Friday, February 1, 2013

വിലക്കയറ്റം, വൈദ്യുതി, കെഎസ്ആര്‍ടിസി തഥൈവ


സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ വിലക്കയറ്റം തടയാനും അടിസ്ഥാനസൗകര്യ വികസനത്തിനും കാര്യമായ പരിപാടികളില്ലാതെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെയും ഭൂസംരക്ഷണ സമരത്തെയും രൂക്ഷമായി വിമര്‍ശിച്ച ഗവര്‍ണറുടേത് പൂര്‍ണ രാഷ്ട്രീയ പ്രസംഗമായിരുന്നു. സ്മാര്‍ട് സിറ്റി, മെട്രോ റെയില്‍, മോണോ റെയില്‍, വിഴിഞ്ഞം തുറമുഖം എന്നിവ ആവര്‍ത്തിച്ചു. നയപ്രഖ്യാപന പ്രസംഗത്തോടെ 13-ാം നിയമസഭയുടെ ഏഴാം സമ്മേളനം തുടങ്ങി.

ഒരു ലക്ഷം ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി ആഗസ്ത് 15നുള്ളില്‍ നല്‍കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഭൂസംരക്ഷണ സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥയിലുള്ളതാണിത്. കന്നുകാലിസംഖ്യ വര്‍ധിപ്പിക്കാനുള്ള "ഗോവര്‍ധനി" പദ്ധതിയും ആട് വികസന ബോര്‍ഡ് രൂപീകരണവും പ്രഖ്യാപനത്തിലുണ്ട്. എല്ലാ പഞ്ചായത്തിലും മാവേലി സ്റ്റോര്‍ തുറക്കും. വിലക്കയറ്റം തടയാന്‍ മറ്റു നിര്‍ദേശങ്ങളില്ല. ജലവൈദ്യുത ഉല്‍പ്പാദനശേഷിയില്‍ 140 മെഗാവാട്ട് വര്‍ധിപ്പിക്കുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചെങ്കിലും വിശദാംശങ്ങളില്ല. കുഴല്‍മന്ദത്ത് അനര്‍ട്ട് മുഖേന രണ്ട് മെഗാവാട്ടിന്റെ സൗരോര്‍ജ പവര്‍ സ്റ്റേഷന്‍, ഒരു ലക്ഷം സൗരോര്‍ജ റാന്തലുകളുടെ വിതരണം, പതിനായിരം സൗരോര്‍ജ തെരുവുവിളക്കുകളുടെ വിതരണം എന്നിവയാണ് മറ്റു സംരംഭങ്ങള്‍. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനും കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുമുള്ള ഒരു നിര്‍ദേശവും ഗവര്‍ണര്‍ മുന്നോട്ടുവച്ചില്ല. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രത്യേക പദ്ധതികളില്ല. എന്നാല്‍, തൊഴില്‍രഹിതര്‍ക്ക് പരിശീലനം നല്‍കും. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ പ്രത്യേക കോടതി സ്ഥാപിക്കും. കോളേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ കമ്യൂണിറ്റി കോളേജ് തുടങ്ങും. ആറായിരം മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കും. മാലിന്യസംസ്കരണത്തിന് സമഗ്രപദ്ധതി നടപ്പാക്കും. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എന്നിവിടങ്ങളില്‍ പിപിപി സമ്പ്രദായത്തിലുള്ള ആധുനിക പ്ലാന്റ് സ്ഥാപിക്കും. എമര്‍ജിങ് കേരള ഫലം കണ്ടുവെന്ന് ഗവര്‍ണര്‍ അവകാശപ്പെട്ടു.

സ്മാര്‍ട്ട്സിറ്റിയുടെ ആദ്യഘട്ടം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. നാളികേര ബയോപാര്‍ക്കും റൈസ് പാര്‍ക്കും സ്ഥാപിക്കും. കൃഷിഭവന്‍ വഴി നാളികേര സംഭരണം ആരംഭിക്കും. 2013-14ല്‍ ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കും. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് ഡോ. വര്‍ഗീസ് കുര്യന്‍ സ്മാരക അവാര്‍ഡ് ഏര്‍പ്പെടുത്തും. ന്യൂനപക്ഷ സമുദായക്കാര്‍ക്കു സിവില്‍ സര്‍വീസ് അക്കാദമി സ്ഥാപിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ തുടങ്ങും. ജില്ലാ ആശുപത്രികളില്‍ തൊഴിലാളികളുടെ ബ്ലോക്ക് തുടങ്ങും. പത്ത് ജില്ലാ ആശുപത്രികളില്‍ ട്രോമാ കെയര്‍ സെന്റര്‍ വിപുലീകരിക്കും. എട്ടു ജില്ലകളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ ആശുപത്രികളും ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ ഡന്റല്‍ കോളേജും അടുത്ത വര്‍ഷം ആരംഭിക്കും.

ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി അടുത്ത വര്‍ഷം പരിഷ്കരിക്കും. എംഎല്‍എ ഹോസ്റ്റലിലെ പമ്പാ ബ്ലോക്കിലെ പഴയ കെട്ടിടത്തിനു പകരം ഫ്ളാറ്റുകള്‍ നിര്‍മിക്കും. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ കംപ്യൂട്ടര്‍വല്‍കൃത വാഹന പരിശോധനാ സ്റ്റേഷനും ഡ്രൈവര്‍ ടെസ്റ്റിങ് യാഡും സ്ഥാപിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

deshabhimani 020213

No comments:

Post a Comment