Saturday, February 16, 2013

സിപിഐ എമ്മിനെതിരെ നടന്നത് ഉന്നതതല ഗൂഢാലോചന: എം വി ജയരാജന്‍


കൊയിലാണ്ടി: ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എമ്മിനെതിരെ യുഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഉന്നതതല ഗൂഢാലോചനയാണ് നടന്നതെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍. കൊയിലാണ്ടി ജോബി ആന്‍ഡ്രൂസ് നഗറില്‍ എസ്എഫ്ഐയുടെ 41-ാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച വിദ്യാര്‍ഥി റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ട് പ്രധാന സാക്ഷികളെന്ന് നേരത്തെ പറഞ്ഞവര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലൂടെ, ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രീയ ഗൂഢാലോചന പുറത്തുവരികയാണ്. മാധ്യമ ഗൂഢാലോചനയും ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തമായി. രാഷ്ട്രീയ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടി പരസ്യമായി മാപ്പുപറയണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. നിയമം നിയമത്തിന്റെ വഴിയേ എന്ന രീതിശാസ്ത്രം ഒഴിവാക്കി കേരളത്തില്‍ നിയമം കോണ്‍ഗ്രസിന്റെ വഴിയേ, നിയമം ലീഗിന്റെ വഴിയേ എന്നായി മാറി. അധികാരത്തില്‍ തുടരാനായി ചതിയും വഞ്ചനയും നടപ്പാക്കുന്ന ഉമ്മന്‍ചാണ്ടി "കംസ" ഭരണമാണ് ഇവിടെ നടപ്പാക്കുന്നത്. കാവിയെ വര്‍ഗീയതയുടെ ചിഹ്നമാക്കിയ ബിജെപിയെപ്പോലെ "പച്ചനിറം" വര്‍ഗീയതയുടെ നിറമാക്കാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഗുണമേന്മയുള്ളതാക്കി വിദ്യാഭ്യാസത്തെ മാറ്റിയപ്പോള്‍ അബ്ദുറബ്ബ് വിദ്യാഭ്യാസത്തെ കുത്തഴിഞ്ഞ അവസ്ഥയിലാക്കി. സുപ്രീംകോടതി ജഡ്ജിമാര്‍ വിവരംകെട്ടവരെന്ന് ബസന്ത് പറഞ്ഞപ്പോഴും സുപ്രീംകോടതി ജഡ്ജിമാര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് സുധാകരന്‍ പറഞ്ഞപ്പോഴും നടപടിയെടുക്കാന്‍ ആരും തയ്യാറായില്ല. ഒരു പദപ്രയോഗത്തിന്റെ പേരില്‍ ജയരാജനെതിരെ ശിക്ഷ നടപ്പാക്കി. പൗരസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാന്‍ കമ്യൂണിസ്റ്റുകാര്‍ എന്നും തയ്യാറാകുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ടി കെ സുമേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ്, ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം പി എ മുഹമ്മദ്റിയാസ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി ടി സനേഷ് സ്വാഗതവും ഏരിയാ സെക്രട്ടറി ജെ എസ് ജിനോയ് നന്ദിയും പറഞ്ഞു.

deshabhimani 160213

No comments:

Post a Comment