Wednesday, February 20, 2013

17000 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് രൂപരേഖയായി


17000 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് മന്ത്രിസഭായോഗം രൂപം കൊടുത്തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും രാത്രികാലത്തും പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. പകല്‍വെളിച്ചത്തില്‍ മാത്രമേ പോസ്റ്റ്മോര്‍ട്ടം നടത്താവൂയെന്ന നിബന്ധന മാറ്റി. ആവശ്യമായ കൃത്രിമ വെളിച്ചസംവിധാനവും ഏര്‍പ്പെടുത്തും.

നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത 12 ഓര്‍ഡിനന്‍സുകള്‍ റീ ഇഷ്യൂ ചെയ്യുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്തു. അബ്കാരി ഭേദഗതി ബില്‍ വീണ്ടും അവതരിപ്പിക്കുന്നതിന് ഗവര്‍ണ്ണറോട് അനുമതി തേടും. കണ്ണൂര്‍ മുണ്ടയാട് സ്റ്റേഡിയത്തിന് 30 കോടി അനുവദിക്കും. റിസര്‍വ് വനങ്ങളിലും വന്യമൃഗസങ്കേതങ്ങളിലും നാഷനല്‍ പാര്‍ക്കുകളിലും ജോലി ചെയ്യുന്നവര്‍ക്ക് റിസ്ക് അലവന്‍സ് ഏര്‍പ്പെടുത്തും. പാലക്കാട് യാക്കരയില്‍ പട്ടികജാതി വികസനവകുപ്പിന് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് 50 ഏക്കര്‍ അനുവദിക്കും. മോട്ടോര്‍ വാഹനവകുപ്പില്‍ 55 എംവിഐ പോസ്റ്റ് അനുവദിക്കും. നാഷനല്‍ സേഫ്റ്റി കൗണ്‍സിലിന് കൊച്ചിയില്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രി  അറിയിച്ചു.

എഐസിസിഇ കേരള റീജിയണല്‍ ഓഫീസ് നിര്‍മ്മിക്കുന്നതിന് തിരുവനന്തപുരം എന്‍ജിനീയറിങ്ങ് കോളേജ് വളപ്പില്‍ 60 സെന്റ് സ്ഥലം അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി പ്രശ്നം എല്ലാ യോഗത്തിലും ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് പൂര്‍ണ്ണ പിന്തുണ കൊടുത്തിട്ടുണ്ട്. അധികാരത്തില്‍ തുടരാന്‍ പ്രതിപക്ഷത്തിന്റെ ഔദാര്യം യുഡിഎഫിന് ആവശ്യമില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കും. യുഡിഎഫ് ഒറ്റക്കെട്ടാണ്. ജനങ്ങള്‍ യുഡിഎഫിനോടൊപ്പമാണെന്നും മുഖ്യമന്ത്രി അകാശപ്പെട്ടു.

ഒന്നാംക്ലാസ് പ്രവേശനത്തിന് പ്രായപരിധി അഞ്ചാക്കി

തിരു: സംസ്ഥാനത്തെ എല്ലാ സ്കൂളിലും ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായപരിധി അഞ്ചാക്കി സര്‍ക്കാര്‍ ഉത്തരവായി. ദേശീയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം മുന്‍വര്‍ഷം ഒന്നാംക്ലാസ് പ്രവേശനപ്രായം ആറാക്കിയത് ഏറെ വിവാദമായിരുന്നു. അധ്യാപകസംഘടനകളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും അഭ്യര്‍ഥനയെത്തുടര്‍ന്ന് ഈ അധ്യയനവര്‍ഷം സ്കൂള്‍ പ്രവേശനപ്രായം അഞ്ചാക്കിയിരുന്നെങ്കിലും പ്രവേശനകാലയളവില്‍ ഏറെ അവ്യക്തത നിലനിന്നു. തുടര്‍ന്നാണ് അടുത്ത അധ്യയനവര്‍ഷത്തെ മുന്നൊരുക്കമെന്ന നിലയില്‍ ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചത്.

deshabhimani 210213

No comments:

Post a Comment