Saturday, December 22, 2012
അമ്മായി ചുട്ട അപ്പവും ഹലാക്കിന്റെ മദ്യവും
മുസ്ലിംലീഗുകാര്‍ക്ക് മദ്യമെന്ന് കേള്‍ക്കുമ്പോഴേ ഹറാമാണ്. ഹലാക്കായ സാധനം ലീഗുകാര്‍ ഉപയോഗിക്കില്ലെന്നാണ് വയ്പ്. എന്നാല്‍, ലീഗിന്റെ സമ്മേളനത്തിന് മുന്‍കരുതലായി ബാര്‍ പൂട്ടാന്‍ ഉത്തരവിട്ടാലോ. അതിനര്‍ഥം ലീഗുകാര്‍ കുടിച്ച് കുഴപ്പമുണ്ടാക്കുമെന്ന് കരുതിയല്ലേ എന്നായിരുന്നു സഭയിലുയര്‍ന്ന ചോദ്യം. കാസര്‍കോട് കലക്ടറുടെ ഉത്തരവിന്റെ കോപ്പിയുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയതോടെ ലീഗുകാര്‍ വെട്ടിലായി. ധനവിനിയോഗബില്ലിന്റെ ചര്‍ച്ചയിലാണ് ലീഗും മദ്യവും സഭയില്‍ ലഹരി പടര്‍ത്തിയത്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിപ്രശ്നം സംബന്ധിച്ച മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രത്യേകചര്‍ച്ച, മൂന്നുബില്ലുകള്‍ക്ക് അംഗീകാരം, 50 ഉപക്ഷേപങ്ങള്‍ എന്നിങ്ങനെ പന്ത്രണ്ട് മണിക്കൂറോളം നീണ്ടു വ്യാഴാഴ്ചത്തെ സഭാനടപടികള്‍. പരിസ്ഥിതിയും കൃഷിയും കള്ളും കാടുമെല്ലാമായി സംഭവബഹുലമായി ചര്‍ച്ചകള്‍. ധനവിനിയോഗബില്ലില്‍ കെ കെ ലതിക സംസാരിക്കവെ പി ടി എ റഹീമാണ് ലീഗ്സമ്മേളനത്തിന് ബാറും മദ്യശാലകളും പൂട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടത് ശ്രദ്ധയില്‍പ്പെടുത്തിയത്. കഴിഞ്ഞദിവസവും പ്രശ്നം ഉയര്‍ത്തിയിരുന്നെങ്കിലും കള്ളവാര്‍ത്തയെന്നായിരുന്നു ലീഗുകാര്‍ വാദിച്ചത്. അബ്ദുറഹ്മാന്‍ രണ്ടത്താണിയും എന്‍ ഷംസുദ്ദീനുമെല്ലാം റഹീമിന്റെ പരാമര്‍ശം നിഷേധിച്ച് പ്രതിഷേധവുമായി എഴുന്നേറ്റെങ്കിലും കലക്ടറുടെ ഉത്തരവുയര്‍ത്തി കോടിയേരി അത് വായിച്ചതോടെ പിന്‍വാങ്ങി. മന്ത്രിമാരായ കെ ബാബവും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെല്ലാം ലീഗുകാരെ സഹായിക്കാനെത്തിയെങ്കിലും രക്ഷയായില്ല.
ധനമന്ത്രി കെ എം മാണി സ്വന്തം വാക്കുകളുടെ തടവറയിലാണെന്ന് ധനവിനിയോഗബില്ലിനെ എതിര്‍ത്ത ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ബിനാലെയെ തട്ടിപ്പും കളവുമെന്ന് പറഞ്ഞിരുന്നവര്‍ ഉളുപ്പില്ലാതെ ഇപ്പോള്‍ ബിനാലെക്ക് തട്ടും കൊട്ടുംപാടുകയാണെന്നും ഐസക് ചൂണ്ടിക്കാട്ടി. ഗാന്ധിയോടും നെഹ്റുവിനോടും മുഖ്യമന്ത്രിയെ താരതമ്യംചെയ്ത് ഉമ്മന്‍ചാണ്ടിസ്തുതിയായിരുന്നു സി പി മുഹമ്മദിന്റെ വാക്കുകളില്‍. വിലക്കയറ്റത്തില്‍ നടുവൊടിഞ്ഞ് നാട്ടുകാര്‍ ജീവിക്കാന്‍ പാടുപെടുമ്പോള്‍ ഭരണക്കാര്‍ തോട്ടം പങ്കുവയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കിക്കുന്നതായി പി തിലോത്തമന്‍ കണ്ടെത്തി.
ബജറ്റിന്റെ പൊക്കിള്‍ക്കൊടി കണ്ടെത്തിയയാളെന്ന് കെ എം മാണിക്ക് വിശേഷണം സമ്മാനിച്ച പി കെ ബഷീര്‍ ലീഗിന്റെ സാമ്പത്തികനയത്തിന്റെ ശില്‍പ്പിയാരെന്നും വെളിപ്പെടുത്തി- കോത്തമ്പാറ കുഞ്ഞഹമ്മദ്ഹാജി. അതിവേഗം ബഹുദൂരം സര്‍ക്കാര്‍ നയത്തിലല്ല, റോഡപകടങ്ങളിലാണ് കാണുന്നതെന്ന് ജമീല പ്രകാശം നിരീക്ഷിച്ചു. കാരുണ്യത്തിന്റെ കൈത്തിരിയേന്തിയ ഫ്ളോറന്‍സ്നൈറ്റിംഗേലിനെപ്പോലെ പാവങ്ങളായ കേരളീയരുടെ മാലാഖയാണ് കെ എം മാണിയെന്ന മോന്‍സ് ജോസഫിന്റെ വിശേഷണം
ലയനത്തിനുശേഷം അദ്ദേഹം മാണിഭക്തനായെന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നതായി. പഴയ നേതാവ് പി ജെ ജോസഫിനെ സാക്ഷിയാക്കിയായിരുന്നു മാണിസ്തുതി. പാമ്പാടിയെയും പാലായെയും മാത്രം കാണുകയും കോഴിക്കോടിനെയും മലബാറിനെയും കാണാത്ത ഭരണത്തിലെ അനീതി എ കെ ശശീന്ദ്രന്‍ ചോദ്യംചെയ്തു. സര്‍ക്കാര്‍ നിക്ഷിപ്തതാല്‍പ്പര്യക്കാരുടെ സമ്മര്‍ദത്തിലാണെന്നായിരുന്നു വി ഡി സതീശന്റെ അഭിപ്രായം. സിന്ദൂരക്കുറിയില്ലെന്നുപറഞ്ഞ് ദമ്പതികളെ അകത്താക്കുന്ന പൊലീസ് പെണ്‍വാണിഭക്കാര്‍ക്ക് സല്യൂട്ടടിക്കുന്നതില്‍ കെ കെ ലതിക രോഷംകൊണ്ടു. പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണെന്നും പ്രതിപക്ഷത്തോട് വിവേചനമില്ലെന്നും മറുപടിയില്‍ മന്ത്രി കെ എം മാണി പറഞ്ഞു. ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ക്ഷേമനിധിബില്‍ മന്ത്രി അനൂപ് ജേക്കബ്ബും കേരളകാര്‍ഷിക കടാശ്വാസകമീഷന്‍ (ഭേദഗതി)ബില്‍ മന്ത്രി അടൂര്‍പ്രകാശുമാണ് അവതരിപ്പിച്ചത്. പരിമിതമായ ലക്ഷ്യമേ കാര്‍ഷിക കടാശ്വാസകമീഷന്‍ ഭേദഗതിബില്ലിനുള്ളൂവെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ ആത്മഹത്യചെയ്യാനുള്ള സാഹചര്യം ഇപ്പോഴും തുടരുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പങ്ങളെമ്പാടും ചുട്ടമ്മായി എന്ന പാട്ട് റഫീക്ക് അഹമ്മദ് എഴുതിയത് സോണിയ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വധേര 600 കോടി സമ്പാദിച്ചത് കണ്ടിട്ടില്ലേ എന്നായിരുന്നു എ എം ആരീഫിന്റെ സംശയം. ബാബു എം പാലിശേരി, കെ ദാസന്‍, വി എസ് സുനില്‍കുമാര്‍, സി കെ നാണു, പുരുഷന്‍ കടലുണ്ടി, ഷാഫി പറമ്പില്‍, ബെന്നി ബഹനാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം പരാജയപ്പെട്ടതും കാരണമായ സര്‍ക്കാര്‍ നയവും ചൂണ്ടിക്കാട്ടിയായിരുന്നു അടിയന്തരപ്രമേയം.
ഡോ. ടി എം തോമസ് ഐസക് അവതരിപ്പിച്ച വിഷയത്തില്‍ മറുപടി പറഞ്ഞ മന്ത്രി എം കെ മുനീര്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരവികേന്ദ്രീകരണത്തില്‍ കാട്ടിയ മാതൃകയെ പ്രശംസിക്കാനും തയ്യാറായി. പശ്ചിമഘട്ടം സംബന്ധിച്ച മാധവ്ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ചട്ടം 130 അനുസരിച്ച് ചര്‍ച്ചയുടെ ഭാഗമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അതേപടി നടപ്പിലായാലുണ്ടാക്കുന്ന ആശങ്കകള്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഒരേ സ്വരത്തില്‍ പങ്ക് വച്ചു.
പി വി ജീജോ deshabhimani 221212
Labels:
നിയമസഭ
Subscribe to:
Post Comments (Atom)
No comments:
Post a Comment