ക് ബയോമെട്രിക് തിരിച്ചറിയല്‍കാര്‍ഡ് നല്‍കുമെന്നും എസ് ശര്‍മയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി. മുനമ്പത്തിനും ചെല്ലാനത്തിനുമിടയില്‍ രാജ്യസുരക്ഷയുടെപേരില്‍ മത്സ്യബന്ധനം നിരോധിക്കാനുള്ള നീക്കമാണുള്ളതെന്ന് ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ച എസ് ശര്‍മ പറഞ്ഞു. കൊച്ചിക്ക് 19.5 കിലോമീറ്റര്‍ പടിഞ്ഞാറ് ഒരു നോട്ടിക്കല്‍മൈലില്‍ ഇപ്പോള്‍ നിരോധനമുണ്ട്്. കൊച്ചി അഴിമുഖംമുതല്‍ തേവര, മട്ടാഞ്ചേരി പാലങ്ങള്‍വരെ ഏഴ് കിലോമീറ്റര്‍ പ്രദേശത്തും മീന്‍പിടിത്തം തടഞ്ഞിട്ടുണ്ട്. പുതുവൈപ്പിന്‍തീരത്ത് വലിയ മറയൊരുക്കി ടാങ്ക്സംവിധാനം ഏര്‍പ്പെടുത്തുന്നതും മത്സ്യത്തൊഴിലാഴികളെ ബാധിക്കും. എണ്ണശുദ്ധീകരണശാല, എല്‍എന്‍ജി ടെര്‍മിനല്‍, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയാവാം. എന്നാല്‍, ഇതിന്റെപേരില്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതമാര്‍ഗം മുടക്കരുത്. അവര്‍ക്ക് ബയോമെട്രിക്കാര്‍ഡ് വിതരണംചെയ്താല്‍ മത്സ്യത്തൊഴിലാളികളെ ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചറിയാനാകും. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ സ്ഥാപിക്കാനായി നൂറുകണക്കിനാളുകളുടെ ഊന്നുവലകളും ചീനവലകളും ഊരിമാറ്റി. ഇവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു.

deshabhimani 191212

No comments:

Post a Comment