Wednesday, February 13, 2013

യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് 54 ബാര്‍ ലൈസന്‍സ്


യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ 54 പുതിയ ബാറുകള്‍ അനുവദിച്ചതായി എക്സൈസ് മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു. ഏറ്റവും കൂടുതല്‍ ബാര്‍ നല്‍കിയത് എറണാകുളത്താണ്- 13 എണ്ണം. കൊല്ലത്ത് എട്ടും തൃശൂരില്‍ ഏഴും കോട്ടയത്ത് അഞ്ചും ബാര്‍ അനുവദിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ മൂന്നുവീതം, പാലക്കാട്, കണ്ണൂര്‍ നാലുവീതം, മലപ്പുറം- രണ്ട്, കോഴിക്കോട്, കാസര്‍കോട് ഒരോന്നുവീതവും നല്‍കിയതായി വി ശിവന്‍കുട്ടി, പുരുഷന്‍ കടലുണ്ടി എന്നിവരെ മന്ത്രി അറിയിച്ചു. മദ്യപാനംമൂലം മാരകരോഗികളായവരുടെയും മരിച്ചവരുടെയും കണക്ക് ലഭ്യമല്ലെന്നും ജി സുധാകരന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, രാജു എബ്രഹാം, കെ കെ ലതിക എന്നിവരെ മന്ത്രി അറിയിച്ചു.

കേസെടുക്കണം: കോടിയേരി

സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ജസ്റ്റിസ് ബസന്തിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കുകയായിരുന്നു കോടിയേരി. ഇന്ത്യന്‍ ശിക്ഷാനിയമം 354-എ വകുപ്പിലെ 3-ാം ഉപവകുപ്പ് പ്രകാരം വാക്കാല്‍പ്പോലും അപകീര്‍ത്തിപ്പെടുത്തുന്നത് ലൈംഗികപീഡനമായി കണക്കാക്കി കേസെടുത്ത് കുറ്റവിചാരണ നടത്തണം. രാഷ്ട്രപതി ഒപ്പിട്ട പുതിയ ഓര്‍ഡിനന്‍സ് പ്രകാരമുള്ള ആദ്യ കേസായി രജിസ്റ്റര്‍ചെയ്ത് കേരളം രാജ്യത്തിന് മാതൃകയാകണം. സൂര്യനെല്ലി കേസിലെ പ്രതികളെ വെറുതെവിട്ട ഹൈക്കോടതിവിധി പുറപ്പെടുവിച്ച ബസന്തിന്റെ പരാമര്‍ശം പുനര്‍വിചാരണ നടത്തുന്ന ജഡ്ജിമാരെ സ്വാധീനിക്കാനാണ്. ബസന്തിന്റെ വിധിഇപ്പോള്‍ നിലവിലില്ല. ആ വിധി റദ്ദാക്കിയ സുപ്രീംകോടതിയെ വിമര്‍ശിക്കുന്നത് കോടതിയലക്ഷ്യമാണ്. ഹൈക്കോടതിവിധി റദ്ദാക്കിയ രണ്ട് സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശത്തിലൂടെ പഴയ ഹൈക്കോടതി വിധിക്കു പിന്നിലും ചില സ്ഥാപിതതാല്‍പ്പര്യം ഉണ്ടായിരുന്നെന്ന സംശയം സാധൂകരിക്കുന്നതാണ്. കേസിലെ പ്രതികളായ പി ജെ കുര്യനെയും മറ്റും സംരക്ഷിക്കുന്ന ഗൂഢശക്തികളുടെ ഉച്ചഭാഷിണിയായി ബസന്ത് മാറി. ബസന്ത് സ്വകാര്യസംഭാഷണമാണ് നടത്തിയതെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ല. ചാനല്‍ ലേഖികയോട് മറ്റുള്ളവരുടെ സാന്നിധ്യത്തിലാണ് സംസാരിച്ചത്. ഇത് എല്ലാ ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് സ്വകാര്യസംഭാഷണമല്ല. ഒന്നരമാസംമുമ്പാണ് ബസന്തിനെ അഭിഭാഷകപാനലില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് ശുപാര്‍ശചെയ്തത് അഡ്വക്കറ്റ് ജനറല്‍. സൂര്യനെല്ലി കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ ആളാണ് അഡ്വക്കറ്റ് ജനറല്‍. വിധി പറഞ്ഞത് ബസന്ത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ നിഗൂഢത വെളിപ്പെടുന്നതായും കോടിയേരി പറഞ്ഞു.

നെല്ലിയാമ്പതി തോട്ടങ്ങള്‍ വനംവികസന കോര്‍പറേഷന്

തിരു: സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനംവികസന കോര്‍പറേഷന് കൈമാറുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയെന്ന് വനംമന്ത്രി കെ ബി ഗണേഷ്കുമാര്‍ നിയമസഭയെ അറിയിച്ചു. എ എ അസീസിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടവരുത്തില്ല. തൂത്തമ്പാറ എസ്റ്റേറ്റിലെ ഓര്‍ഗാനിക് കൃഷി നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. ദേശീയ വോളിബോള്‍ താരങ്ങള്‍ക്ക് പാരിതോഷികം നല്‍കും. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ജോലി നല്‍കുമെന്ന് ഇ കെ വിജയന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി. താരങ്ങള്‍ക്കുള്ള ദിനബത്ത ഉയര്‍ത്തുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കുള്ള ക്ഷേമനിധി രൂപീകരിക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ച നടത്തിയതായി മന്ത്രി കെ സി ജോസഫ് എ എം ആരിഫിന്റെ സബ്മിഷന് മറുപടി നല്‍കി. ക്ഷേമനിധി രൂപീകരിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൃഷിഭൂമിയുടെ നിയമവിരുദ്ധ ഉപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, ജി സുധാകരന്റെ സബ്മിഷന് മറുപടി നല്‍കി. അനധികൃതമായി നിലംനികത്തി റിസോര്‍ട്ട് നിര്‍മിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

മന്ത്രിമാര്‍ക്കും സ്റ്റാഫിനും പങ്കാളിത്ത പെന്‍ഷനില്ല

തിരു: മന്ത്രിമാര്‍, അവരുടെ സ്റ്റാഫ്, എംഎല്‍എമാര്‍ എന്നിവരെ പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നല്ല പദ്ധതിയാണെന്നും കേന്ദ്ര സര്‍ക്കാരും രണ്ടു സംസ്ഥാന സര്‍ക്കാരുകളുമൊഴികെ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കിയ പദ്ധതിയാണിതെന്നും പി ശ്രീരാമകൃഷ്ണനെ മുഖ്യമന്ത്രി അറിയിച്ചു.

ജനപ്രതിനിധികളുടെ ഫോണ്‍ ചോര്‍ത്താന്‍ അനുമതി: തിരുവഞ്ചൂര്‍

തിരു: സംസ്ഥാനത്തെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ടി നേതാക്കളുടെയും ഫോണുകള്‍ നിരീക്ഷണത്തില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചു. അനിവാര്യമായ കേസുകളില്‍ നിയമവ്യവസ്ഥകള്‍ പാലിച്ചും നിയമാനുസൃതമായുമാണിത്. അതീവ രഹസ്യ സ്വഭാവമുള്ളതിനാല്‍ ആരുടെയൊക്കെ ഫോണുകള്‍ നിരീക്ഷണത്തില്‍ വയ്ക്കാനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് വെളിപ്പെടുത്താനാവില്ല. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ നല്‍കുന്ന ശുപാര്‍ശയില്‍ ആഭ്യന്തരവകുപ്പാണ് അനുമതി നല്‍കുന്നതെന്ന് എളമരം കരിം, കെ രാധാകൃഷ്ണന്‍, എം ചന്ദ്രന്‍, സി കൃഷ്ണന്‍ എന്നിവര്‍ക്ക് മന്ത്രി മറുപടി നല്‍കി.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി: തീര്‍പ്പാക്കാതെ 1.49 ലക്ഷം അപേക്ഷ

തിരു: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച ഒരു ലക്ഷത്തിലധികം അപേക്ഷയില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമായില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ കാര്യം വ്യക്തമായത്. ഏറെ കൊട്ടിഘോഷിച്ച ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 1,49,314 പരാതികളിലാണ് ഇതു വരെയും തീര്‍പ്പാക്കാതെ അവശേഷിക്കുന്നത്. ഏറ്റവും കൂടുതല്‍ അപേക്ഷ അവശേഷിക്കുന്നത് തൃശൂരാണ് 46,171 എണ്ണം. പത്തനംതിട്ടയില്‍ 32,197 ഉം ഇടുക്കിയില്‍ 21,357 ഉം തിരുവനന്തപുരത്ത് 12,309 ഉം കൊല്ലത്ത് 8491 ഉം വയനാട്ടില്‍ 7441 ഉം കണ്ണൂരില്‍ 6569 ഉം കാസര്‍കോട്ട് 5248 ഉം അപേക്ഷ തീര്‍പ്പാക്കാനുണ്ടെന്ന് മുല്ലക്കര രത്നാകരനെ മുഖ്യമന്ത്രി അറിയിച്ചു.

ദേവസ്വം ബോര്‍ഡ്: സഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഉടന്‍- മന്ത്രി

തിരു: ദേവസ്വം ബോര്‍ഡുകളിലേക്കുള്ള ഹിന്ദു എംഎല്‍എമാരുടെ പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ ഒന്നുവീതവും മലബാര്‍ ദേവസ്വം ബോര്‍ഡിലെ രണ്ടും ഒഴിവുകളാണ് നികത്തുക. റിട്ടേണിങ് ഓഫീസറുടെ നിയമനത്തിന് വിരമിച്ച മൂന്ന് ജഡ്ജിമാരുടെ പട്ടിക ഈ ആഴ്ചതന്നെ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ക്രമപ്രശ്നത്തിലൂടെ വിഷയം സഭയില്‍ ഉന്നയിച്ചത്. പട്ടികവിഭാഗത്തില്‍പ്പെട്ട അംഗത്തെ ദേവസ്വം ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതായി കോടിയേരി പറഞ്ഞു.

ബിപിഎല്‍ പട്ടിക: അപാകം സമയബന്ധിതമായി തീര്‍ക്കും

തിരു: ബിപിഎല്‍ പട്ടികയിലെ അപാകം സംബന്ധിച്ച പരാതി സമയബന്ധിതമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയിരിക്കുകയാണ്. നിലവിലുള്ള കാര്‍ഡ് സംബന്ധിച്ച് നിരവധി പരാതി ഉയര്‍ന്നിട്ടുണ്ട്. പുതിയ കാര്‍ഡിനുള്ള അപേക്ഷകരുടെ എണ്ണവും വര്‍ധിച്ചു. പരാതികള്‍ക്ക് പരിഹാരം കണ്ടെത്തിവരികയാണെന്ന് കെ ശിവദാസന്‍നായരുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കി. വീട്ടുനമ്പരും വാര്‍ഡ് നമ്പരും ഇല്ലാത്തതിനാല്‍ പരാതികള്‍ പരിശോധിക്കാന്‍പോലും കഴിയുന്നില്ലെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. 2013 മാര്‍ച്ച് 31ന് മുമ്പ് കരട് പട്ടിക പ്രസിദ്ധീകരിക്കും.

വികസനപദ്ധതി കണ്‍സള്‍ട്ടിങ് ഏജന്‍സിവഴി

തിരു: യുഡിഎഫ് അധികാരത്തില്‍ വന്നശേഷം വികസനപദ്ധതികള്‍ക്കായി 64 കണ്‍സള്‍ട്ടിങ് ഏജന്‍സികളെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് എം ഹംസയെ മന്ത്രി കെ സി ജോസഫ് അറിയിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡാണ് ഏജന്‍സികളെ തെരഞ്ഞെടുത്തത്. അന്യ സംസ്ഥാന}തൊഴിലാളികളെന്ന പേരില്‍ അന്യരാജ്യങ്ങളില്‍നിന്നുള്ളവര്‍ കേരളത്തിലേക്ക് വരുന്നതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതില്‍ ബംഗ്ലാദേശികളാണ് ഇതില്‍ കൂടുതലുള്ളത്. നിലവില്‍ പത്തുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളാണുള്ളതെന്ന് തോമസ് ഐസക്, മാത്യു ടി തോമസ്, ജമീല പ്രകാശം, സി കെ നാണു, ജോസ് തെറ്റയില്‍ എന്നിവരെ മന്ത്രി അറിയിച്ചു.

deshabhimani 130213

No comments:

Post a Comment