Tuesday, February 12, 2013

കെഎസ്ടിഎ: കെ എന്‍ സുകുമാരന്‍ പ്രസിഡന്റ് എം ഷാജഹാന്‍ സെക്രട്ടറി


മലപ്പുറം: കെ എന്‍ സുകുമാരനെ പ്രസിഡന്റായും എം ഷാജഹാനെ ജനറല്‍ സെക്രട്ടറിയായും കെഎസ്ടിഎ സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. എ കെ ഉണ്ണികൃഷ്ണനാണ് ട്രഷറര്‍. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ സ്വദേശിയായ എം ഷാജഹാന്‍, തൈക്കാട് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനാണ്. രണ്ടുവര്‍ഷമായി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്. കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് മൂന്ന് മാസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. എട്ട് വര്‍ഷം കേരള സര്‍വകലാശാല സെനറ്റ് അംഗമായിരുന്നു. ദേശീയ അധ്യാപക പ്രസ്ഥാനമായ എസ്ടിഎഫ്ഐയുടെ ജോയിന്റ് ജനറല്‍ സെക്രട്ടറിയും സര്‍ക്കാര്‍ ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷനായ എഐഎസ്ജിഇഎഫിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാണ്. എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു.

പാലക്കാട് പുതുക്കോട് സ്വദേശിയായ കെ എന്‍ സുകുമാരന്‍ കണക്കന്നൂര്‍ എഎല്‍പി സ്കൂളിലെ പ്രധാനാധ്യാപകനാണ്. നാല് വര്‍ഷക്കാലമായി കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റാണ്. എസ്ടി എഫ്ഐയുടെ ദേശീയ വൈസ് പ്രസിഡന്റും എഐഎസ്ജിഇഎഫിന്റെ ദേശീയ വൈസ് പ്രസിഡന്റുമാണ്. കോഴിക്കോട് മുക്കം സ്വദേശിയായ എ കെ ഉണ്ണികൃഷ്ണന്‍ ഈസ്റ്റ് നടക്കാവ് ഗവ. യു പി സ്കൂളിലെ പ്രധാനാധ്യാപകനാണ്. നിലവില്‍ സംസ്ഥാന ട്രഷററായി പ്രവര്‍ത്തിക്കുന്നു.

മറ്റ് ഭാരവാഹികള്‍ എന്‍ ബാലകൃഷ്ണന്‍-കണ്ണൂര്‍, ഡി വിമല-കൊല്ലം, കെ ജെ ഹരികുമാര്‍-പത്തനംതിട്ട (വൈസ് പ്രസിഡന്റ്), പി പരമേശ്വരന്‍- മലപ്പുറം, പി ഡി ശ്രീദേവി-കാസര്‍കോട്, ടി തിലകരാജ്-ആലപ്പുഴ (സെക്രട്ടറി). 29 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 81 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

എക്സിക്യുട്ടീവ് അംഗങ്ങള്‍ കെ വി ഗോവിന്ദന്‍ (കാസര്‍കോട്), കെ സി ഹരികൃഷ്ണന്‍, എ കെ ബീന (കണ്ണൂര്‍), എം മുരളീധരന്‍ (വയനാട്), പി രജനി, പി കെ സതീശ് (കോഴിക്കോട്), ബി സുരേഷ്, കെ ബദറുന്നീസ (മലപ്പുറം), കെ സി അലി ഇക്ബാല്‍, പി വേണുഗോപാലന്‍ (പാലക്കാട്), ടി വി മദനമോഹനന്‍ (തൃശൂര്‍), പി എന്‍ സജീവന്‍ (എറണാകുളം), പി കെ സുധാകരന്‍, എം എന്‍ പുഷ്പലത (ഇടുക്കി), ജി മോഹനചന്ദ്രന്‍ (പത്തനംതിട്ട), എസ് ശുഭഭ (ആലപ്പുഴ), എസ് അജയകുമാര്‍ (കൊല്ലം), എസ് ശ്രീകുമാര്‍, കെ പി സന്തോഷ്കുമാര്‍ (തിരുവനന്തപുരം).

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: കെഎസ്ടിഎ

മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് 20, 21 തീയതികളില്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ കെഎസ്ടിഎ സംസ്ഥാന സമ്മേളനം ആഹ്വാനംചെയ്തു.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പോരാട്ട ചരിത്രത്തിലെ ഉജ്വല പ്രക്ഷോഭമായി പണിമുടക്ക് മാറും. രാജ്യത്തെ സാധാരണ ജനങ്ങളും തൊഴിലാളികളും നേരിടുന്ന ജീവല്‍ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ലോകത്താകമാനം ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും പണിമുടക്കുകളും ആളിപ്പടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ തൊഴിലാളിവര്‍ഗം ദ്വിദിന പണിമുടക്ക് നടത്തുന്നത്. കാലഘട്ടവും ചരിത്രവും തൊഴിലാളിവര്‍ഗത്തോട് അതിന്റെ കടമ നിര്‍വഹിക്കാന്‍ ആവശ്യപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ അധ്യാപകരോടും സമ്മേളനം അഭ്യര്‍ഥിച്ചു. ചെറുകിട വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. ഇന്ത്യന്‍ കമ്പോളത്തെ നിയന്ത്രിക്കാനുള്ള അധികാരവും അവകാശവും കോര്‍പറേറ്റുകളില്‍ എത്തിപ്പെടുന്നതോടെ നാടിന്റെ സ്വാതന്ത്ര്യവും പരമാധികാരവും നഷ്ടമാവും. കേരളത്തില്‍ എഫ്ഡിഐ പാടില്ല എന്ന നിലപാട് പ്രഖ്യാപിക്കുന്ന യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ഈ നിയമം നടപ്പാക്കാന്‍ വോട്ടുചെയ്തത് വിരോധാഭാസമാണ്. നീതിന്യായ വ്യവസ്ഥയെയും ഇരയേയും ഒരുപോലെ അധിക്ഷേപിച്ച ജസ്റ്റിസ് ആര്‍ ബസന്തിനെതിരെ ക്രിമിനല്‍ കേസെടുത്ത് വിചാരണചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സുപ്രീം കോടതിയിലെ അഭിഭാഷക പാനലില്‍നിന്ന് സര്‍ക്കാര്‍ അദ്ദേഹത്തെ ഒഴിവാക്കണം. പെണ്‍കുട്ടി കഴിഞ്ഞ 17 വര്‍ഷം അനുഭവിക്കുന്ന വ്യഥയും അപമാനവും കാണാതെ, വേട്ടനായ്ക്കള്‍ക്കുവേണ്ടി വാദിക്കുന്ന ജസ്റ്റിസ് ആര്‍ ബസന്തിന്റെ വാക്കുകള്‍ മനുഷ്യന്റെ സാമാന്യനീതിബോധത്തെപ്പോലും പരിഹസിക്കുന്നതാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

deshabhimani

No comments:

Post a Comment