Thursday, December 20, 2012

ഇറ്റാലിയന്‍ നാവികര്‍ക്ക് ഇന്ത്യ വിടാന്‍ അനുമതി


കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ക്ക് ഇന്ത്യവിടാന്‍ അനുമതി. ഇവരെ പോകാന്‍ അനുവദിക്കുന്നതിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതിനെ തുടര്‍ന്നാണ് കോടതി അനുമതി നല്‍കിയത്. 6 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കണമെന്നും ജനുവരി 13നകം തിരിച്ചെത്തണമെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. നാവികരുടെ യാത്രാരേഖകള്‍ വിട്ടുനല്‍കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റഡിയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരായ ലൊത്തേറൊ മാസിമിലാനോ, സാല്‍വത്തോറ ജിറോണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജ. പി ഭവദാസന്റെ ഉത്തരവ്.

ഫെബ്രുവരി പതിനാറിനാണ് കൊല്ലം നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളുടെ നേരെ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിവെച്ചത്. രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കന്യാകുമാരി സ്വദേശി പിങ്കു, നീണ്ടകര സ്വദേശി ജലാസ്റ്റിന്‍ എന്നിവരാണ് മരിച്ചത്. ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി നല്‍കിയ ഉറപ്പിനു വിധേയമായി കോടതി തീരുമാനം കൈക്കൊള്ളണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വഞ്ചിയൂര്‍ പരമേശ്വരന്‍നായര്‍ മുഖേന കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബുധനാഴ്ച അറിയിച്ചിരുന്നു. വിട്ടയച്ചാല്‍ സൈനികര്‍ തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തിലും കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചത് സംശയാസ്പദമാണെന്ന്ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. നിരപരാധികളായ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കുറ്റവാളികളെ കോണ്‍ഗ്രസിലെ ഉന്നതരുടെ താല്‍പ്പര്യപ്രകാരം തന്ത്രപൂര്‍വം രക്ഷിക്കുകയാണ് കേന്ദ്രം എന്നായിരുന്നു ആക്ഷേപം.

ക്രിസ്മസ് ആഘോഷം കഴിഞ്ഞ് സൈനികര്‍ മടങ്ങിവരുമെന്നും വിചാരണവേളയില്‍ ഇരുവരുടെയും സാന്നിധ്യമുണ്ടാകും എന്നുമാണ് ഇറ്റാലിയന്‍ സ്ഥാനപതി ജാക്കമോ സാന്‍ ഫെലിച്ചേ നേരത്തെ നല്‍കിയ ഉറപ്പ്. കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി അയച്ച ഇമെയില്‍ സന്ദേശം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിക്കു കൈമാറി. ഇറ്റാലിയന്‍ വിദേശമന്ത്രി ഇന്ത്യന്‍ വിദേശമന്ത്രിക്കയച്ച നയതന്ത്രകത്തും കൈമാറിയിരുന്നു.

ഫ്രഞ്ച് ചാരക്കപ്പല്‍ക്കേസില്‍ കോടതി അനുമതിയോടെ ഇന്ത്യവിട്ട ഫ്രഞ്ച് പൗരന്മാരായ പ്രതികള്‍ വിചാരണയ്ക്കായി തിരികെ എത്തിയില്ലെന്നും സമാനസാഹചര്യമാണ് ഇറ്റാലിയന്‍ നാവികരുടെ കേസിലുള്ളതെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി ബോധിപ്പിച്ചിരുന്നു. പ്രതികള്‍ ഇറ്റലിയിലെത്തിയാല്‍ ഇവര്‍ റിമാന്‍ഡ്ചെയ്യപ്പെടുമെന്നും വിചാരണയ്ക്കായി തിരികെ എത്തില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഉറപ്പ് വിശ്വാസത്തിലെടുക്കാനാവില്ല. കേസിന്റെ തുടക്കംമുതല്‍ പ്രതികളോടൊപ്പംചേര്‍ന്ന് കേസ് ഇന്ത്യയില്‍ വിചാരണ നടത്താനാവില്ലെന്ന നിലപാടാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ കോടതികളില്‍ സ്വീകരിച്ചതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ബന്ധുക്കളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഇറ്റലിയിലേക്കു വിടണമെന്ന ആവശ്യം തള്ളണം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഈ വര്‍ഷം ക്രിസ്മസ് ആഘോഷം തന്നെയില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നയതന്ത്രതലത്തില്‍ സര്‍ക്കാരിനെ സമീപിക്കാതെയാണ് ഇറ്റാലിയന്‍സ്ഥാനപതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ വാദം പൂര്‍ത്തിയായി മൂന്നുമാസം പിന്നിട്ടിട്ടും വിധി വരാത്തതില്‍ ഇറ്റാലിയന്‍ സ്ഥാനപതി ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ജിയാന്‍ പോളോ ഡീപോളോ കൊച്ചിയിലെത്തി നാവികരെ വീട്ടില്‍ പോകാന്‍ അനുവദിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാവികര്‍ ഹൈക്കോടതിയെ സമീപിച്ചത്.

No comments:

Post a Comment