Wednesday, February 13, 2013
മലപ്പുറത്തെ ചുവപ്പണിയിച്ച് പടുകൂറ്റന്‍ അധ്യാപക പ്രകടനം
സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ഭൂമികയായ മലപ്പുറത്തെ ചുവപ്പണിയിച്ച പടുകൂറ്റന്‍ പ്രകടനത്തോടെ നാലുനാള്‍ നീണ്ട കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് സമാപനം. ചെമ്പതാകയേന്തി കാല്‍ലക്ഷം പേര്‍ അണിനിരന്ന ജാഥ സംഘടിത അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തും ശേഷിയും വിളിച്ചോതി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത സമരത്തിനിറങ്ങുമെന്ന് അധ്യാപകര്‍ പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച വൈകിട്ട് നാലോടെ എംഎസ്പി സ്കൂള്‍ പരിസരത്തുനിന്നാണ് പ്രകടനം ആരംഭിച്ചത്. മുന്‍നിരയില്‍ ബാന്‍ഡ് വാദ്യസംഘം. തൊട്ടുപിന്നില്‍ 22-ാം സംസ്ഥാന സമ്മേളനത്തെ പ്രതിനിധികരിച്ച് 22 മുത്തുക്കുടകളേന്തിയവര്‍. പിറകെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും നേതാക്കളും. ശേഷം സമ്മേളന പ്രതിനിധികള്‍. തുടര്‍ന്ന് വിവധ ജില്ലകളെ പ്രതിനിധീകരിച്ച് ആയിരക്കണക്കിന് അധ്യാപകര്‍ കൊടിയുമായി നീങ്ങിയതോടെ നഗരം ചെങ്കടലായി. മുദ്രാവാക്യങ്ങളും വിപ്ലവഗാനങ്ങളും അന്തരീക്ഷം മുഖരിതമാക്കി. പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍ അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ മന്ത്രിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു. കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ ടി എ ഷാഫി നന്ദിയും പറഞ്ഞു.
സമരകാഹളം മുഴക്കി സൗഹൃദ സമ്മേളനം
ബാബുഅമ്പാടി നഗര്‍ (മലപ്പുറം): ആഗോളവല്‍ക്കരണ ആശയങ്ങളുപയോഗിച്ച് ജനങ്ങളെ മര്‍ദിക്കുന്ന ഭരണകൂടത്തിനെതിരെ സമരകാഹളം മുഴക്കി ട്രേഡ്യൂണിയന്‍ സെമിനാര്‍. കേന്ദ്ര സര്‍ക്കാരിന്റെ രാജ്യദ്രോഹ നയങ്ങള്‍ക്തെിരെ 20, 21 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനുള്ള ആഹ്വാനവുമായാണ് തൊഴിലാളി സംഘടനാ നേതാക്കളെല്ലാം ട്രേഡ്യൂണിയന്‍ സൗഹൃദസമ്മേളനത്തില്‍ സംസാരിച്ചത്. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ട്രേഡ്യൂണിയന്‍ സമ്മേളനം സംഘടിപ്പിച്ചത്.
പുതിയ സാമ്പത്തിക സമസ്യകളാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്ന് ട്രേഡ്യൂണിയന്‍ സൗഹൃദസമ്മേളനം ഉദ്ഘാടനംചെയ്ത് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍ പറഞ്ഞു. ഭരണകൂടത്തിന് ജനങ്ങളെ പുച്ഛമാണ്. സമരത്തിലൂടെ ആര്‍ജിക്കുന്ന ഐക്യത്തിലൂടെ തൊഴിലാളിവര്‍ഗ ഐക്യം ഊട്ടിയുറപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ആഗോളവല്‍ക്കരണനയങ്ങളെ ചെറുക്കാനും എതിര്‍ത്ത് തോല്‍പ്പിക്കാനും ഇടതുപക്ഷത്തിനൊപ്പം ഇതരസംഘടനകളെ കൂടെ അണിനിരത്താന്‍ കഴിയണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ട്രേഡ്യൂണിയന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി. വിവിധ സംഘടനാ നേതാക്കളായ പി എച്ച് എം ഇസ്മായില്‍, കെ ശിവകുമാര്‍, കെ ഉമ്മന്‍, എം ശങ്കരന്‍കുട്ടി, കെ സുനില്‍കുമാര്‍, വി ബി മനുകമാര്‍, എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ എ കെ ഉണ്ണികൃഷ്ണന്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി ടി തിലകരാജ് നന്ദിയും പറഞ്ഞു.
പങ്കാളിത്ത പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കണം: കെഎസ്ടിഎ
മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുളള തീരുമാനം പിന്‍വലിക്കണമെന്ന് കെഎസ്ടിഎ സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമത്തിന്റെ പിന്‍ബലമില്ലാതെയാണ് കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലൊഴികെ പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 2004 ജനുവരി ഒന്നിനു ശേഷം സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരില്‍നിന്നും ശമ്പളത്തിന്റെ പത്ത് ശതമാനം പിടിച്ചെടുക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ചുവടുപിടിച്ച് കേരളത്തില്‍ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ നീക്കം. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നിലവിലുളള ജീവനക്കാരെ ബാധിക്കില്ലെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണ്. എക്സിക്യുട്ടീവ് ഉത്തരവിലൂടെ സര്‍വീസിലുളള മുഴുവന്‍ പേര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാക്കാന്‍ പ്രയാസമുണ്ടാവില്ല. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം ജീവനക്കാര്‍ക്ക് ഇപ്പോള്‍ മിനിമം പെന്‍ഷന്‍പോലും ലഭിക്കുന്നില്ല. ഈ ദുരന്തമാണ് കേരളത്തിലെ അധ്യാപകരെയും ജീവനക്കാരെയും കാത്തിരിക്കുന്നത്.
എസ്എസ്എ-ആര്‍എംഎസ്എ പ്രോജക്ടുകളിലെ സാമ്പത്തിക ക്രമക്കേടും അഴിമതിയും സമഗ്രമായി അന്വേഷിക്കണം. അധ്യാപകന്റെ ജോലിസംരക്ഷണം ഉറപ്പാക്കണം. ദീര്‍ഘകാലമായി കേരളത്തിലെ അധ്യാപകര്‍ അനുഭവിച്ചുവന്ന തൊഴില്‍ സംരക്ഷണമാണ് യുഡിഎഫ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. 2010-11 വര്‍ഷവും അതിനുമുമ്പും തസ്തിക നഷ്ടപ്പെട്ടവരെ അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് തുടക്കശമ്പളം നല്‍കുന്ന പദ്ധതി തികച്ചും അശാസ്ത്രീയമാണെന്ന് സമ്മേളനം വിലയിരുത്തി. ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജനവിരുദ്ധ സമീപനം തിരുത്തുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയുക, പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിവിധ മേളകള്‍ക്ക് ആവശ്യമായ തുക എസ്എസ് എ-ആര്‍എംഎസ്എ പ്രോജക്ടുകളില്‍നിന്ന് അനുവദിക്കുക, ഐ ടി അറ്റ് സ്കൂളിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
വിദ്യാഭ്യാസ കേസുകള്‍ക്ക് അഭിഭാഷകപാനല്‍ രൂപീകരിക്കും: കെഎസ്ടിഎ
മലപ്പുറം: പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഹൈക്കോടതിയില്‍ സ്ഥിരം അഭിഭാഷക പാനല്‍ രൂപീകരിക്കുമെന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസ് നടത്തിപ്പിനാവശ്യമായ പണം സംഘടന നല്‍കും. നിയമ സഹായ സബ്കമ്മിറ്റി രൂപീകരിക്കും. അധ്യാപക പരിശീലനം പൂര്‍ണമായും സംഘടന ഏറ്റെടുക്കും. എല്‍പി-യുപി അധ്യാപകര്‍ക്ക് സ്വതന്ത്ര പരിശീലനം നല്‍കും. ഐടി@സ്കൂളിനെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കും. ഇതിന് സംസ്ഥാനതല കണ്‍വന്‍ഷന്‍ ചേരും. അതില്‍ സേവ് ഐടി@സ്കൂള്‍ ഫോറം രൂപീകരിക്കും. പങ്കാളിത്ത പെന്‍ഷനെതിരായ സമരം മുന്നോട്ടുകൊണ്ടുപോകും. സമരവുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഏപ്രില്‍ മുതല്‍ പ്രക്ഷോഭമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധമുയര്‍ത്തി മഹിളാ സമ്മേളനം
മലപ്പുറം: വര്‍ധിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിരോധമായി മഹിളകളുടെ മഹാസംഗമം. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് മഹിളാസംഗമം സംഘടിപ്പിച്ചത്. പ്രതിനിധി സമ്മേളന വേദിയായ ബാബു അമ്പാടി നഗറിലെ(റോസ്ലോഞ്ച് ഓഡിറ്റോറിയം) തിങ്ങിനിറഞ്ഞ വേദിയിലായിരുന്നു മഹിളാസമ്മേളനം ആരംഭിച്ചത്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ സംസ്ഥാന വൈസ്പ്രസിഡന്റ് ഡി വിമല അധ്യക്ഷയായി. മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിന, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവര്‍ സംസാരിച്ചു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ഡി ശ്രീദേവി സ്വാഗതവും എക്സിക്യുട്ടീവ് അംഗം കെ ബദറുന്നീസ നന്ദിയും പറഞ്ഞു.
deshabhimani 130213
Subscribe to:
Post Comments (Atom)
No comments:
Post a Comment