Wednesday, February 13, 2013
നടുത്തളവും സമരമുഖം രക്ഷയില്ലാതെ സര്‍ക്കാര്‍
പി ജെ കുര്യനെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും ചില "നീതിമാന്മാരും" കേന്ദ്രമന്ത്രിമാരും രംഗത്തെത്തിയെങ്കിലും നിയമസഭയില്‍ വിഷയം ഭരണപക്ഷത്തെ വേട്ടയാടി. സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ നീതിക്കായുള്ള സമരവും പ്രതിഷേധവും ചൊവ്വാഴ്ചയും സഭയെ സ്തംഭിപ്പിച്ചു. പൊലീസ് മര്‍ദനമേറ്റ ഇ എസ് ബിജിമോളും ഗീത ഗോപിയും നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ചര്‍ച്ചയില്ലാതെ ഉപധനാഭ്യര്‍ഥന അംഗീകരിച്ച് സഭ നിര്‍ത്തി ഒളിച്ചോടുകയായിരുന്നു സര്‍ക്കാര്‍.
കുര്യനെ സംരക്ഷിക്കുന്നതിനെതിരെ സമരംചെയ്ത തങ്ങളെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാത്തതിനാലാണ് ഇരുവരും സഭ സമരമുഖമാക്കിയത്. ബിജിമോളും ഗീതയും നടുത്തളത്തില്‍ കുത്തിയിരുന്നതോടെ പ്രതിപക്ഷമൊന്നാകെ പ്രതിഷേധവുമായി അണിനിരന്നു. നടുത്തളം സമരവേദിയാക്കരുതെന്നും രണ്ടു വനിതകളെ ഇങ്ങനെ ഇരുത്തുന്നത് ശരിയല്ലെന്നും സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞെങ്കിലും മുഖ്യമന്ത്രിയടക്കം പ്രതികരിച്ചില്ല.
ഉപക്ഷേപത്തിനിടെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനാണ് വിഷയം ഉന്നയിച്ചത്. വനിതാ എംഎല്‍മാരെ മര്‍ദിച്ച പൊലീസിനെതിരെ നടപടി വേണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മന്ത്രി തിരുവഞ്ചൂരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നടപടിക്ക് മാത്രം തയ്യാറായില്ല. ജുഡീഷ്യല്‍ അന്വേഷണവും ഐജി ഹേമചന്ദ്രന്റെ റിപ്പോര്‍ട്ടും ഉരുവിട്ട് തിരുവഞ്ചൂര്‍ പഴയനിലപാട് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഭാവിയില്‍ ഒരു എംഎല്‍എക്കും ഈ അനുഭവമുണ്ടാകാതിരിക്കാന്‍ സസ്പെന്‍ഷന്‍ ഉടന്‍ വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും സി ദിവാകരനും മാത്യു ടി തോമസും എ എ അസീസും സര്‍ക്കാര്‍ നിലപാട് തിരുത്താനാവശ്യപ്പെട്ടു. സര്‍ക്കാര്‍ നയം മാറ്റാത്തതിനാല്‍ രണ്ടു എംഎല്‍മാരും നടുത്തളത്തിലിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചു. ബിജിമോളും ഗീതയും നടുത്തളത്തിലെത്തി. സഭ സമരവേദിയാക്കരുതെന്ന പഴയ ഉത്തരവ് സ്പീക്കര്‍ വായിച്ചപ്പോള്‍ പ്രതിപക്ഷത്തിന് ചില ഉത്തരവാദിത്തമുണ്ടെന്നും അവരെ ശിക്ഷിക്കുന്നതിനാണ് ചട്ടവും ഉത്തരവും വായിക്കുന്നതെങ്കില്‍ മറ്റുള്ളവരും നടുത്തളത്തിലിറങ്ങുമെന്നും ഞങ്ങളെയാകെ ശിക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഉപക്ഷേപവും പിന്നിട്ട് ഉപധനാഭ്യര്‍ഥനയിലേക്ക് നടപടികള്‍ നീങ്ങവെ എംഎല്‍എമാരുടെ സമരത്തിലേക്ക് സ്പീക്കര്‍ മുഖ്യമന്ത്രിയുടെ പ്രതികരണമാരാഞ്ഞു. ആഭ്യന്തരമന്ത്രി പറഞ്ഞതിലധികമൊന്നും പറയാനില്ലെന്നായി മുഖ്യമന്ത്രി. കേന്ദ്രമന്ത്രി വയലാര്‍ രവി വനിതാ പത്രപ്രവര്‍ത്തകയെ അപമാനിച്ച്് നടത്തിയ പരാമര്‍ശവും ഉന്നയിച്ച് പ്രതിപക്ഷം മുന്‍നിരയിലേക്ക് നീങ്ങി. കെ കെ ലതിക, കെ എസ് സലീഖ, അയിഷാപോറ്റി, ജമീല പ്രകാശം എന്നിവര്‍ ബിജിമോള്‍ക്കും ഗീതയ്ക്കുമരികിലെത്തി. ടി വി രാജേഷ്, വി എസ് സുനില്‍കുമാര്‍, എ പ്രദീപ്കുമാര്‍, വി ശിവന്‍കുട്ടി, ജയിംസ്മാത്യു, കെ ദാസന്‍, ചിറ്റയം ഗോപകുമാര്‍, സാജുപോള്‍, എസ് രാജേന്ദ്രന്‍, ബാബു എം പാലിശേരി എന്നിവരും മുന്‍നിരയിലേക്ക് കുതിച്ചു. ടി വി രാജേഷും സാജുപോളും മുദ്രാവാക്യമുയര്‍ത്തി.
വയലാര്‍ രവിയുടെ നാണംകെട്ട വാക്കും ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും ധിക്കാരവും പൊറുക്കാനാകില്ലെന്ന മുദ്രാവാക്യം ഉയര്‍ന്നതോടെ സഭ ബഹളത്തില്‍ മുങ്ങി. ഉപധനാഭ്യര്‍ഥന ചര്‍ച്ചകൂടാതെ അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധസൂചകമായി വിട്ടുനിന്നു. തിരക്കിട്ട് ധനാഭ്യര്‍ഥന അംഗീകരിച്ച് സ്പീക്കര്‍ സഭ അവസാനിപ്പിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിലുള്ള അനാസ്ഥയിലും ജലവിതരണത്തിന് സ്വകാര്യകമ്പനി രൂപീകരിക്കുന്നതിനുമെതിരായ വിഷയം ഉന്നയിച്ച് രാവിലെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ശൂന്യവേളയില്‍ വി ചെന്താമരാക്ഷനാണ് അടിയന്തരപ്രമേയമായി കുടിവെള്ളക്ഷാമവും വെള്ളക്കച്ചവടവും അവതരിപ്പിച്ചത്.
ദേവസ്വംബോര്‍ഡില്‍ എംഎല്‍മാരുടെ പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടത്താതെ സര്‍ക്കാര്‍ സഭാംഗങ്ങളുടെ അവകാശം നഷ്ടമാക്കുന്നത് കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ചു. ഹിന്ദു എംഎല്‍എമാര്‍ പ്രതിപക്ഷത്താണ് കൂടുതലെന്നതിനാലാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നടത്താത്തതെന്ന് കോടിയേരി ക്രമപ്രശ്നമുയര്‍ത്തി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്നും ഈയാഴ്ച റിട്ടേണിങ് ഓഫീസര്‍മാരുടെ നിയമനമുണ്ടാകുമെന്നും മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. വനിതാ എംഎല്‍മാരെ പൊലീസ് മര്‍ദിച്ചതിനെതിരായ അവകാശലംഘനത്തിനും കോടിയേരി നോട്ടീസ് നല്‍കി. രാഷ്ട്രപതി തിരിച്ചയച്ച 1999ലെ കേരളഗ്രാന്റ്സ് ആന്‍ഡ് ലീസസ് (അവകാശങ്ങള്‍ പരിഷ്കരിക്കല്‍) ഭേദഗതിബില്‍ പിന്‍വലിക്കാനുള്ള പ്രമേയവും സഭ അംഗീകരിച്ചു.
പി വി ജീജോ deshabhimani 130213
Labels:
നിയമസഭ,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment