Tuesday, February 5, 2013
ഡീസല്‍വില: കേന്ദ്രം കൈയൊഴിഞ്ഞു
വന്‍കിട ഡീസല്‍ ഉപയോക്താക്കളുടെ പട്ടികയില്‍ നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. കേന്ദ്ര ധനമന്ത്രാലയത്തിന് ഇക്കാര്യം പരിഗണിക്കാനാകില്ലെന്ന് മന്ത്രി പി ചിദംബരം ഗതാഗത-വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ അറിയിച്ചു. വന്‍കിട ഡീസല്‍ ഉപയോക്താക്കളുടെ പട്ടികയില്‍നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും അനുകൂല തീരുമാനം നേടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടിരുന്നു. പെട്രോളിയംമന്ത്രി വീരപ്പ മൊയ്ലി ഉള്‍പ്പെടെയുള്ളവരെ കാണുകയെന്ന ലക്ഷ്യത്തോടെയാണ് ആര്യാടന്‍ ഡല്‍ഹിയില്‍ എത്തിയത്. എന്നാല്‍ ആര്യാടന്‍ എത്തുന്നതിന് മുമ്പുതന്നെ മൊയ്ലി അമേരിക്കയിലേക്ക് പോയതിനാല്‍ കൂടിക്കാഴ്ച നടന്നില്ല. തുടര്‍ന്നാണ് ചിദംബരവുമായി ആര്യാടന്‍ ഫോണില്‍ സംസാരിച്ചത്. തനിക്ക് ഈ വിഷയത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ ചിദംബരം, മൊയ്ലിയുമായി സംസാരിക്കാനും നിര്‍ദേശിച്ചു.
വന്‍കിട ഉപയോക്താക്കള്‍ക്ക് സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്നതിനോട് യോജിപ്പില്ലെന്നും ചിദംബരം വ്യക്തമാക്കി. പ്രതിരോധമന്ത്രി എ കെ ആന്റണിയോടും ആര്യാടന്‍ ആവശ്യം ആവര്‍ത്തിച്ചു. വിഷയത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കണമെന്നും ആന്റണിയോട് ആവശ്യപ്പെട്ടു. കേന്ദ്രം ആവശ്യം നിരാകരിച്ച സാഹചര്യത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്ന് ആര്യാടന്‍ പറഞ്ഞു. ബുധനാഴ്ച തിരുവനന്തപുരത്ത് എണ്ണക്കമ്പനി പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. കൂടിയ വില നല്‍കുന്നതില്‍നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കണമെന്ന ആവശ്യം എണ്ണക്കമ്പനി പ്രതിനിധികള്‍ മുമ്പാകെ വയ്ക്കും - ആര്യാടന്‍ പറഞ്ഞു. കെഎസ്ഇബിയും കടുത്ത പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൊവ്വാഴ്ച ചേരുന്ന വൈദ്യുതി മന്ത്രിമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും- ആര്യാടന്‍ പറഞ്ഞു.
deshabhimani 050213
Labels:
പൊതുഗതാഗതം,
വിലക്കയറ്റം
Subscribe to:
Post Comments (Atom)
No comments:
Post a Comment