തിരൂരങ്ങാടി: ഫസല്‍ പൂക്കോയതങ്ങളെ പോലുള്ള പോരാളികളുടെ ചരിത്രം സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കുരുത്തേകുമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ചെമ്മാട്ട് സംഘടിപ്പിച്ച സെമിനാര്‍. "സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ മലപ്പുറം പാരമ്പര്യം" വിഷയത്തില്‍ ഫസല്‍ തങ്ങള്‍ അനുസ്മരണവും സെമിനാറുമാണ് ശ്രദ്ധേയമായത്. മതവിശ്വാസത്തിനകത്തുനിന്നുകൊണ്ടുതന്നെ സാമ്രാജ്യത്വ പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കിയ ഫസല്‍ പൂക്കോയതങ്ങളുടെ ജീവിത പന്ഥാവിലൂടെയുള്ള സമഗ്രമായ യാത്രയായി മാറി സെമിനാര്‍. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഫസല്‍ പൂക്കോയതങ്ങള്‍ നല്‍കിയ സംഭാവനകള്‍ സവിസ്താരം വിലയിരുത്തി.
സാമ്രാജ്യത്വവിരുദ്ധ മനോഭാവം വച്ചുപുലര്‍ത്തുന്ന മലപ്പുറത്തിന്റെ മനസ്സ് മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോയെന്ന സംശയം ബലപ്പെടുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഡോ. കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. അധികാരികളാരുമറിയാതെ ബ്രിട്ടീഷുകാരുടെ ശവക്കല്ലറകള്‍ നവീകരിച്ചത് ഇതിന്റെ ഭാഗമാണെന്ന് സംശയിക്കണം. സാംസ്കാരിക സാമ്രാജ്യത്വ അധിനിവേശത്തിന്റെ മുഖമാണിതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യധാരാപത്രങ്ങള്‍ തമസ്കരിച്ച മലബാര്‍ കലാപത്തിന്റെ സാമ്രാജ്യത്വവിരുദ്ധ മനോഭാവം കൃത്യമായി അടയാളപ്പെടുത്തിയത് കമ്യൂണിസ്റ്റ് നേതാക്കളും സോഷ്യലിസ്റ്റുകളുമാണെന്ന് "സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളും മാധ്യമങ്ങളും" എന്ന വിഷയം അവതരിപ്പിച്ച ഡോ. പി പി അബ്ദുല്‍റസാഖ് പറഞ്ഞു. മലബാര്‍ കലാപത്തില്‍ പങ്കെടുത്ത നേതാക്കളെ അവഹേളിക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ ചരിത്രമാണ് മനോരമക്കുള്ളത്. എന്താണ് മലബാര്‍ കലാപമെന്ന് കൃത്യമായി പറഞ്ഞ കമ്പളത്ത് ഗോവിന്ദന്‍നായരുടെയും പി ഭാസ്കരന്റെയും പാട്ടുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കണ്ടുകെട്ടലിന് വിധേയമായ പത്രമാണ് "ദേശാഭിമാനി"യെന്നും അദ്ദേഹം പറഞ്ഞു.
സാമ്രാജ്യത്വത്തിനെതിരെ വ്യത്യസ്ത ആശയക്കാരായവര്‍ക്കുപോലും ഒന്നിച്ചുനില്‍ക്കാനാകുമെന്നുള്ള യാഥാര്‍ഥ്യം ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും കേരളത്തിലും ഇത്തരമൊരു പൊതുവേദിയുണ്ടാക്കാന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നും ഡോ. കെ കെ അബ്ദുള്‍സത്താര്‍ പറഞ്ഞു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളും ഫസല്‍ തങ്ങളും എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസത്തിലൂന്നിനിന്നുകൊണ്ട് പാവങ്ങള്‍ക്ക്വേണ്ടി സമരം പ്രഖ്യാപിച്ചതാണ് ഫസല്‍ തങ്ങളെ മഹാനാക്കിയതെന്ന് ജഹ്ഫര്‍ അസ്ഹരി കയ്പമംഗലം പറഞ്ഞു. ഏത് മതത്തിനും ജാതിക്കും വിശ്വാസപ്രമാണങ്ങള്‍ക്കും അടിസ്ഥാനം ജീവിതമാണെന്നും ജീവിതമില്ലാതെ വിശ്വാസമുള്‍പ്പെടെയുള്ള ഒന്നിനും നിലനില്‍പ്പില്ലെന്നും "മലബാര്‍ കലാപം ആഹ്വാനവും താക്കീതും" എന്ന വിഷയം അവതരിപ്പിച്ച് ഡോ. കെ എന്‍ ഗണേശ് പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി, ഡോ. ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ ഉമ്മര്‍മാസ്റ്റര്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി ശശികുമാര്‍, വേലായുധന്‍ വള്ളിക്കുന്ന്, ഇ എന്‍ മോഹന്‍ദാസ്, ഏരിയാ സെക്രട്ടറിമാര്‍, ജില്ലാകമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ ഹംസ സ്വാഗതവും പ്രൊഫ. പി മമ്മദ് നന്ദിയും പറഞ്ഞു.
deshabhimani 140213
No comments:
Post a Comment