സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെ രക്ഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി ആസിഫലിയുടെ റിപ്പോര്‍ട്ട്. നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണനും മറ്റ് യുഡിഎഫ് നേതാക്കളും കുര്യന് അനുകൂലമായി ഉയര്‍ത്തിയ അതേ വാദങ്ങളാണ് കെപിസിസി എക്സിക്യൂട്ടീവ് അംഗവും കെപിസിസി നിയമോപദേശക സമിതി കണ്‍വീനറുംകൂടിയായ ആസിഫലി തന്റെ റിപ്പോര്‍ട്ടില്‍ അതേപടി ആവര്‍ത്തിച്ചത്.
സുപ്രീംകോടതി അന്തിമമായി തീര്‍പ്പുകല്‍പ്പിച്ച കേസ് വീണ്ടും അന്വേഷിക്കുന്നത് നിയമപരമല്ലെന്ന വിചിത്രവാദമാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായുമുള്ളത്. കേസ് പുനര്‍വിചാരണ നടത്താന്‍ സുപ്രീംകോടതിതന്നെ ഉത്തരവിട്ട സാഹചര്യത്തില്‍ ഒരു സാംഗത്യവുമില്ലാത്തതാണ് ആസിഫലിയുടെ ഈ "ഈ നിയമോപദേശം". തുടരന്വേഷണത്തിന് പുതിയ തെളിവില്ലെന്നും ആസിഫലിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 17 വര്‍ഷംമുമ്പ് നടന്നതില്‍ കൂടുതലായി ഒന്നുമില്ല. പെണ്‍കുട്ടി പഴയ പരാതി ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. അന്ന് അന്വേഷിച്ച ക്രൈംബ്രാഞ്ച് തെളിവില്ലെന്ന് കണ്ടെത്തിയതാണ്. പിന്നീട് പുതിയ തെളിവുകളോ വെളിപ്പെടുത്തലുകളോ ഇല്ലെന്നും ആസിഫലി വാദിക്കുന്നു.
പി ജെ കുര്യനെതിരെ വീണ്ടും പരാതി ഉയര്‍ന്നപ്പോള്‍ രക്ഷിക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ഉന്നതര്‍ നടത്തിയ ഗൂഢാലോചനയാണ് ഇതോടെ മറനീക്കി പുറത്തുവന്നത്. അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയെക്കൊണ്ട് കുര്യന് അനുകൂലമായി റിപ്പോര്‍ട്ട് തട്ടിക്കൂട്ടാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. സൂര്യനെല്ലി കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് ദണ്ഡപാണിയെന്ന കാര്യം പ്രതിപക്ഷം തുറന്നു കാട്ടിയപ്പോഴാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സില്‍നിന്ന് നിയമോപദേശം തേടുമെന്ന് പറഞ്ഞത്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായ ഡിജിപിയില്‍നിന്ന് ലഭിക്കുന്ന നിയമോപദേശവും കുര്യന് അനുകൂലമായി മാത്രമായിരിക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിലപാടില്‍ ഉറച്ചുനിന്നു. നിയമസഭയിലടക്കം രണ്ടുപേരും കുര്യനെ ശക്തമായി ന്യായീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. കുര്യനെ ന്യായീകരിക്കാന്‍ ഇവര്‍ ഉയര്‍ത്തിയ അതേ വാദങ്ങള്‍ ഡിജിപി "നിയമോപദേശ"ത്തിലൂടെ സര്‍ക്കാരിന് നല്‍കി.
കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ധര്‍മരാജന്‍, ബിജെപി നേതാവ് രാജന്‍, യുടിയുസി നേതാവ്, കുര്യന്റെ സുഹൃത്ത് ഇടിക്കുളയുടെ ഭാര്യ അന്നമ്മ തുടങ്ങി ഒട്ടേറെ പേര്‍ നടത്തിയ വെളിപ്പെടുത്തലുകളെല്ലാം ആസിഫലി കണ്ടില്ലെന്ന് നടിച്ചു. ബലാത്സംഗ കേസില്‍ ഇരയുടെ മൊഴിക്കുമേല്‍ വേറെ തെളിവ് അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയടക്കം നിരവധി തവണ വ്യക്തമാക്കിയതാണ്. കേസ് പുനര്‍വിചാരണചെയ്യണമെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കെയാണ്, ഇക്കാര്യത്തിലുണ്ടായ പുതിയ വെളിപ്പെടുത്തലുകളെ സര്‍ക്കാരും ഡിജിപിയും കണ്ടില്ലെന്ന് നടിക്കുന്നത്. സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ച ജയകൃഷ്ണന്‍ വധക്കേസിലും അഞ്ചേരി ബേബി വധക്കേസിലും പുനര്‍ അന്വേഷണം ആകാമെന്ന് നിയമോപദേശം നല്‍കിയ ഇതേ ഡിജിപിയാണ്, കുര്യന്റെ കാര്യമെത്തിയപ്പോള്‍ വ്യാജ ഉപദേശം നല്‍കിയത്.
കുര്യന്‍ രാജിവെക്കണമെന്ന് ബിജെപിയും
ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ പി ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കുര്യനെതിരെ പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്ന സഹാചര്യത്തില്‍ കുര്യന്‍ സ്ഥാനമൊഴിയണമെന്ന് ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തി ചൊവ്വാഴ്ചയാണ് ബിജെപി നേതൃത്വം നിലപാടറിയിച്ചത്. കുര്യനെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ ധാര്‍മ്മികവശം പരിഗണിച്ച് സ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യശപ്പെട്ടത്. ഇതോടെ കുര്യന്‍ രാജിവെക്കണമെന്ന സംസ്ഥാനനേതൃത്വത്തിന്റെ ആവശ്യത്തിന് കേന്ദ്രനേതൃത്വം വഴങ്ങി. കഴിഞ്ഞയാഴ്ച സംസ്ഥാന നേതൃത്വം ഇക്കാര്യം സൂചിപ്പിച്ച് കത്തയച്ചിരുന്നു. പാര്‍ലമെന്റില്‍ കുര്യനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നേക്കും.
കുര്യന്‍ ഉപരാഷ്ട്രപതിക്കും സോണിയക്കും കത്തയച്ചു
കൊച്ചി: പി ജെ കുര്യന്‍ ഉപരാഷ്ട്രപതിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും കത്തയച്ചു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് കത്തില്‍ സൂചിപ്പിച്ചു. സിപിഐ എം സ്ഥാനാര്‍ഥിയെ അഞ്ചു തവണ തോല്‍പ്പിച്ചതിനെറ വൈരാഗ്യത്താലാണ് തനിക്കെതിരെ ആരോപണം ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
deshabhimani
No comments:
Post a Comment