Wednesday, February 20, 2013

ഐക്യത്തോടെ 10 കോടി


പതിനൊന്ന് കേന്ദ്ര ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങിയ 48 മണിക്കൂര്‍ പണിമുടക്ക് രാജ്യത്തെ ജനജീവിതം സ്തംഭിപ്പിച്ചു. പണിമുടക്ക് അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തിയ അക്രമസംഭവങ്ങളില്‍ മൂന്നുപേര്‍ രക്തസാക്ഷികളായി. നോയിഡയില്‍ പൊലീസ് ലാത്തിച്ചാര്‍ജില്‍ രണ്ടുതൊഴിലാളികളും അംബാലയില്‍ ഹരിയാന റോഡ്വേയ്്്സ് കോര്‍പറേഷന്‍ തൊഴിലാളിയുമാണ് കൊല്ലപ്പെട്ടത്.10 കോടിയില്‍പരം തൊഴിലാളികള്‍ അണിചേര്‍ന്ന പ്രക്ഷോഭം ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പങ്കെടുത്ത പണിമുടക്കായി മാറി.

പെട്രോളിനും ഡീസലിനും അവശ്യസാധനങ്ങള്‍ക്കും വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള അസാധാരണ രോഷപ്രകടനമാണ് രാജ്യത്തെങ്ങും ദൃശ്യമായത്. തൊഴിലാളികളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതക്കെതിരെ തൊഴിലാളികളുടെ അമര്‍ഷം അണപൊട്ടി. പണിമുടക്ക് പൊതുവെ സമാധാനപരമായിരുന്നു. എന്നിട്ടും പലയിടത്തും തൊഴിലാളികള്‍ക്കുനേരേ ലാത്തിച്ചാര്‍ജും വെടിവയ്പ്പും ഉണ്ടായി. അംബാലയില്‍ ഹരിയാന റോഡ്വേയ്്സ് കോര്‍പറേഷന്‍ തൊഴിലാളിയും എഐടിയുസി നേതാവുമായ നരേന്ദ്രസിങ്ങിനെ അക്രമികള്‍ ബസ് കയറ്റി കൊലപ്പെടുത്തി. നോയിഡയില്‍ പൊലീസ് തൊഴിലാളികള്‍ക്കുനേരേ നടത്തിയ ലാത്തിച്ചാര്‍ജില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.

മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ ഒഴിച്ച് മറ്റെല്ലാം സംസ്ഥാനങ്ങളിലും പൊതുഗതാഗാതം സ്തംഭിച്ചു. ഡല്‍ഹിയിലും ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരും ഒട്ടോറിക്ഷാ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തു. ബാങ്കിങ്ങ് പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമായി. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും അരുണാചല്‍പ്രദേശ് മുതല്‍ ഗുജറാത്ത് വരെയും പണിമുടക്ക് ശക്തമായിരുന്നു. അസം, ബിഹാര്‍, ഒഡീഷ, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, കേരളം, ആന്ധ്ര, തമിഴ്നാട്, കര്‍ണാടകം, പശ്ചിമബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ പണിമുടക്ക് ബന്ദായി മാറി.

മമതബാനര്‍ജി സര്‍ക്കാരിന്റെ കടുത്ത അടിച്ചമര്‍ത്തല്‍ നടപടി അവഗണിച്ച് തൊഴിലാളികളും ജീവനക്കാരും പശ്ചിമബംഗാളിലും പണിമുടക്കില്‍ പങ്കെടുത്തു. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും പണിമുടക്ക് ശക്തമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മേഘാലയിലും നാഗാലാന്‍ഡിലും പണിമുടക്ക് നടന്നില്ല. ഇന്‍ഷുറന്‍സ്, തപാല്‍ മേഖലകളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. പെട്രോളിയം, കല്‍ക്കരി, ഖനി, പ്രതിരോധം, വൈദ്യുതി, ആണവോര്‍ജം, തുറമുഖം തുടങ്ങിയ മേഖലകളില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. കേന്ദ്ര-സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കിയതോടെ സര്‍ക്കാര്‍ ഓഫീസുകളും സര്‍വകലാശാലകളും സ്കൂള്‍-കോളേജുകളും നിശ്ചലമായി. ആദായ നികുതി വിഭാഗത്തില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു.

വ്യവസായത്തൊഴിലാളികള്‍ പണിമുടക്കിയതിനാല്‍ പ്രധാന വ്യവസായ മേഖലകളിലൊന്നും ഉല്‍പ്പാദനം നടന്നില്ല. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വ്യവസായ സ്ഥാപനങ്ങള്‍ ഒരുപോലെ അടഞ്ഞു കിടന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളും വര്‍ധിച്ച തോതില്‍ പണിമുടക്കില്‍ പങ്കെടുത്തു. കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും അങ്കണവാടി-ആശാ പ്രവര്‍ത്തകരും കരാര്‍ തൊഴിലാളികളും പണിമുടക്കി. ഗുഡ്ഗാവിലെ മാരുതി സുസുകി, ഹീറോ മോട്ടോഴ്സ്, സുസുക്കി മോട്ടോര്‍ സൈക്കിള്‍സ് കമ്പനികളിലെ തൊഴിലാളികളും പണിമുടക്കുന്നുണ്ട്. പണിമുടക്ക് വന്‍വിജയമാക്കിയ തൊഴിലാളികളെയും ജീവനക്കാരെയും കേന്ദ്ര ട്രേഡ്യൂണിയന്‍ നേതാക്കള്‍ അഭിനന്ദിച്ചു. ട്രേഡ്യൂണിയന്‍ ചരിത്രത്തിലെ അഭിമാനകരമായ നിമിഷമാണിതെന്ന് ഐഎന്‍ടിയുസി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ്ദാസ് ഗുപ്ത പറഞ്ഞു. അഭൂതപൂര്‍വമായ പണിമുടക്കാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണിമുടക്ക് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുവെന്ന സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന്റെ തലേന്നു മാത്രമാണ് മന്ത്രിതല സമിതി ചര്‍ച്ചയ്ക്ക് തയ്യാറായത്. അതിലാകട്ടെ പ്രശ്നം പരിഹരിക്കേണ്ട പ്രധാന വകുപ്പ് മന്ത്രിയായ ചിദംബരം പങ്കെടുത്തതുമില്ല. ഇത് ലജ്ജാകരമാണ്. വ്യാഴാഴ്ച സമരം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തപന്‍സെന്‍, എ കെ പദ്മനാഭന്‍(സിഐടിയു), എച്ച് ബി സിങ്ങ്(എച്ച്എംഎസ്)അശോക്സിങ്ങ് (ഐഎന്‍ടിയുസി), പവന്‍കുമാര്‍(ബിഎംഎസ്)എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പണിമുടക്കിന് അനുകൂലമായ ജനങ്ങളുടെ പ്രതികരണത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷ എംപിമാര്‍ വ്യാഴാഴ്ച രാവിലെ പാര്‍ലമെന്റിന്റെ പ്രധാനകവാടത്തിന് മുമ്പില്‍ ധര്‍ണ നടത്തും.
(വി ബി പരമേശ്വരന്‍)

കേരളത്തില്‍ പൂര്‍ണം

ദേശീയ പണിമുടക്കിന്റെ ആദ്യദിനം സംസ്ഥാനം പൂര്‍ണമായും നിശ്ചലമായി. പൊള്ളുന്ന വിലക്കയറ്റത്തിലും ഭാരിച്ച ജീവിതച്ചെലവിലും വലയുന്ന ജനങ്ങള്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത പണിമുടക്കില്‍ ഏകമനസ്സോടെ അണിനിരന്നു. കേന്ദ്ര- സംസ്ഥാന സര്‍വീസ് അധ്യാപകസംഘടനകളും സംസ്ഥാനതല ട്രേഡ് യൂണിയനുകളും കേന്ദ്ര ട്രേഡ് യൂണിയനുകളുമായി അഫിലിയേഷന്‍ ഇല്ലാത്ത സ്വതന്ത്രസംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നു.

ബുധനാഴ്ച സംസ്ഥാനമെമ്പാടും ബന്ദിന്റെ പ്രതീതിയായിരുന്നു. സ്വകാര്യവാഹനങ്ങള്‍പോലും നിരത്തില്‍നിന്ന് ഒഴിഞ്ഞതോടെ ഗതാഗതമേഖല നിശ്ചലമായി. കെഎസ്ആര്‍ടിസി- സ്വകാര്യ ബസ്സര്‍വീസുകള്‍, ടാക്സികള്‍, ഓട്ടോകള്‍ എന്നിവ ഒരിടത്തും സര്‍വീസ് നടത്തിയില്ല. സാധാരണ പണിമുടക്കുദിവസങ്ങളില്‍ സര്‍വീസ് നടത്താറുള്ള സ്വകാര്യ അന്തര്‍സംസ്ഥാന സര്‍വീസുകളും ഇത്തവണ മുടങ്ങി. ഇരുചക്രവാഹനങ്ങള്‍പോലും കുറവായിരുന്നു.

ആശുപത്രി, പത്രം, പാല്‍ എന്നിവയെ ഒഴിവാക്കിയിരുന്നെങ്കിലും അവയുടെ പ്രവര്‍ത്തനത്തെയും പണിമുടക്ക് ബാധിച്ചു. വ്യാപാരി വ്യവസായിസമിതിയുടെയും ഏകോപനസമിതിയുടെയും ആഹ്വാനപ്രകാരം കടകള്‍ തുറക്കാത്തതിനാല്‍ പാല്‍വിതരണം മുടങ്ങി. സര്‍ക്കാര്‍ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവര്‍ത്തനവും മുടങ്ങി. ഭരണാനുകൂലസംഘടനകളുടെ ആഹ്വാനം തള്ളി സെക്രട്ടറിയറ്റിലെ 80 ശതമാനം ജീവനക്കാരും പണിമുടക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ ബഹുഭൂരിപക്ഷം ജീവനക്കാരും പണിമുടക്കി. ലോക്കോ പൈലറ്റുമാര്‍ പണിമുടക്കാത്തതിനാല്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടില്ല. എന്നാല്‍, റെയില്‍വേയില്‍ ഇതര വിഭാഗങ്ങളില്‍ ജീവനക്കാര്‍ കുറവായിരുന്നു. മറ്റു ഗതാഗതമാര്‍ഗങ്ങളില്ലാത്തതിനാല്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു.

തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെയും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിന്റെയും പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചു. ഇവിടെ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം കുറവായിരുന്നു. വിനോദസഞ്ചാരമേഖലയും നിശ്ചലമായി.

ഇടത്പക്ഷ എംപിമാര്‍ നാളെ പാര്‍ലമെന്റ് ബഹിഷ്കരിക്കും

ന്യൂഡല്‍ഹി: ദേശീയ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് വ്യാഴാഴ്ച ഇടത്പക്ഷ എംപിമാര്‍ പാര്‍ലമെന്റ് നടപടികള്‍ ബഹിഷ്കരിക്കും. രാഷ്ട്രപതിയുടെ പ്രസംഗവും ബഹിഷ്കരിക്കുമെന്ന് ഇടത് നേതാക്കള്‍ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം വ്യാഴാഴ്ചയാണ് തുടങ്ങുന്നത്.

deshabhimani 210213

No comments:

Post a Comment