Saturday, February 16, 2013

ഗുണ്ടര്‍ട്ടിന്റെ പിന്മുറക്കാര്‍ ബെയ്ലിയുടെ തട്ടകത്തില്‍


മലയാള ഭാഷയ്ക്ക് നിഘണ്ടു നല്‍കി ഭാഷയെ സമ്പുഷ്ടമാക്കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ അഞ്ചാം തലമുറയില്‍പ്പെട്ട പേരമകളും ഭര്‍ത്താവും കേരളം സന്ദര്‍ശിക്കുന്നു. ഗുണ്ടര്‍ട്ടിന്റെ കാലഘട്ടത്തിലെ കേരളവും, ഇന്നത്തെ കേരളവും തമ്മിലുള്ള താരതമ്യപഠനത്തിനായാണ് ഇവര്‍ കേരളം സന്ദര്‍ശിക്കുന്നത്. ശനിയാഴ്ച ബെഞ്ചമിന്‍ ബെയ്ലിയുടെ തട്ടകമായ കോട്ടയത്ത് വിവിധ പ്രദേശങ്ങള്‍ അവര്‍ സന്ദര്‍ശിക്കും. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പേരമകള്‍ ജെര്‍ത്രൂഡ് ഫ്രന്‍സും, ഭര്‍ത്താവ് ഡോ. ആല്‍ബര്‍ട്ട് ഫ്രന്‍സുമാണ് കേരളം സന്ദര്‍ശിക്കുന്നത്. ജെര്‍ത്രൂഡ് ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. ജനുവരി 29നാണ് ജര്‍മനിയില്‍നിന്ന് മംഗളുരൂവില്‍ എത്തിയത്. കേരളത്തിലെ അതിപുരാതനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്. പുരാതന ക്ഷേത്രങ്ങളും, പള്ളികളും ഇവര്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. തലശേരിയില്‍ 199-ാം ഗുണ്ടര്‍ട്ട് ജന്മദിനാഘോഷങ്ങളിലും പങ്കെടുത്തു.

1814-ല്‍ ഫെബ്രുവരി നാലിന് സ്റ്റുട്ടഗാര്‍ട്ടില്‍ പിറന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 22-ാം വയസ്സിലാണ് കേരളത്തിലെത്തുന്നത്. 1843-ല്‍ കേരളോല്‍പ്പത്തി, മലയാള ഭാഷാ വ്യാകരണം, പാതമല, കേരളചരിത്രം, മലയാളരാജ്യം തുടങ്ങി നിരവധി മലയാള ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങള്‍ ഇന്നു മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. 1893 ഏപ്രില്‍ 25ന് ഗുണ്ടര്‍ട്ട് നിര്യാതനായി. ജെര്‍ത്രൂഡ് ഫ്രന്‍സും ഡോ. ആല്‍ബര്‍ട്ട് ഫ്രന്‍സും വെള്ളിയാഴ്ച ഭരണങ്ങാനം അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ചു. പ്രഗത്ഭ ചിത്രകാരന്‍ ബോബി അഗസ്റ്റിന്‍ വടയാറ്റിന്റെ വീട്ടിലെത്തി ഇരുവരും ബോബിയുടെ അമൂല്യങ്ങളായ ചിത്രങ്ങള്‍ കണ്ട് അഭിനന്ദിച്ച് മടങ്ങി.

deshabhimani 160213

No comments:

Post a Comment