Thursday, December 20, 2012
ലോകം രണ്ടാം മാന്ദ്യത്തിലേക്കെന്ന് യുഎന്‍
അമേരിക്കന്‍ ധനപ്രതിസന്ധിയും യൂറോപ്യന്‍ വായ്പാ പ്രതിസന്ധിയും ലോകത്തെ തുടര്‍ച്ചയായി രണ്ടാം മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനാ മുന്നറിയിപ്പ്. അടുത്ത രണ്ടു വര്‍ഷത്തെ പ്രതീക്ഷിത ആഗോള സാമ്പത്തിക വളര്‍ച്ച മുന്‍ കണക്കുകൂട്ടലിനേക്കാള്‍ താഴെയായിരിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. "ലോക സാമ്പത്തിക സ്ഥിതിയും 2013ലെ സാധ്യതയും" എന്ന യുഎന്‍ റിപ്പോര്‍ട്ടിലാണ് സാമ്പത്തിക ലോകത്തിന്റെ സമീപഭാവി പ്രതീക്ഷയ്ക്ക് വകയുള്ളതല്ലെന്ന് വ്യക്തമാക്കുന്നത്. പണപ്പെരുപ്പ സമ്മര്‍ദങ്ങളും ഭീമമായ ധനകമ്മിയും ഇന്ത്യയ്ക്കും പരിമിതി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടിലുണ്ട്.
2012ല്‍ ലോക സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച ഗണ്യമായി കുറഞ്ഞു. അടുത്ത രണ്ട് വര്‍ഷവും അത് ദുര്‍ബലമായിരിക്കും. ലോകം 2013ല്‍ 2.7 ശതമാനവും 2014ല്‍ 3.9 ശതമാനവും വളര്‍ച്ച കൈവരിക്കും എന്നായിരുന്നു ആറുമാസം മുമ്പ് യുഎന്‍ കണക്കാക്കിയിരുന്നത്. എന്നാല്‍, അതിലും പരിതാപകരമായിരിക്കും സ്ഥിതി എന്നാണ് പുതിയ കണക്ക്. 2013ല്‍ 2.4 ശതമാനവും അടുത്തവര്‍ഷം 3.2 ശതമാനവും മാത്രമാണ് പുതിയ റിപ്പോര്‍ട്ടില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച. ഇന്ത്യയ്ക്ക് യഥാക്രമം 6.1, 6.5 ശതമാനം വീതമാണ് അടുത്ത രണ്ട് വര്‍ഷം വളര്‍ച്ച പ്രതീക്ഷിക്കുന്നത്. ദക്ഷിണേഷ്യയില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 2013ല്‍ ശരാശരി അഞ്ച് ശതമാനം വളര്‍ച്ച കൈവരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സാധ്യമായതിലും വളരെ താഴെയാണ്. പ്രധാന സമ്പദ്വ്യവസ്ഥകളായ അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തികക്കുഴപ്പത്തിലാണ് ആഗോള പ്രതിസന്ധിയുടെ വേര്. 2008-09ലെ സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതത്തില്‍നിന്ന് അമേരിക്കയും യൂറോപ്പും കരകയറാന്‍ ഇനിയും അഞ്ച് വര്‍ഷമെടുക്കും. അമേരിക്കയിലെയും യൂറോപ്പിലെയും ജപ്പാനിലെയും സാമ്പത്തിക പ്രയാസങ്ങള്‍ വികസ്വര രാജ്യങ്ങളിലേക്കും പരക്കുകയാണ്. കയറ്റുമതിക്ക് ആവശ്യം കുറയുകയും മൂലധനലഭ്യതയും വിലകളും ചാഞ്ചാട്ടത്തിന് വിധേയമാവുകയും ചെയ്യുന്നതിലൂടെയാണിത്. ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലടക്കം ദക്ഷിണേഷ്യയില്‍ തൊഴില്‍രംഗത്ത് ലിംഗപരമായ അന്തരം രൂക്ഷമാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
deshabhimani
Labels:
രാഷ്ട്രീയം,
സമ്പദ്രംഗം
Subscribe to:
Post Comments (Atom)
No comments:
Post a Comment