Thursday, February 14, 2013
നിയന്ത്രണം ജനങ്ങള്‍ക്ക്; മന്ത്രിമാരുടെ പ്രതിമാസ വൈദ്യുതിബില്‍ അരലക്ഷം വരെ
സംസ്ഥാനം രൂക്ഷമായ വൈദ്യുതിപ്രതിസന്ധിയിലായിരിക്കുമ്പോഴും മുഖ്യമന്ത്രിയുടെ വീട്ടിലെ പ്രതിമാസ വൈദ്യുതിബില്‍ 30,000 മുതല്‍ 40,000 രൂപവരെ. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം മുഖ്യമന്ത്രിക്കാണെങ്കിലും ഇതര മന്ത്രിമാരും മോശക്കാരല്ല. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി വിപുലമായ പ്രചാരണങ്ങളിലൂടെ ജനങ്ങളെയാകെ നിര്‍ബന്ധിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധികളാണ് ഇത്തരത്തില്‍ ധൂര്‍ത്തു നടത്തുന്നത്. വിവരാവകാശ പ്രവര്‍ത്തകനും ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ഡി ബി ബിനുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള ചില മന്ത്രിമാരുടെ വിവരങ്ങള്‍ നല്‍കാനും അധികൃതര്‍ തയ്യാറായില്ല. രണ്ട് ഉപഭോക്തൃ നമ്പറുള്ള മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെ ജനുവരിയിലെ വൈദ്യുതി ബില്‍ 27,877 രൂപയാണ്. ഒക്ടോബറില്‍ ഇത് 41,941 രൂപയും സെപ്തംബറില്‍ 36,403 രൂപയുമായിരുന്നു. ജനുവരിവരെയുള്ള ആറുമാസത്തെ രേഖകളാണ് ലഭ്യമായത്. ഇതില്‍ ഏറ്റവും കുറച്ച് വൈദ്യുതി ഉപയോഗിച്ചത് ഡിസംബറിലാണ്. 19,656 രൂപ. ചില മാസം മുഖ്യമന്ത്രിയെയും കടത്തിവെട്ടുന്ന പ്രകടനമാണ് ഇക്കാര്യത്തില്‍ ധനമന്ത്രി കെ എം മാണിയുടേത്. കഴിഞ്ഞ ആഗസ്തില്‍ മാത്രം മാണിയുടെ വസതിയായ പ്രശാന്തിലെ ബില്‍ തുക 51,925 രൂപയാണ്. കഴിഞ്ഞ ജനുവരിയിലെ ബില്ലാകട്ടെ 27,545 രൂപയും. ചെറിയ പാര്‍ടിയുടെ പ്രതിനിധിയാണെങ്കിലും യുവമന്ത്രി അനൂപ് ജേക്കബ് വൈദ്യുതിബില്ലില്‍ മുന്നിലാണ്. അനൂപിന്റെ ഔദ്യോഗിക വസതിയായ നെസ്റ്റിലെ ജനുവരിയിലെ വൈദ്യുതി ബില്‍ 25,461 രൂപയാണ്.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വസതിയായ അശോകയിലെ ജനുവരിയിലെ ബില്‍തുക 17,743 രൂപയാണ്. ഡിസംബര്‍ ഒഴികെയുള്ള മറ്റു മാസങ്ങളിലും ബില്‍തുക പതിനയ്യായിരവും അതിനു മുകളിലുമാണ്. ഡിസംബറില്‍ 11,981 രൂപയാണ് ഒടുക്കിയത്. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ജനുവരിയില്‍ ഉപയോഗിച്ചത് 13,034 രൂപയുടെ വൈദ്യുതിയാണ്. സെപ്തംബറില്‍ 18,120 രൂപയും ആഗസ്തില്‍ 17,655 രൂപയും. ഡിസംബറിലാണ് കുറവ്. അതുതന്നെ 10,616 രൂപയായി. പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ വസതിയില്‍ ജനുവരിയില്‍ ഉപയോഗിച്ചത് 14,959 രൂപയുടെ വൈദ്യുതിയാണ്. നവംബറില്‍ 10,139 രൂപയും സെപ്തംബറില്‍ 12,209 രൂപയുമായിരുന്നു ബില്‍. മന്ത്രി എം കെ മുനീറിന്റെ വീട്ടിലെ ജനുവരിയിലെ ഉപയോഗം 8816 രൂപയാണ്. ഒക്ടോബറിലെ 12,968 രൂപയാണ് കൂടിയ തുക. ഏറ്റവും കുറച്ച് ഉപയോഗിച്ചത് ഡിസംബറിലാണ്. 8051 രൂപ.
മന്ത്രി പി കെ ജയലക്ഷ്മിയുടെ വസതിയിലെ ജനുവരിയിലെ ബില്‍ 10,117 രൂപയാണ്. 11,485 രൂപ ബില്‍ ഒടുക്കിയ ഡിസംബറിലെയാണ് കൂടിയ ഉപയോഗം. റവന്യുമന്ത്രി അടൂര്‍ പ്രകാശിന്റെ ഉപയോഗം ശരാശരി 8500 രൂപയ്ക്കു മുകളിലാണ്. ജനുവരിയില്‍ 8654 രൂപയാണ്. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദു റബ്ബിന്റെ വീട്ടില്‍ ജനുവരിയില്‍ ഉപയോഗിച്ചത് 6734 രൂപയുടെ വൈദ്യുതിയാണ്. കഴിഞ്ഞ ആഗസ്തില്‍ 10,852 രൂപയും ഒക്ടോബറില്‍ 8446 രൂപയുമായിരുന്നു ബില്‍. 5649 രൂപ ബില്‍ ഒടുക്കിയ സെപ്തംബറിലാണ് കുറഞ്ഞ ഉപയോഗം. എറണാകുളം ജില്ലക്കാരനായ എക്സൈസ് മന്ത്രി കെ ബാബുവിന്റെ ബില്‍ പൊതുവെ കുറവാണ്. ശരാശരി 4000-4500 രൂപയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ കാവേരിയിലെ വൈദ്യുതി ബില്‍. ഡിസംബറില്‍ 4605 രൂപയായിരുന്നു. ജനുവരിയില്‍ 4039 രൂപയും. ഒക്ടോബറിലാണ് ഏറ്റവും കൂടിയ തുക- 5140 രൂപ. വൈദ്യുതി
ഉപയോഗത്തിന്റെ കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ മുടക്കുമ്പോഴാണ് ഇക്കാര്യത്തില്‍ മന്ത്രിമാരുടെ ധൂര്‍ത്ത്. ബോധവല്‍ക്കരണത്തിനുള്ള ദൃശ്യ-ശ്രാവ്യ പരസ്യങ്ങള്‍ക്കായി 2010 മുതല്‍ കഴിഞ്ഞ ജനുവരിവരെ സര്‍ക്കാര്‍ 11 കോടിയിലേറെ രൂപയാണ് ചെലവഴിച്ചത്. ഇത് മന്ത്രിമാരില്‍പോലും ഏശുന്നില്ലെന്നാണ് ഇവരുടെ വൈദ്യുതിബില്‍ വ്യക്തമാക്കുന്നത്.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment