Saturday, February 16, 2013
ദ്വിദിന പണിമുടക്കിന് 10 കോടി തൊഴിലാളികള്‍
കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത 20, 21 തീയതികളിലെ പണിമുടക്ക് രാജ്യത്തെ സമസ്ത മേഖലകളെയും സ്തംഭിപ്പിക്കും. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ദ്വിദിന പണിമുടക്ക് ചരിത്രസംഭവമാക്കാനാണ് ടേഡ്യൂണിയനുകള്‍ ഒരുങ്ങുന്നത്. 10 കോടി തൊഴിലാളികളെങ്കിലും പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എഐസിസിടിയു, യുടിയുസി, എല്‍പിഎഫ്, സേവ തുടങ്ങി വിവിധ തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ന്യായമായ ആവശ്യങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതാണ് പണിമുടക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവറെഡി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കണമെന്ന ആവശ്യം അവഗണിച്ചാണ് പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്രേഡ്യൂണിയനുകളുമായി ചര്‍ച്ച നടത്തിയെങ്കിലും പത്ത് ആവശ്യങ്ങളില്‍ ഒന്നുപോലും അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതിനാലാണ് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പണിമുടക്ക് രാജ്യത്തിന്റെ എല്ലാ ഭാഗത്തും രണ്ടു ദിവസംതന്നെ നടക്കുമെന്നും ഏതെങ്കിലും സംസ്ഥാനത്ത് ഇളവ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസം നീളുന്ന പണിമുടക്കില്‍ ഗതാഗതം, പോര്‍ട്ട് ആന്‍ഡ് ഡോക്ക്, വൈദ്യുതി, പെട്രോളിയം, കല്‍ക്കരി, ഉരുക്ക്, പ്രതിരോധം, വാര്‍ത്താവിനിമയം, തപാല്‍, എന്‍ജിനിയറിങ്, ഓട്ടോമൊബൈല്‍ തൊഴിലാളികള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, നിര്‍മാണ-തോട്ടം തൊഴിലാളികള്‍, ആശ, സര്‍വശിക്ഷാ അഭിയാന്‍ പ്രവര്‍ത്തകര്‍, അസംഘടിത മേഖലാ തൊഴിലാളികള്‍ എന്നിവരെല്ലാം പണിമുടക്കുമെന്ന് കേന്ദ്ര ട്രേഡ്യൂണിയനുകളുടെ നേതാക്കള്‍ അറിയിച്ചു. വിലക്കയറ്റം നിയന്ത്രിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, സംഘടിത-അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുക, ഓഹരിവില്‍പ്പന തടയുക, കരാര്‍വല്‍ക്കരണം തടയുക, മിനിമംകൂലി 10,000 രൂപയായി നിശ്ചയിച്ച് മിനിമം കൂലി നിയമം ഭേദഗതിചെയ്യുക തുടങ്ങി 10 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
എ കെ പത്മനാഭന്‍, തപന്‍സെന്‍(സിഐടിയു), ബി എന്‍ റായ് (ബിഎംഎസ്), ഹര്‍ബജന്‍സിങ്(എച്ച്എംഎസ്), ഗുരുദാസ്ദാസ് ഗുപ്ത (എഐടിയുസി), ആര്‍ കെ ശര്‍മ (എഐയുടിയുസി), സ്വപന്‍ മുഖര്‍ജി (എഐസിസിടിയു), അബനിറോയ് (യുടിയുസി), ശിഖ ജോഷി (സേവ) തുടങ്ങിയവര്‍ പങ്കെടുത്തു.
ചെറുത്തുനില്‍പ്പിന്റെ ആവേശവുമായി സംസ്ഥാനം ദ്വിദിന പണിമുടക്കിന്
തിരു: യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ തൊഴിലാളിവര്‍ഗത്തിന്റെ ഐതിഹാസിക പ്രതിരോധത്തിന് സംസ്ഥാനമെങ്ങും വിപുലമായ തയ്യാറെടുപ്പ്. 20നും 21നും നടക്കുന്ന പൊതുപണിമുടക്കില്‍ എല്ലാ കേന്ദ്ര ട്രേഡ്യൂണിയനുകളും അണിനിരക്കും. രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ജീവിതസമരത്തില്‍ അധ്വാനിക്കുന്നവരൊന്നടങ്കം അണിചേരുന്ന ആവേശകരമായ കാഴ്ചയാണെങ്ങും. ജീവിതം തകര്‍ക്കുന്ന സാമ്പത്തികനയങ്ങള്‍ക്കെതിരെ തോളൊത്തുനിന്ന് ചെറുത്തുനില്‍പ്പിന്റെ പുതുചരിത്രം കുറിക്കുകയാണ് തൊഴിലാളികള്‍. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, എച്ച്എംഎസ്, എഐയുടിയുസി, എഐസിസിടിയു, യുടിയുസി, ടിയുസിസി, എല്‍പിഎഫ്, എസ്ഇഡബ്ല്യുഎ, എസ്ടിയു, ടിയുസിഐ, എന്‍എല്‍ഒ, എന്‍എല്‍സി, കെടിയുസി (എം), കെടിയുസി (പി സി തോമസ് വിഭാഗം) എന്നീ സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
പണിമുടക്ക് വിജയത്തിനായി വിപുലമായ പ്രചാരണമാണ് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ഏറ്റെടുത്തിരിക്കുന്നത്. തൊഴിലാളികളും ജീവനക്കാരും പണിമുടക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു. മണ്ഡലാടിസ്ഥാനത്തില്‍ ജാഥകള്‍ പ്രചാരണം നടത്തുന്നു. 18നും 19നും വ്യാപാരസ്ഥാപനങ്ങളില്‍ തൊഴിലാളി സംഘങ്ങള്‍ സമരസന്ദേശമെത്തിക്കും. 18ന് പഞ്ചായത്ത് തലത്തില്‍ വിളംബര ജാഥ. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ പണിമുടക്ക് വിജയിപ്പിക്കാന്‍ രംഗത്തിറങ്ങി. ബാങ്കിങ് മേഖലയില്‍ ഒറ്റക്കെട്ടായ പണിമുടക്കിന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആഹ്വാനംചെയ്തിട്ടുണ്ട്. ടെലികോം മേഖലയിലും പണിമുടക്ക് സമ്പൂര്‍ണമാകും. ഇന്‍ഷുറന്‍സ്, വൈദ്യുതിബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, പൊതു-സ്വകാര്യമേഖലയിലെ മോട്ടോര്‍വ്യവസായം എന്നീ മേഖലകളില്‍ പൊതുപണിമുടക്കില്‍ അണിചേരാന്‍ ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്തു. രാജ്യത്തെ തുറമുഖങ്ങള്‍ രണ്ടു ദിവസവും സ്തംഭിക്കും. അങ്കണവാടി, ആശ, ഉച്ചഭക്ഷണ പരിപാടി തുടങ്ങിയ കേന്ദ്രപദ്ധതികളിലെ പതിനായിരക്കണക്കിനു തൊഴിലാളികള്‍ പണിമുടക്കും. നിര്‍മാണം, ബീഡി, കൈത്തറി, പവര്‍ലൂം, ചുമട്, കശുവണ്ടി, കയര്‍, തുടങ്ങി അസംഘടിത മേഖലകളിലെ തൊഴിലാളികളും പണിമുടക്ക് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിക്കഴിഞ്ഞു.
തൊഴിലാളികളും ജീവനക്കാരും അധ്യാപകരുമടക്കം കേരളത്തില്‍ അര കോടിയിലേറെ തൊഴിലെടുക്കുന്നവര്‍ പണിമുടക്കും. മാധ്യമങ്ങള്‍, ആശുപത്രി, പാല്‍ തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. കേരള കര്‍ഷകസംഘവും കര്‍ഷകത്തൊഴിലാളി യൂണിയനും പൊതുപണിമുടക്കില്‍ അണിചേരാന്‍ ആഹ്വാനം നല്‍കി. സ്ഥിരം സ്വഭാവമുള്ള തൊഴിലുകളില്‍ കരാര്‍ത്തൊഴില്‍ അവസാനിപ്പിക്കുക, സ്ഥിരം തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനവും ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നല്‍കുക, എല്ലാ തൊഴില്‍മേഖലകളിലും വിലസൂചികയുമായി ബന്ധപ്പെടുത്തി മിനിമംവേതനം 10,000 രൂപയില്‍ കുറയാതെ നല്‍കാന്‍ നിയമം ഭേദഗതി ചെയ്യുക, ബോണസ്- പ്രൊവിഡന്റ് ഫണ്ട് എന്നിവ നല്‍കുന്നതിനുള്ള പരിധി ഇല്ലാതാക്കുക, ഗ്രാറ്റുവിറ്റി ആനുകൂല്യം വര്‍ധിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തുക, 45 ദിവസത്തിനുള്ളില്‍ ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുക, അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ 87, 98 കണ്‍വന്‍ഷനുകള്‍ അംഗീകരിക്കുക എന്നീ ആവശ്യങ്ങളും മുന്നോട്ടു വയ്ക്കുന്നു.
deshabhimani 170213
Labels:
ട്രേഡ് യൂണിയന്‍,
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment