പി ജെ കുര്യന്‍ തന്നെ പീഡിപ്പിച്ചതായി പീരുമേട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഇന്നും ഉറച്ചുനില്‍ക്കുന്നുവെന്ന് സൂര്യനെല്ലി കേസിലെ ഇര.
കേസില്‍ നിന്ന് ഒരാള്‍പോലും രക്ഷപ്പെടരുതെന്നാണ് ആഗ്രഹമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും പറഞ്ഞു. കേസ് അതിവേഗം പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ച പശ്ചാത്തലത്തില്‍ പി ജെ കുര്യനെതിരെ നിയമനടപടിക്ക് സാധ്യത ആരാഞ്ഞ് പെണ്‍കുട്ടി തന്റെ അഭിഭാഷകര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഹൈക്കോടതിവിധി റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വരുന്നതിന് രണ്ടുദിവസം മുന്‍പാണ് പെണ്‍കുട്ടി തനിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് കത്തയച്ചത്.
സുപ്രീംകോടതിയില്‍ കേസ് വരുമ്പോള്‍ തങ്ങളുടെ ഈ ആവശ്യവും പരിഗണിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്നാണ് കത്തിലൂടെ ആരാഞ്ഞതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ പി ജെ കുര്യന്‍ ഉണ്ടായിരുന്നുവെന്ന് മകള്‍ക്ക് രക്ഷിതാക്കളോട് കള്ളംപറയേണ്ട കാര്യമില്ല. പത്രത്തില്‍ കുര്യന്റെ ഫോട്ടോ കണ്ടാണ് മകള്‍ തിരിച്ചറിഞ്ഞത്. ഈ വിവരം അന്ന് അധികാരികളോട് പറഞ്ഞെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. കുര്യന്‍ പ്രതിസ്ഥാനത്താകാതെ രക്ഷപ്പെടുന്ന സാഹചര്യവുമുണ്ടായി. തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ മകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാട്ടിക്കൊടുത്തത്. എന്നാല്‍, കുര്യനെ തിരിച്ചറിയല്‍പരേഡില്‍ നിന്ന് ഒഴിവാക്കി. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലം കണ്ടില്ല.
""ഞങ്ങളല്ല പരാതിക്കാര്‍, മകളാണ്. അവള്‍ അന്നും ഇന്നും ഉറപ്പിച്ചുപറയുന്നു. കുര്യന്‍ കുമളിയിലെ പഞ്ചായത്ത് ഗസ്റ്റ് ഹൗസില്‍വച്ച് തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന്. ഇത് ഞങ്ങള്‍ക്ക് അവിശ്വസിക്കേണ്ട കാര്യമില്ല. ഇന്നും കുര്യന്റെ മുഖം ടി വിയില്‍ കണ്ടാല്‍ മകള്‍ക്ക് അസ്വസ്ഥതയാണ്. ആ നിമിഷം ടി വി ഓഫ് ചെയ്യും. പി ജെ കുര്യനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാകാത്തതു കൊണ്ടാണ് ഞങ്ങള്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. ഇന്നും ഉയര്‍ന്ന സ്ഥാനത്താണ് കുര്യന്‍. എന്നാല്‍, കുറ്റംചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും ഞങ്ങള്‍ക്ക് നീതി ലഭിക്കുമെന്നുമാണ് വിശ്വാസം. ഒരു പ്രതിപോലും രക്ഷപ്പെടരുതെന്ന ദൃഢനിശ്ചയത്തോടെയാണ് പെണ്‍കുട്ടി ഇന്നും ജീവിക്കുന്നത്."" അച്ഛനും അമ്മയും വ്യക്തമാക്കി.
ഇക്കാര്യങ്ങളാണ് അഭിഭാഷകര്‍ക്കുള്ള കത്തിലും ചൂണ്ടിക്കാണിച്ചത്. ""എനിക്ക് മരിക്കാന്‍ ഭയമാണ്. ജീവിച്ചേ പറ്റൂ. എന്റെ അവസ്ഥ മനസ്സിലാക്കിയിരുന്നെങ്കില്‍ ഹൈക്കോടതി മറിച്ചൊരു പരാമര്‍ശം നടത്തില്ലായിരുന്നു."" പെണ്‍കുട്ടി പറഞ്ഞു. ആദ്യം മുതല്‍ക്കേ ഈ കേസില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയസ്വാധീനമുണ്ട്. പെണ്‍കുട്ടിയെ പണാപഹരണക്കേസില്‍ കുടുക്കിയതില്‍ പ്രതികളുടെ പ്രലോഭനവുമുണ്ടെന്ന് വിശ്വസിക്കുന്നു. പണത്തിനു വേണ്ടി എന്തും ചെയ്യുന്നവളെന്ന് മുദ്രകുത്തുകയായിരുന്നു ലക്ഷ്യം. കേസ് സുപ്രീംകോടതി പരിഗണിക്കും മുന്‍പായിരുന്നു ഇതെന്നതും പ്രസക്തമാണെന്നും മാതാപിതാക്കള്‍ പറഞ്ഞു.
deshabhimani 020213
No comments:
Post a Comment