Friday, December 21, 2012
"ചെഗുവേര എന്റെ ജീവിത സഖാവ്" പ്രകാശനം ചെയ്തു
കൊച്ചി: അനശ്വര വിപ്ലവകാരി ചെഗുവേരയുടെ ജീവിതസഖി അലൈഡാ മാര്‍ച്ച് രചിച്ച "ചെഗുവേര എന്റെ ജീവിത സഖാവ്" എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു. ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് പുസ്തകത്തിന്റെ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മയായ സമത പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ മൊഴിമാറ്റം നിര്‍വഹിച്ചത് രാജന്‍ തുവ്വാരയാണ്.
"ചെഗുവേര എന്റെ ജീവിത സഖാവ്" എന്ന പുസ്തകം തൊടുമ്പോള്‍ നാം ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തെയാണ് തൊടുന്നതെന്ന് പുസ്തകം സ്വീകരിച്ച് എം എ ബേബി പറഞ്ഞു. ചെഗുവേരയും ഫിഡല്‍ കാസ്ട്രോയും റൗള്‍ കാസ്ട്രോയും സൈറാ എസ്ട്രേ മലനിരകളില്‍ ഒളിപ്പോര്‍ നടത്തുമ്പോള്‍ സമതലങ്ങളില്‍ ജനങ്ങളെ സംഘടിപ്പിക്കുന്ന ജോലിയായിരുന്നു അലൈഡാ മാര്‍ച്ച് നിര്‍വഹിച്ചിരുന്നത്. സ്വന്തം രക്തംനല്‍കി ചെഗുവേരയും സഖാക്കളും ജ്വലിപ്പിച്ച ലാറ്റിനമേരിക്കയിലാണ് ഇന്ന് ലോകത്തിന്റെ പ്രതീക്ഷയത്രയുമെന്ന് എം എ ബേബി പറഞ്ഞു. ഇന്ന് പത്രം വായിച്ചാല്‍ സ്ത്രീ പുരുഷന്റെ ഉപഭോഗവസ്തുവായി മാറിയെന്ന് തോന്നുമെന്ന് പുസ്തകം പ്രകാശനം ചെയ്ത് കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. ഇതിനെതിരെ ശക്തമായ പോരാട്ടത്തിന് സ്ത്രീകള്‍ തയ്യാറാകണമെന്ന് ഗൗരിയമ്മ പറഞ്ഞു.
മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമത ചെയര്‍പേഴ്സണ്‍ പ്രൊഫ. ലളിത ലെനിന്‍ അധ്യക്ഷയായി. ഗായിക പി കെ മേദിനി "റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് രക്തസാക്ഷി ഗ്രാമങ്ങളെ.." എന്ന ഗാനം ആലപിച്ച് സദസ്സിന് അഭിവാദ്യം അര്‍പ്പിച്ചു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡോ. കെ ആര്‍ വിശ്വംഭരന്‍, സൈമണ്‍ ബ്രിട്ടോ, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാര്‍, വിവര്‍ത്തകന്‍ രാജന്‍ തുവ്വാര, മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ബി അനൂപ്, സമത മാനേജിങ് ട്രസ്റ്റി പ്രൊഫ. ടി എ ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. പരിപാടിക്കു മുന്നോടിയായി പി കെ സുനില്‍കുമാറും സംഘവും ഇന്തോ-ലാറ്റിനമേരിക്കന്‍ ഫ്യൂഷന്‍ സംഗീതം അവതരിപ്പിച്ചു.
deshabhimani 211212
Labels:
പുസ്തകം
Subscribe to:
Post Comments (Atom)
No comments:
Post a Comment