Sunday, February 17, 2013
കോര്‍പറേറ്റ്-രാഷ്ട്രീയബന്ധം ജനാധിപത്യത്തിന് ഭീഷണി: കാരാട്ട്
കോര്‍പറേറ്റുകളും ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളും തമ്മിലുള്ള അവിഹിതബന്ധം ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുരുതര ഭീഷണിയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. "ഇന്ത്യന്‍ സമൂഹത്തില്‍ ആഗോളവല്‍ക്കരണം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍" എന്ന വിഷയത്തില്‍ ഡല്‍ഹി മലയാളി സാംസ്കാരിക സംഘടന ജനസംസ്കൃതി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനത്തിന്റെ താഴേത്തട്ടുമുതല്‍ ബിസിനസ് താല്‍പ്പര്യങ്ങള്‍ പിടിമുറുക്കിയതാണ് ആഗോളവല്‍ക്കരണം രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ പ്രധാന മാറ്റമെന്ന് കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രബലമായ പ്രാദേശിക പാര്‍ടികളുടെയും നേതൃത്വം ഗ്രാമീണതലത്തില്‍പ്പോലും റിയല്‍ എസ്റ്റേറ്റ് ദല്ലാള്‍മാരുടെയും ഇതര ബിസിനസുകാരുടെയും കൈയിലാണ്. കോടികള്‍ ചെലവഴിക്കുന്നവര്‍ക്ക് മാത്രമേ നിയമനിര്‍മാണസഭകളിലേക്ക് മത്സരിക്കാനാകൂ എന്ന സ്ഥിതിയാണ് ഇതേത്തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. ഇടതുപക്ഷം മാത്രമാണ് അപവാദം. വന്‍കിട മാധ്യമങ്ങളാകട്ടെ തെരഞ്ഞെടുപ്പ്, പണം സമ്പാദിക്കാനുള്ള അവസരമായി കാണുന്നു. സ്ഥാനാര്‍ഥികളില്‍നിന്ന് പണംവാങ്ങി അതനുസരിച്ച് വാര്‍ത്തകള്‍ പാക്കേജുകളാക്കുന്നു. ഇടതുപക്ഷത്തിന്റെ വാര്‍ത്തകള്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
കേന്ദ്രമന്ത്രിസഭയിലെ നിര്‍ണായകവകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവരില്‍ പലരും ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമകള്‍കൂടിയാണ്. വിദ്യാഭ്യാസക്കച്ചവടക്കാര്‍ അടക്കം മന്ത്രിസഭകളില്‍ ഇടംപിടിക്കുന്നു. അടുത്തകാലത്ത് പുറത്തുവന്ന വന്‍ അഴിമതികളിലെല്ലാം കോര്‍പറേറ്റുകള്‍ക്ക് പങ്കുണ്ട്. നവ ഉദാരനയങ്ങള്‍മൂലമുണ്ടായ മാറ്റം കോര്‍പറേറ്റുകള്‍ക്ക് നിയമനിര്‍മാണസഭകളില്‍ പ്രാതിനിധ്യം ലഭിക്കുന്നുവെന്നതാണ്. മൂലധനം കുന്നുകൂട്ടാന്‍ കോര്‍പറേറ്റുകള്‍ രാഷ്ട്രീയാധികാരം ഉപയോഗിക്കുന്നതാണ് അഴിമതിയുടെ അടിത്തറ. തട്ടിയെടുക്കുന്ന പണത്തിന്റെ ഒരു പങ്ക് ജനക്ഷേമപദ്ധതികളില്‍ വിനിയോഗിച്ച് അഴിമതിക്ക് മറയിടാമെന്ന് ഭരണകര്‍ത്താക്കള്‍ കരുതുന്നു. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ഭരണം ഇതിന്റെ മികച്ച ഉദാഹരണം.
ജനകീയ പ്രതിഷേധവും ജനാധിപത്യ അവകാശങ്ങളും ശക്തമാക്കി മാത്രമേ നവ ഉദാരനയത്തിനെതിരായ സമരം മുന്നോട്ട് കൊണ്ടുപോകാനാകൂ. പ്രതിഷേധിക്കാനുള്ള അവകാശം തടയാനുള്ള ശ്രമം രണ്ടു പതിറ്റാണ്ടായി ശക്തിപ്പെട്ടിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലുമൊക്കെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ടികളെ കോടതി വിലക്കുന്നു. പല വിദേശരാജ്യങ്ങളിലും അവരുടെ പാര്‍ലമെന്റിലേക്കുള്ള കവാടത്തില്‍വരെ പ്രതിഷേധം അനുവദിക്കുമ്പോഴാണിത്- കാരാട്ട് പറഞ്ഞു. ഡോ. ഉത്സ പട്നായിക്, സ്വദേശ് ദേവ് റോയ്, പി രാജീവ്, ഡോ. രജനി പല്‍റിവാല, സദാനന്ദ് മേനോന്‍, ഡോ. ടി ജയരാമന്‍ എന്നിവരും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജനസംസ്കൃതി സെക്രട്ടറി എന്‍ വി ശ്രീനിവാസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എ എന്‍ ദാമോദരന്‍ അധ്യക്ഷനായി.
deshabhimani 170213
Subscribe to:
Post Comments (Atom)
No comments:
Post a Comment