Friday, February 8, 2013

4 ലക്ഷം ഏജന്റുമാര്‍ക്ക് തൊഴില്‍ നഷ്ടമായി


കോര്‍പറേറ്റുകളുടെ സമ്മര്‍ദത്തില്‍ എല്‍ഐസിയില്‍ നടത്തുന്ന പരിഷ്കരണങ്ങളുടെ ഭാഗമായി രാജ്യത്തെ നാലുലക്ഷം എല്‍ഐസി ഏജന്റുമാര്‍ക്ക് തൊഴില്‍ നഷ്ടമായി. ഏജന്റുമാരുടെ വാര്‍ഷിക പ്രീമിയം ഉയര്‍ത്തിയതും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതുമാണ് 2011-12 സാമ്പത്തിക വര്‍ഷം നാലുലക്ഷം പേര്‍ക്ക് ഏജന്‍സി നഷ്ടമാക്കിയത്. കേന്ദ്രനയത്തിന്റെ ഭാഗമായി ഏജന്റുമാര്‍ക്കു പകരം കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ വഴി ഡയറക്ട് മാര്‍ക്കറ്റിങ്ങാണ് എല്‍ഐസിയില്‍ നടപ്പാക്കുന്നത്. എല്‍ഐസിയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ് പോളിസി വില്‍പ്പനയ്ക്ക് ബാങ്കുകളെയും ബിസിനസ് എക്സിക്യൂട്ടീവുകളെയും ബ്രോക്കര്‍മാരെയുംനിയോഗിക്കുന്നത്. ഒപ്പം ഓണ്‍ലൈന്‍ പര്‍ച്ചേസും ഇ-സെയിലും വ്യാപകമാക്കുന്നു. ക്രമേണ ഏജന്റുമാരെ പൂര്‍ണമായും ഒഴിവാക്കും. എല്‍ഐസിയുടെ കുത്തക തകര്‍ക്കാന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അവസരം ഒരുക്കുകയാണ്. ഏജന്റുമാര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് 56 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി എല്‍ഐസിയുടെ ബിസിനസ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 6.3 ശതമാനം കുറഞ്ഞു. രാജ്യത്ത് 12.78 ലക്ഷം എല്‍ഐസി ഏജന്റുമാരാണുള്ളത്. കേരളത്തില്‍ 68,000 പേര്‍.

1972ലെ ഏജന്റ് റഗുലേഷന്‍ അഡ്മിനിസ്ട്രേറ്റീവ് ഓര്‍ഡര്‍ ഭേദഗതിയിലൂടെ ആദ്യ വര്‍ഷ പ്രീമിയം ചുരുങ്ങിയത് ഒരുലക്ഷം രൂപയാക്കിയതാണ് ഏജന്റുമാര്‍ക്ക് വിനയായത്. കൂടുതല്‍ ബാങ്കുകളെയും ബ്രോക്കര്‍മാരെയും സെയില്‍സ് എക്സിക്യൂട്ടീവുകളെയും പോളിസി വില്‍പ്പനയുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. എല്‍ഐസിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന 38 ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം 1218 കോടി രൂപയുടെ ബിസിനസാണ് നടത്തിയത്. ഓണ്‍ലൈനില്‍ പോളിസി എടുക്കുമ്പോള്‍ ഏജന്റുമാരില്‍നിന്ന് വാങ്ങുന്നതിനേക്കാള്‍ പ്രീമിയം സംഖ്യയില്‍ കുറവ് ലഭിക്കും. 1999ല്‍ ഇന്‍ഷുറന്‍സ് റഗുലേഷന്‍ ഡെവലപ്മെന്റ് അതോറിറ്റി ബില്‍ പാസായശേഷം രാജ്യത്ത് ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ 23 കമ്പനികള്‍ നിലവില്‍ വന്നു. ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും കൂടി ചേര്‍ന്നാല്‍ ഇത് 41ആകും. എന്നാല്‍, ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ 73 ശതമാനം ബിസിനസും പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിക്കാണ്. ഇടനിലക്കാരായ 38 ബാങ്കുകളും ബ്രോക്കര്‍മാരും ശ്രമിച്ചിട്ടും എല്‍ഐസിയുടെ ബിസിനസിന്റെ മൂന്നുശതമാനം മാത്രമേ ചെയ്യാന്‍ കഴിയുന്നുള്ളൂ. എല്‍ഐസി ഓഫീസുകള്‍ കേന്ദ്രീകരിച്ച് ശമ്പളവും കമീഷനും നല്‍കിയാണ് എക്സിക്യൂട്ടീവുകളെ ഉപയോഗിച്ച് നേരിട്ടുള്ള വില്‍പ്പന. സര്‍വൈവല്‍, മെച്യൂരിറ്റി പോളിസിക്കാരുടെ വീടുകളില്‍ ഇവര്‍ ഏജന്റുമാരേക്കാള്‍ മുമ്പെത്തുന്നതിനാല്‍ ഭാവിയിലെ ബിസിനസും ഇവര്‍ക്ക് ലഭിക്കും. കേന്ദ്ര ഒത്താശയോടെയാണ് കോര്‍പറേറ്റുകള്‍ക്കുവേണ്ടി എല്‍ഐസിയെ തകര്‍ക്കാന്‍ ആസൂത്രിതനീക്കം നടക്കുന്നതെന്ന് എല്‍ഐസി ഏജന്റ്സ് ഓര്‍ഗനൈസേഷന്‍ (സിഐടിയു) ദേശീയ സെക്രട്ടറി പി ജി ദിലീപും ട്രഷറര്‍ കെ ഡി ജോയിയും ദേശാഭിമാനിയോട് പറഞ്ഞു.

deshabhimani 080213

No comments:

Post a Comment