Friday, February 15, 2013
കശ്മീരിന്റെ ഒറ്റപ്പെടല്‍ വികാരം തീവ്രമാകും: സിപിഐ എം
കേന്ദ്രസര്‍ക്കാര്‍ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത് ജമ്മു കശ്മീര്‍ ജനതയുടെ ഒറ്റപ്പെടല്‍വികാരവും വിഘടനവാദവും ശക്തിപ്പെടുത്തുമെന്ന് സിപിഐ എം. ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ അഫ്സല്‍ ഗുരുവിനെ പ്രത്യേകം തെരഞ്ഞെടുത്ത് കൊന്നതില്‍ രാഷ്ട്രീയകാരണങ്ങളുള്ളതായി പാര്‍ടി മുഖപത്രമായ "പീപ്പിള്‍സ് ഡെമോക്രസി"യുടെ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ദയാഹര്‍ജി തള്ളിയശേഷം കുടുംബാംഗങ്ങളെ അറിയിക്കാതെ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. അപ്പീല്‍ നല്‍കാനുള്ള കുടുംബത്തിന്റെ അവകാശം ഇതുവഴി ലംഘിക്കപ്പെട്ടു. കോടതിയെ സമീപിക്കാതിരിക്കാന്‍വേണ്ടിയാണ് ധൃതിയില്‍ ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തരമന്ത്രി സമ്മതിച്ചിരിക്കുന്നു. അഫ്സല്‍ ഗുരുവിനെ വധിക്കണമെന്ന ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും മുറവിളി അനുസരിക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. വധശിക്ഷയെ സങ്കുചിത ദേശീയവികാരവുമായി ബന്ധിപ്പിക്കുന്ന ബിജെപിയുടെയും കോര്‍പറേറ്റ് മാധ്യമങ്ങളുടെയും സമീപനം അപലപനീയമാണ്. വധശിക്ഷ ഒഴിവാക്കണമെന്നത് ശക്തവും പ്രസക്തവുമായ ഒരു കാര്യമാണ്. ഇതിനെക്കുറിച്ചുള്ള നിലപാട് പുനഃപരിശോധിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കയാണ് സിപിഐ എം.
ഭീകരവാദ കേസുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റുള്ളവരെ മാറ്റിനിര്‍ത്തിയാണ് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. ഭീകരവാദ കേസില്‍പ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ദയാഹര്‍ജി തള്ളുകയും ചെയ്ത ദേവേന്ദര്‍പാല്‍ സിങ്ഭുള്ളര്‍ ഉദാഹരണം. പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബല്‍വന്ത്സിങ് രജോണയുടെ കാര്യത്തിലും ഇതേ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. രാജീവ്ഗാന്ധി വധക്കേസില്‍ മൂന്നുപേരുടെ വധശിക്ഷ സുപ്രീകോടതി അംഗീകരിച്ചിരുന്നു. ഇവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളുകയും ചെയ്തു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ഇവര്‍ സ്റ്റേ വാങ്ങി. എന്നാല്‍, അഫ്സല്‍ ഗുരുവിന്റെ കാര്യത്തില്‍ മറ്റൊരു സമീപനമാണ് സ്വീകരിച്ചത്. രാജീവ്ഗാന്ധി വധക്കേസിലെ മൂന്ന് പേരുടെ വധശിക്ഷയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. ബിയാന്ത്സിങ് കേസിലും വധശിക്ഷ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. രജോണയെ വധിക്കുന്നതിനെതിരെ പഞ്ചാബില്‍ ബന്ദ് ആചരിക്കുകയുണ്ടായി. ഇതിനുശേഷമാണ് കേന്ദ്രസര്‍ക്കാര്‍ വധശിക്ഷ സ്റ്റേ ചെയ്തത്. കോടതി വിധികള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന രാഷ്ട്രീയപരിഗണന ഇതില്‍നിന്ന് വ്യക്തമാണ്. അഫ്സല്‍ ഗുരുവിനെ രാഷ്ട്രീയപരിഗണനയോടെ തെരഞ്ഞെടുത്ത് വധിച്ചതാണെന്ന് കശ്മീര്‍ ജനത കരുതിയാല്‍ തെറ്റില്ല. വധശിക്ഷ നടപ്പാക്കിയ രീതി കശ്മീരിനോടുള്ള വിവേചനമാണ് കാണിക്കുന്നത്. കശ്മീരിന്റെ കാര്യത്തില്‍ രാഷ്ട്രീയപരിഹാരമുണ്ടാക്കാന്‍ ഫലപ്രദമായ നടപടി യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചില്ല. അഫ്സല്‍ ഗുരുവിന്റെ വധം വിഘടനവാദം ഊര്‍ജിതമാക്കുകയും അവരുടെ ഒറ്റപ്പെടല്‍ വികാരത്തിന് ഇന്ധനം പകരുകയും ചെയ്യും. ഭീകരവാദത്തിനെതിരെയുള്ള ബിജെപിയുടെ ശബ്ദകോലാഹലം അവരുടെ സങ്കുചിത രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.
deshabhimani 140213
Labels:
കശ്മീര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment