Monday, February 4, 2013

ജനകീയാസൂത്രണ പദ്ധതി വൈകി: കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടി


ജനകീയാസൂത്രണപദ്ധതികള്‍ക്ക് അംഗീകാരം വൈകിയത് കാര്‍ഷിക മേഖലയ്ക്ക് ആഘാതമായി. കഴിഞ്ഞ മുപ്പതിനാണ് ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളുടെയും പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചത്. നടപടികള്‍ പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോഴേക്കും ഒരു മാസം കൂടി കഴിയും. നെല്‍കൃഷിയെയാണ് പദ്ധതി അംഗീകാരത്തിന് കാലതാമസം നേരിട്ടത് കൂടുതല്‍ ബാധിച്ചത്. ഒന്നാംവിള നെല്‍കൃഷിക്ക് ഒരു ആനുകൂല്യവും നല്‍കാന്‍ കഴിഞ്ഞില്ല. രണ്ടാംവിളയ്ക്കും ഇതേ അവസ്ഥയാണ്. വളം, കീടനാശിനി, കൂലി എന്നീ ആനുകൂല്യങ്ങളാണ് നെല്‍കൃഷിക്ക് നല്‍കിയിരുന്നത്. ഒന്നാം വിളയ്ക്ക് ഇത് പൂര്‍ണമായി നിഷേധിച്ചു. രണ്ടാംവിള കൊയ്യാറായ സമയത്താണ് പദ്ധതി അംഗീകരിച്ചത്. ഗ്രാമസഭകളും മറ്റും ചേര്‍ന്ന് ഇതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോഴേക്കും രണ്ടാംവിളയ്ക്കും യഥാസമയം ആനൂകൂല്യം കിട്ടില്ലെന്ന് ഉറപ്പായി. വരള്‍ച്ച രൂക്ഷമാകുമെന്ന മുന്നറിയിപ്പുണ്ടായിട്ടും കാര്‍ഷിക മേഖലയില്‍ ഇതിനുള്ള ഒരുക്കങ്ങളൊന്നും തുടങ്ങിയിട്ടില്ല. ഇതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോഴും വരള്‍ച്ചയെ പ്രതിരോധിക്കാന്‍ പറ്റാത്ത ഘട്ടമെത്തും. കര്‍ഷകര്‍ക്ക് പമ്പ്സെറ്റ്, ഗ്രൂപ്പുകള്‍ക്ക് കുളം നിര്‍മിക്കാനുള്ള സഹായം എന്നിവയാണ് നല്‍കിയിരുന്നത്.തെങ്ങിനും പച്ചക്കറിക്കുമുള്ള ആനുകൂല്യങ്ങളും ഇതുവരെ നല്‍കിയിട്ടില്ല.പച്ചക്കറിയുടെ സീസണ്‍ കഴിയാറായിട്ടും ആനുകൂല്യമെത്തിയില്ല. തെങ്ങിന് ക്ലസ്റ്റര്‍ വഴി വിതരണം ചെയ്യുന്ന രാസവളവും മുടങ്ങി.

അക്കൗണ്ട് വഴി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുള്ള കൃഷിവകുപ്പിന്റെ തീരുമാനവും കര്‍ഷകര്‍ക്ക് വിനയായി. അക്കൗണ്ട് തുടങ്ങിയതല്ലാതെ ആനുകൂല്യം ഇതുവരെ നല്‍കിയില്ല. അക്കൗണ്ട് തുടങ്ങാത്തവര്‍ക്ക് ഒരു ആനുകൂല്യവും കിട്ടില്ലെന്ന അവസ്ഥയാണ്. നേരത്തെ പാടശേഖര സമിതി ഇക്കാര്യത്തില്‍ ജാഗ്രതയോടെ ഇടപെടുന്നതിനാല്‍ കര്‍ഷകര്‍ക്ക് കൃത്യസമയത്ത് വിത്തും വളവും കുപ്പായവും കീടനാശിനിയും ലഭിച്ചിരുന്നു. പാടശേഖര സമിതിയെ നോക്കുകുത്തിയാക്കിയതിനാല്‍ കാര്‍ഷിക മേഖലയിലെ കൂട്ടായ്മ നഷ്ടപ്പെട്ടു. നെല്‍വയല്‍ തരിശിടലും മറ്റും വ്യാപകമായി. വരള്‍ച്ചയും ഉപ്പുവെള്ളം കയറിയതും മൂലം രണ്ടാംവിള നെല്‍കൃഷി വ്യാപകമായി നശിച്ചു. മിക്ക കര്‍ഷകര്‍ക്കും നെല്ല് പോയിട്ട് വൈക്കോല്‍ പോലും ലഭിച്ചില്ല. ഇതിന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിയും തുടങ്ങിയിട്ടില്ല.

deshabhimani

No comments:

Post a Comment