Sunday, February 3, 2013

കുര്യനെ ഗസ്റ്റ്ഹൗസില്‍ കണ്ടെന്ന സാക്ഷിമൊഴി 2007ല്‍ സുപ്രീംകോടതിയില്‍ നല്‍കി


സൂര്യനെല്ലി കേസില്‍ സംസ്ഥാനസര്‍ക്കാര്‍ 2007ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പി ജെ കുര്യനെ കുമളി പഞ്ചായത്ത് ഗസ്റ്റ് ഹൗസില്‍ കണ്ട മൂന്നു സാക്ഷികളുടെ മൊഴി ഉള്‍പ്പെടുത്തിയിരുന്നതായി സൂചന. എന്നാല്‍, കുര്യനെ കേസില്‍ പെടുത്താനാകില്ലെന്ന സുപ്രീംകോടതി വിധിയോടെ സത്യവാങ്മൂലവും അതില്‍പ്പെട്ട സാക്ഷിമൊഴിയും പരിഗണിക്കപ്പെടാതെ പോയി. വാദം ആരംഭിക്കുംമുമ്പ് കേസ് തള്ളിപ്പോയതിനാലാണ് സാക്ഷിമൊഴി കോടതിക്ക് മുമ്പിലെത്താതിരുന്നത്. പെണ്‍കുട്ടി നല്‍കിയ സ്വകാര്യ അന്യായത്തില്‍ സംസ്ഥാനസര്‍ക്കാരിന് കക്ഷിചേരാന്‍ കഴിയില്ലെന്നും ഹൈക്കോടതി സൂര്യനെല്ലി കേസിലെ 39 പ്രതികളെയും കുറ്റവിമുക്തരാക്കിയതിനാല്‍ കുര്യനെതിരെ കേസ് നിലനില്‍ക്കില്ലെന്നുമുള്ള അരുണ്‍ ജെയ്റ്റ്ലിയുടെ വാദം കേട്ടാണ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട ബെഞ്ച് കേസ് തള്ളിയത്.

പീരുമേട് മുന്‍സിഫ് മജിസ്ട്രേട്ട് കോടതിയില്‍ 1999ല്‍ നല്‍കിയ മൊഴിയില്‍ മൂന്നുപേരും 1996 ഫെബ്രുവരി 19ന് വൈകിട്ട് ആറിനുശേഷം പി ജെ കുര്യനെ കണ്ടതായി പറയുന്നുണ്ട്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയല്ലാതെ മറ്റൊരാളും കുര്യനെ കുമളിയില്‍ കണ്ടതായി പറയുന്നില്ലെന്ന വാദമാണ് ഇതോടെ പൊളിയുന്നത്. രണ്ടാം സാക്ഷി ടി സി രാജപ്പന്‍ നല്‍കിയ മൊഴിയില്‍ വൈകിട്ട് 6.30ന് കുമളി പഞ്ചായത്ത് സെക്രട്ടറിയെ കാണാന്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയ തനിക്ക് കുറെനേരം കാത്തുനില്‍ക്കേണ്ടി വന്നെന്ന് രാജപ്പന്‍ പറയുന്നു. ഈസമയത്ത് അഡ്വ. ധര്‍മരാജനൊപ്പം പി ജെ കുര്യന്‍ കുമളി ഗസ്റ്റ് ഹൗസിലേക്ക് വരുന്നതു കണ്ടു. ഗസ്റ്റ് ഹൗസില്‍ തെക്കേ അറ്റത്തുള്ള മുറിയില്‍ കുര്യനെ കയറ്റി ധര്‍മരാജന്‍ വാതിലടച്ചെന്നും അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുര്യന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയെന്നും പറയുന്നു.

മൂന്നാം സാക്ഷി പെയിന്റര്‍ സി പൗലോസ് ഗസ്റ്റ് ഹൗസിന്റെ വടക്കുഭാഗത്ത് താമസിക്കുന്ന ആളാണ്. വൈകിട്ട് 5.30ന് ഗസ്റ്റ് ഹൗസില്‍ കൂട്ടുകാരോടൊപ്പം ചീട്ടുകളിക്കാനെത്തി. കുറെനേരം ചീട്ടുകളിച്ചശേഷം മുറിയില്‍നിന്ന് പുറത്തിറങ്ങി ബീഡി വലിച്ചുനില്‍ക്കുമ്പോള്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് പി ജെ കുര്യന്‍ അഡ്വ. ധര്‍മരാജനൊപ്പം ഇറങ്ങിവരുന്നതു കണ്ടു. എന്നാല്‍, തന്നോട് പൊലീസ് ഒന്നും ചോദിച്ചിട്ടില്ലെന്നും പൗലോസ് പറഞ്ഞു. ചുമട്ടുതൊഴിലാളിയായ കുഞ്ഞുകുട്ടിയാണ് നാലാം സാക്ഷി. ഇദ്ദേഹം തൊഴില്‍ സംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്ന് കേസില്‍ ഉള്‍പ്പെട്ടതിനാല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കാണാന്‍ ഗസ്റ്റ് ഹൗസിന് അടുത്തുള്ള ക്വാര്‍ട്ടേഴ്സില്‍ 1996 ഫെബ്രുവരി 19ന് വൈകിട്ട് പോയിരുന്നു. സിഐയെ കാത്ത് റോഡരികില്‍ നില്‍ക്കുമ്പോഴാണ് കോട്ടയം ഭാഗത്തു നിന്നുവന്ന വെള്ള മാരുതി കാറില്‍ പി ജെ കുര്യന്‍ ഗസ്റ്റ് ഹൗസിലേക്ക് പോകുന്നത് കണ്ടതെന്ന് കുഞ്ഞുകുട്ടി പറഞ്ഞു.

39 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടതിനാല്‍ കുര്യനെതിരായ കേസ് തുടരാന്‍ കഴിയില്ലെന്ന അരുണ്‍ ജെയ്റ്റ്ലിയുടെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ് നല്‍കിയത്. ഇപ്പോള്‍ അതേ സുപ്രീംകോടതി 39 പ്രതികള്‍ക്കെതിരായ കേസ് വീണ്ടും കേള്‍ക്കണമെന്നും പൊലീസിന് കീഴടങ്ങണമെന്നും ഉത്തരവ് ഇറക്കിയിരിക്കയാണ്.
(വി ജയിന്‍)

deshabhimani 030213

No comments:

Post a Comment