Wednesday, February 13, 2013

ജനാധിപത്യ കശാപ്പ്: ചര്‍ച്ച ബഹിഷ്കരിച്ചു


സഹകരണ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനായി കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമുള്ള 2013ലെ കേരള സഹകരണ സംഘ (ദേദഗതി) ബില്ലിന്റെ ചര്‍ച്ച പ്രതിപക്ഷം ബഹിഷ്കരിച്ചു. സഹകരണ പ്രസ്ഥാനങ്ങളുടെ കഴുത്ത് ഞെരിക്കുന്ന നിയമനിര്‍മാണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാര്‍ലമെന്റ് അംഗീകരിച്ച 97-ാം ഭരണ ഘടനാ ഭേദഗതിയെത്തുടര്‍ന്ന് സംസ്ഥാനം സഹകരണനിയമത്തില്‍ ദേദഗതി വരുത്തുന്നുവെന്ന് അവകാശപ്പെട്ടാണ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ബില്‍ അവതരിപ്പിച്ചത്.

എന്നാല്‍, നിര്‍ഭാഗ്യകരമായ നിയമനിര്‍മാണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി കള്ളസംഘങ്ങള്‍ക്ക് ആധികാരികത നല്‍കുകയാണ് സര്‍ക്കാര്‍. നിയമാനുസരണം നന്നായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ പിരിച്ചുവിടുന്നു. കള്ള സംഘങ്ങളെ സഹകാരികളുടെ പിടലിക്ക് കെട്ടിവയ്ക്കുകയാണ് സര്‍ക്കാര്‍. രണ്ടാളിന്റെ ഭൂരിപക്ഷം ഉപയോഗിച്ച് കരിനിയമം പാസാക്കുകയാണ് സര്‍ക്കാര്‍. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് വി എസ് പറഞ്ഞു. ബില്ലിലെ പല വ്യവസ്ഥകളും അവ്യക്തവും അപ്രായോഗികവുമാണ്. ആറു മാസത്തിലൊരിക്കല്‍ പൊതുയോഗം ചേരണമെന്നാണ് ഒരു വ്യവസ്ഥ. ഇത് അപ്രായോഗികമാണ്. നിലവില്‍ വാര്‍ഷിക പൊതുയോഗമാണ് ചേരുന്നത്. ബില്‍ നിയമമായാല്‍ എല്ലാ സംഘങ്ങളും പലവക സംഘങ്ങളായി മാറും. ഇതുമൂലം ആദായ നികുതി അടക്കം സംഘങ്ങള്‍ അടയ്ക്കേണ്ടിവരും. വാര്‍ഡ് അടിസ്ഥാനത്തില്‍ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തണമെന്നും ബില്ലില്‍ പറയുന്നു. എന്നാല്‍, വാര്‍ഡ് സംബന്ധിച്ച് നിര്‍വചനം നല്‍കിയിട്ടില്ല. അംഗങ്ങള്‍ സംഘം ചെയ്യുന്ന ബിസിനസ് ചെയ്യാന്‍ പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇതുമൂലം ഒട്ടേറെ പേര്‍ക്ക് അംഗത്വത്തിനുള്ള അവകാശം ലഭിക്കാതാകും. അംഗങ്ങളില്‍നിന്നേ നിക്ഷേപം സ്വീകരിക്കാവൂവെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹകരണ നിക്ഷേപമേഖലയ്ക്ക് ഇത് തിരിച്ചടിയാകും.

നാലു ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു

നാലു ബില്ലുകള്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. 2013-ലെ കേരള സഹകരണ സംഘ (ദേദഗതി) ബില്‍, 2012ലെ ശമ്പളവും ബത്തകളും നല്‍കല്‍ (മൂന്നാം ഭേദഗതി) ബില്‍, 2013ലെ കേരള മുദ്രപത്ര (ഭേദഗതി) ബില്‍, 2013-ലെ കേരള ടോള്‍ (ദേദഗതി) ബില്‍ എന്നിവയാണ് തിങ്കളാഴ്ച സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. സഹകരണ ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പ്രകരമുള്ളതാണ് 2013-ലെ കേരള സഹകരണ സംഘ (ദേദഗതി) ബില്‍. സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണനാണ് ബില്‍ അവതരിപ്പിച്ചത്. സഹകരണ പ്രസ്ഥാനങ്ങളുടെ കഴുത്ത് ഞെരിച്ചുകൊല്ലാനായുള്ള നിയമ നിര്‍മാണത്തില്‍ പങ്കെടുക്കാനാവില്ലെന്ന് പ്രതിപക്ഷം ചുണ്ടിക്കാട്ടി. നിയമ നിര്‍മാണ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയതോടെ പ്രതിപക്ഷം ബില്ലിന്‍മേലുള്ള ചര്‍ച്ച ബഹിഷ്കരിച്ച് സഭ വിട്ടു.

നിയമസഭാസാമാജികര്‍ക്ക് പുസ്തകം വാങ്ങുന്നതിന് സാമ്പത്തികവര്‍ഷം 15,000 രൂപവരെ അനുവദിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് 2012ലെ ശമ്പളവും ബത്തകളും നല്‍കല്‍ (മൂന്നാം ഭേദഗതി) ബില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. 1951ലെ ശമ്പളവും ബത്തകളും നല്‍കല്‍ നിയമത്തിലെ 8ബി വകുപ്പിന്ശേഷം പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തി 8സി വകുപ്പ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഭൂമിയുടെ ന്യായവില നിജപ്പെടുത്തിയതില്‍ പരാതിയുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സമയപരിധി വര്‍ധിപ്പിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് 2013ലെ കേരള മുദ്രപത്ര (ഭേദഗതി) ബില്‍.ഇപ്പോള്‍ അപ്പീല്‍ നല്‍കാനുള്ള സമയപരിധി മുപ്പത് ദിവസമാണ്. ഭേദഗതിബില്ലിലെ വ്യവസ്ഥപ്രകാരം കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സമയപരിധി 90 ദിവസമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. മന്ത്രി അനൂപ് ജേക്കബാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. അഞ്ചുകോടിയില്‍ താഴെ നിര്‍മാണച്ചെലവുള്ള പാലങ്ങളെ ടോള്‍ പിരിവില്‍ നിന്നൊഴിവാക്കുന്നത് വ്യവസ്ഥചെയ്യുന്ന ബില്‍ നിയമസഭ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. 1976ലെ കേരള ടോള്‍ നിയമപ്രകാരം നിര്‍മാണച്ചെലവ് ഒരു കോടിയ്ക്ക് മുകളിലാണെങ്കില്‍ ടോള്‍ പിരിക്കാന്‍ അധികാരമുണ്ട്. ഭേദഗതി ബില്‍ പ്രകാരം ടോള്‍ ചുമത്തേണ്ട പാലത്തിന്റെ ഏറ്റവും കുറഞ്ഞ നിര്‍മാണച്ചെലവ് അഞ്ചുകോടിയായിരിക്കും. റോഡിന്റെ വീതി കൂട്ടിയതുകൊണ്ടുമാത്രം കാര്യമില്ലെന്ന് ദേദഗതി അവതരിപ്പിച്ച് കെ ടി ജലീല്‍ പറഞ്ഞു. പാലങ്ങളുടെ ടോള്‍ പിരിവ് 15 വര്‍ഷമായി നിജപ്പെടുത്തുന്നതിന് വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ഓട്ടോറിക്ഷകളെ ടോള്‍ പിരിവില്‍നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കും. കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ക്ക് 200 കോടി രൂപവീതം സംസ്ഥാനത്തിന്റെ പങ്ക് വഹിക്കും.

deshabhimani 130213

No comments:

Post a Comment